ആതിഖ് അഹമ്മദ്: 50 ദിവസം കൊണ്ട് നിലംപൊത്തിയ ക്രിമിനൽ സാമ്രാജ്യം

AtiqcriminalempireN-16
SHARE

ത്തർപ്രദേശിൽ അധോലോകം എന്നൊന്നുണ്ടെങ്കിൽ അതിനെ നാല് പതിറ്റാണ്ട് അടക്കിഭരിച്ചയാളാണ് ശനിയാഴ്ച രാത്രി പ്രയാഗ് രാജിൽ വെടിയേറ്റുവീണ ആതിഖ് അഹമ്മദ്. 62 വയസിനിടെ എണ്ണമറ്റ കുറ്റകൃത്യങ്ങൾ. കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുമടക്കം നൂറിലേറെ ക്രിമിനൽ കേസുകൾ. അഞ്ചുവട്ടം എംഎൽഎ. 2004 മുതൽ 5 വർഷം പാർലമെന്റംഗം. ശതകോടികളുടെ സ്വത്ത്. പ്രയാഗ്​രാജില്‍ മാത്രം 144 പേരടങ്ങിയ ഗൂണ്ടാസംഘം. നിയമത്തെ വെല്ലുവിളിച്ച് 44 വർഷം കൊണ്ട് ആതിഖ് പടുത്തുയർത്തിയ സാമ്രാജ്യം പക്ഷേ വെറും 50 ദിവസം കൊണ്ട് തകര്‍ന്നുവീണു.

"ഞാൻ കെട്ടിപ്പടുത്തതെല്ലാം മണ്ണടിഞ്ഞുകഴിഞ്ഞു. എൻെറ വീട്ടിലെ സ്ത്രീകളെയും കുട്ടികളെയും ഒന്നും ചെയ്യരുത്'...ഗുജറാത്തിൽ നിന്ന് യുപിയിലെത്തിച്ച ശേഷം ജയിലിലേക്ക് കൊണ്ടുപോകുമ്പോൾ ആതിഖ് അഹമ്മദ് പൊലീസ് വാഹനത്തിനുള്ളിൽ നിന്ന് വിളിച്ചുപറഞ്ഞ വാക്കുകളാണിത്. ദിവസങ്ങൾക്കകം ആതിഖിൻെറ 19 വയസുള്ള മകനും സഹായിയും പൊലീസിന്റെ വെടിയേറ്റുമരിച്ചു. ആതിഖും സഹോദരനും ക്യാമറകൾക്കുമുന്നിൽ വെടിയേറ്റുവീണു. രണ്ടുമക്കൾ ജയിലിൽ. ഭാര്യ ഷായിസ്ത ഒളിവിൽ. വിദ്യാർഥികളായ ഏറ്റവും ഇളയ രണ്ടുമക്കൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. യുപിയിൽ ബിജെപിയടക്കം പലരും മാറിമാറി ഭരിച്ചിട്ടും കുലുങ്ങിയിട്ടില്ലാത്ത ആതിഖ് അഹമ്മദിന് എവിടെയാണ് കാലിടറിയത്?

പിഴച്ചതെവിടെ?

44 വർഷം മുൻപാണ് ആതിഖ് അഹമ്മദിനെതിരെ ആദ്യമായി ഒരു ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്തത്. പിന്നീട് നൂറിലേറെ കേസുകൾ. നിയമത്തിന് മുന്നിലെത്താത്ത നൂറുകണക്കിന് കുറ്റകൃത്യങ്ങൾ. എന്നാൽ 2018 വരെ ആതിഖിനെ ഒന്നും ചെയ്യാൻ യുപി ഭരിച്ച സർക്കാരുകൾ മുതിർന്നില്ല. തൊണ്ണൂറുകളുടെ തുടക്കം മുതൽ 2003 വരെ യുപിയിൽ നിലനിന്ന രാഷ്ട്രീയ അസ്ഥിരതയാണ് ആതിഖിന് വളമായത്. സ്വതന്ത്രനായി മൂന്നുവട്ടം അലഹബാദ് വെസ്റ്റിൽ നിന്ന് നിയമസഭയിലേക്ക് ജയിച്ചു. 1996ൽ സമാജ് വാദി പാർട്ടി ടിക്കറ്റിലും 2002ൽ അപ്നാ ദൾ ടിക്കറ്റിലും വിജയം ആവർത്തിച്ചു. 2004ൽ സമാജ് വാദി പാർട്ടി ആതിഖിനെ ഫുൽപൂരിൽ നിന്ന് ലോക്സസഭയിൽ എത്തിച്ചു. ആതിഖ് ഒഴിഞ്ഞ അലഹബാദ് വെസ്റ്റിലെ ഉപതിരഞ്ഞെടുപ്പിൽ സഹോദരൻ അഷ്റഫിനെ മൽസരിപ്പിച്ചു. എന്നാൽ ബി.എസ്.പിയിലെ രാജു പാലിനോട് അഷ്റഫ് തോറ്റു. ഇവിടെയാണ് ആതിഖിൻെറെ പതനത്തിൻെറ ആദ്യ തീപ്പൊരി വീണത്. 2005 ജനുവരിയിൽ റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിൽ പങ്കെടുക്കാൻ പോകുമ്പോൾ രാജു പാലിനെ വെടിവച്ചുകൊന്നു. അഷ്റഫും ആതിഖും മറ്റ് 7 പേരും പ്രതികൾ. ഉപതിരഞ്ഞെടുപ്പിൽ രാജു പാലിൻെറ ഭാര്യ പൂജ പാലിനെ തോൽപ്പിച്ച് അഷ്റഫ് നിയമസഭയിലെത്തി. എല്ലാ നിയമങ്ങളെയും പല്ലിളിച്ചുകാട്ടി ആതിഖും അഷ്റഫും മുന്നോട്ടുപോയി. 

