ജ്വല്ലറിയിൽ വെള്ളം കയറി; കോടികളുടെ സ്വര്‍ണാഭരണങ്ങള്‍ ഒലിച്ചുപോയി

jwellery-washed
SHARE

ബെംഗളുരു നഗരത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ അപ്രതീക്ഷിത കനത്ത മഴയില്‍ ജ്വല്ലറിയില്‍ വെള്ളം കയറി രണ്ടരകോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ഒലിച്ചുപോയി. മല്ലേശ്വരത്തെ പ്രമുഖ ജ്വല്ലറി ഷോറൂമിനാണു മഴ കനത്ത നഷ്ടമുണ്ടാക്കിയത്. ജ്വല്ലറിക്കകത്തെ  80 ശതമാനം ആഭരണങ്ങളും ഫര്‍ണീച്ചറുകളും ഒലിച്ചുപോയി. അപ്രതീക്ഷിത വെള്ളപ്പാച്ചിലില്‍ ഷട്ടര്‍ പോലും അടക്കാന്‍ കഴിയാത്തതാണു വന്‍നഷ്ടത്തിന് ഇടയാക്കിയത്.

ഇന്‍ഫോസിസ് എന്‍ജിനിയറായ 22കാരിയടക്കം രണ്ടുപേര്‍ മുങ്ങിമരിച്ച ഞായറാഴ്ച വൈകീട്ടത്തെ പെരുംമഴ ബെംഗളുരുവിനുണ്ടാക്കിയ ആഘാതം ചെറുതല്ല. മല്ലേശ്വരം നയണ്‍തു ക്രോസ് റോഡിലെ നിഹാന്‍ ജ്വല്ലറിയിലേക്ക് അപ്രതീക്ഷിത പ്രളയത്തില്‍ വെള്ളം കുത്തിയൊലിച്ചെത്തുന്നതാണ് ഈകാണുന്നത്. കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ കടയില്‍ വെള്ളവും മാലിന്യവും നിറഞ്ഞതോടെ ഉടമയും ജോലിക്കാരും ജീവനും കൊണ്ടോടി. കുത്തിയൊലിച്ചെത്തിയ വെള്ളം ഷോക്കേസുകളില്‍ നിരത്തിവച്ചിരുന്ന ആഭരണങ്ങളടക്കം നക്കിതുടച്ചെടുത്താണ് പോയത്. വെള്ളത്തിന്റെ ശക്തിയില്‍ ഷോറൂമിന്റെ പിറകുവശത്തെ വാതില്‍ തുറന്നതോടെ മുഴുവന്‍ ആഭരണങ്ങളും നഷ്ടമായി. ഫര്‍ണീച്ചറുകളും ഒലിച്ചുപോയി. രണ്ടരകോടി രൂപയുടെ ആഭരണങ്ങള്‍ നഷ്ടമായെന്നാണു പ്രാഥമിക വിലയിരുത്തല്‍. ശനിയാഴ്ച ഒന്നാം വാര്‍ഷികം ആഘോഷികാനായി വന്‍തോതില്‍ സ്വര്‍ണം ജ്വല്ലറിയില്‍ ശേഖരിച്ചിരുന്നു. ഇതും നഷ്ടമായി. സഹായത്തിനായി കോര്‍പ്പറേഷന്‍ അധികൃതരെ ഫോണില്‍ വിളിച്ചിട്ടും ലഭിച്ചില്ലെന്നാണു ഉടമയായ വനിതയുടെ പരാതി. അടുത്തിടെ മേഖലയിലെ അഴുക്കുചാലുകളും ഓടകളും നവീകരിച്ചിരുന്നു. നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് ഇത്രയും വലിയ നഷ്ടത്തിനിടയാക്കിയതെന്നും ജ്വല്ലറി ഉടമ കുറ്റപ്പെടുത്തി.

MORE IN INDIA
SHOW MORE