'പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് രാഷ്ട്രപതിയോടും ഭരണഘടനയോടുമുള്ള അവഹേളനം'

പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് രാഷ്ട്രപതിയോടും ഭരണഘടനയോടുമുള്ള അവഹേളനമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ. ദലിത്, ആദിവാസി വിഭാഗത്തിലുള്ളവർക്ക് പ്രസിഡന്റ്‌ പദവി നൽകിയെന്ന് പറയുന്ന പ്രധാനമന്ത്രിയാണ് ഭരണത്തലവനെ അപമാനിക്കുന്നതെന്നും വിമർശനം. ഈമാസം 28നാണ് പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. 

പുതിയ പാർലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ടതും മന്ദിരത്തിന് മുകളിലെ കൂറ്റൻ അശോകസ്തംഭം അനാച്ഛാദനം ചെയ്തതും പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. നരേന്ദ്രമോദി സർക്കാരിന്റെ ഒൻപതാം വാർഷികത്തിന് രണ്ട് ദിവസങ്ങൾക്ക് മുൻപ്, സവർക്കറുടെ 140 ആം ജന്മദിനത്തിലാണ് പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കുന്നത്. എന്നാൽ രാജ്യത്തെ ഭരണത്തലവൻ എന്ന നിലയിൽ രാഷ്ട്രപതിയെ മാറ്റി നിർത്തിക്കൊണ്ട് പ്രധാനമന്ത്രി പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതിലെ അനൗചിത്യം  ചോദ്യംചെയ്യുകയാണ് സിപിഐ ഉൾപ്പെടെയുള്ള പ്രതിപക്ഷപാർട്ടികൾ 

ലോക്സഭയും രാജ്യസഭയും രാഷ്ട്രപതിയും ചേരുന്നതാണ് ഇന്ത്യൻ പാർലമെന്റ്, ഇതിൽ ലോക്സഭയുടെ കക്ഷിനേതാവാണ് പ്രധാനമന്ത്രി. നരേന്ദ്രമോദിയുടെ പൊങ്ങച്ച പദ്ധതിയാണ് ഉദ്ഘാടന ചടങ്ങെന്ന് കോൺഗ്രസ്‌ നേതാവ് ജയറാം രമേശും വിമർശിച്ചിരുന്നു