2006 ൽ രാജു പാൽ കേസിലെ സാക്ഷിയായ ഉമേഷ് പാൽ ഒരു പരാതി നൽകി. രാജു പാൽ കൊലക്കേസിൽ മൊഴി മാറ്റാൻ ആതിഖ് അഹമ്മദും സംഘവും തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതി. മൊഴി മാറ്റാൻ അഭിഭാഷകനായ ഉമേഷ് പാൽ തയാറായില്ല. രാഷ്ട്രീയസമ്മർദം ശക്തമായതോടെ ആതിഖ് 2008ൽ കീഴടങ്ങി. സമാജ് വാദി പാർട്ടി മുഖം രക്ഷിക്കാൻ ആതിഖിനെ പുറത്താക്കുകയും ചെയ്തു. വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച ആതിഖിന് 2014ൽ എസ്.പി ശ്രാവസ്തി ലോക് സഭാ സീറ്റ് നൽകി എന്നത് മറ്റൊരു ചരിത്രം.

രാജു പാൽ കൊലപാതകവും ഉമേഷ് പാലിൻെറ പരാതിയും വിസ്മൃതിയിലേക്ക് മറയുമെന്ന് തോന്നിച്ചിരുന്നപ്പോഴാണ് 2017ൽ മറ്റൊരു ആക്രമണക്കേസിൽ ആതിഖ് അഹമ്മദ് ജയിലിലാകുന്നത്. ബിസിനസുകാരനായ മോഹിത് ജയ് സ്വാളിനെ തട്ടിക്കൊണ്ടുപോയി ദിയോറ ജയിലിലെത്തിച്ച് ക്രൂരമായി പീഡിപ്പിക്കുകയും 48 കോടി വില വരുന്ന 4 കമ്പനികളും മറ്റ് സ്വത്തുക്കളും എഴുതിവാങ്ങുകയും ചെയ്തുവെന്നായിരുന്നു കേസ്. ഒരാളെ തട്ടിക്കൊണ്ടുപോയി ജയിലിനുള്ളിലെത്തിച്ച് ബാരക്കിൽ വച്ച് ആക്രമിച്ചു എന്നറിയുമ്പോൾ ആതിഖിനുണ്ടായിരുന്ന സ്വാധീനം എത്രയെന്ന് ഊഹിച്ചെടുക്കണം. ആതിഖിൻെറ മകൻ ഉമറും ജയിൽ ഉദ്യോഗസ്ഥരും കേസിൽ പ്രതികളാണ്. മോഹിത് ജയ് സ്വാളിൻെറ പരാതിയിൽ സുപ്രീംകോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. ആതിഖിനെ യുപി ജയിലിൽ നിന്ന് ഗുജറാത്തിലെ ജയിലിലേക്ക് മാറ്റുകയും ചെയ്തു. 

ഉമേഷ് പാൽ വധം

രാജു പാൽ വധക്കേസ് നിർണായകഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് മുഖ്യസാക്ഷിയായ അഭിഭാഷകൻ ഉമേഷ് പാൽ കൊല്ലപ്പെടുന്നത്. ഫെബ്രുവരി 24ന് പ്രയാഗ് രാജിലെ ധുമാൻഗഞ്ചിലുള്ള വീടിന് മുന്നിൽ വച്ചാണ് ഉമേഷ് പാൽ വെടിയേറ്റ് മരിച്ചത്. ഏഴംഗ സംഘമാണ് പട്ടാപ്പകൽ കൊലപാതം നടത്തിയത്. ഉമേഷിൻെറ ഭാര്യ ജയ പാലിൻെറ പരാതിയിൽ ആതിഖ് അഹമ്മദ്, സഹോദരൻ അഷ്റഫ്, ആതിഖിൻെറ ഭാര്യ ഷായിസ്ത പർവീൺ, മകൻ ആസാദ് അഹമ്മദ്, കൂട്ടാളികളായ ഗുഡ്ഡു മുസ് ലിം, ഗുലാം എന്നിവരടക്കം 17 പേർക്കെതിരെ കേസെടുത്തു. ഇവിടെയാണ് ആതിഖ് സംഘത്തിൻെറ ഏറ്റവും വലിയ തകർച്ചയുടെ ആരംഭം.

ഉമേഷ് പാലിനെ വധിച്ച സംഘം സഞ്ചരിച്ച വാഹനത്തിൻെറ ഡ്രൈവർ അർബാസിനെ ഫെബ്രുവരി 27ന് യുപി പൊലീസ് വെടിവച്ചുകൊന്നു. ഏറ്റുമുട്ടലെന്ന് വിശദീകരണം. ഉമേഷ് പാലിനെ വെടിവച്ച വിജയ് ചൌധരി എന്ന ഉസ്മാൻ ഏഴുദിവസത്തിനുശേഷം കൊല്ലപ്പെട്ടു. പൊലീസ് ഭാഷയിൽ അതും ഏറ്റുമുട്ടൽ. ആതിഖ് അഹമ്മദിൻെറ മകൻ ആസാദ് അഹമ്മദും സംഘത്തിലുണ്ടായിരുന്നുവെന്നാണ് സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി പൊലീസ് അവകാശപ്പെട്ടത്. ഏപ്രിൽ 13 വ്യാഴാഴ്ച ഝാൻസിയിൽ വച്ച് ആസാദും ആതിഖിൻെറ സഹായി ഗുലാമും പൊലീസിൻെറ വെടിയേറ്റുമരിച്ചു. ഉമേഷ് പാലിന് നേരെ ബോംബെറിഞ്ഞ ഗുഡ്ഡു മുസ് ലിം, സബീർ, അർമാൻ എന്നിവർ ഒളിവിലാണ്. ആതിഖ്, ഭാര്യ ഷായിസ്ത, ആതിഖിൻെറ സഹോദരൻ അഷ്റഫ് എന്നിവരും മറ്റ് 8 പേരും കേസിൽ പ്രതികളാണ്. 

ഒടുവിൽ ശനിയാഴ്ച രാത്രി ആതിഖും അഷ്റഫും കൂടി പൊതുമധ്യത്തിൽ വെടിയേറ്റുവീണതോടെ യുപിയിലെ രാഷ്ട്രീയ-ക്രിമിനൽ ബാന്ധവത്തിലെ വലിയൊരു ഏടിന് തിരശീല വീണു. ടെലിവിഷൻ ക്യാമറകൾക്ക് മുന്നിലാണ് ഇരുവരെയും കൊലപ്പെടുത്തിയത്. പ്രതികൾ പൊലീസിന് കീഴടങ്ങി. എല്ലാം തീരുമാനിച്ചുറപ്പിച്ച പോലെ. ഗുജറാത്തിലെ ജയിലിൽ നിന്ന് ആതിഖ് അഹമ്മദിനെ റോഡുമാർഗം യുപിയിലേക്ക് കൊണ്ടുപോകും വഴി പലരും ഇത്തരമൊന്ന് പ്രതീക്ഷിച്ചതാണ്. പക്ഷേ ഉണ്ടായത് മറ്റൊരു തരത്തിലാണെന്ന് മാത്രം. ഇനി അവശേഷിക്കുന്നത് മകൻ ആസാദിന്റെ മരണവാർത്ത അറിഞ്ഞ് പൊട്ടിക്കരഞ്ഞുകൊണ്ട് ആതിഖ് അഹമ്മദ് മകനോട് പറഞ്ഞ വാക്കുകൾ മാത്രമാണ്. "കുടുംബത്തിന്റെ രക്ഷ നിന്റെ കയ്യിലാണ്. നീയാണ് അവരെ സംരക്ഷിക്കേണ്ടത്". അതിന്റെ അർഥം എന്തെന്ന് കാലം തെളിയിക്കും.

Atiq Ahmed; the don turned politician, his criminal empire

MORE IN INDIA
SHOW MORE