തമിഴകത്തെ ബിജെപി ‘സിങ്കം’; ഇന്ന് ആകെ തല്ല്; സട കൊഴിഞ്ഞോ?

annamali-life
SHARE

സ്വന്തമായി 4 ആടുകൾ മാത്രമേയുള്ളൂവെന്ന് അവകാശപ്പെടുന്ന ഇദ്ദേഹത്തിന് ഫ്രഞ്ച് വിമാന കമ്പനിയായ റഫാൽ നിർമിച്ച ലക്ഷങ്ങള്‍ വിലവരുന്ന ലിമിറ്റഡ് എഡിഷൻ ആഡംബര വാച്ച് എങ്ങനെ വാങ്ങിക്കാന്‍ കഴിഞ്ഞു. ഈ ചോദ്യം ഡിഎംകെ നേതാവും വൈദ്യുതി മന്ത്രിയുമായ വി.സെന്തിൽ ബാലാജിയുടേതായിരുന്നു. ഇന്ത്യ റഫാൽ യുദ്ധ വിമാനത്തിന് ഓർഡർ നൽകിയ കാലത്ത് കമ്പനി നിർമിച്ച 500 വാച്ചുകളിൽ ഒന്നാണ് താൻ ധരിച്ചിരിക്കുന്നതെന്നും, യുദ്ധവിമാനത്തിൽ കയറാൻ കഴിയാത്തതിനാൽ രാജ്യസ്നേഹം കൊണ്ടാണ് മൂന്നര ലക്ഷം രൂപ വിലയുള്ള റഫാൽ വിമാനത്തിന്റെ ഭാഗങ്ങൾ കൊണ്ട് നിര്‍മിച്ച വാച്ച് ഉപയോഗിക്കുന്നതെന്നും തമിഴ്നാട് പിടിക്കാന്‍ ബിജെപി ഇറക്കിയ സിങ്കത്തിന്റെ മറുപടി. ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി െകാടുക്കുന്ന, ആരെയും കൂസാത്ത പ്രകൃതമുള്ള കര്‍ണാടകയെ വിറപ്പിച്ച ഐപിഎസ് സിങ്കം. സാധാരണ ജനം മനസ്സിലേറ്റിയ കാക്കിച്ചട്ട. സാറ് പുലിയാണെന്ന വാഴ്ത്തുകളില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് വന്നപ്പോള്‍ മല പോലെ വന്നത് എലി പോലെ പോകുമോ എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. മലൈടാ..അണ്ണാമലൈ എന്നത് പഞ്ച് ഡയലോഗായി തന്നെ തമിഴ്നാട്ടില്‍ ബാക്കിയാകുമോ?

ഉയർന്ന മാർക്കോടെ മെക്കാനിക്കൽ എൻജിനിയറിങ്, പിന്നീട് ലഖ്നൗ ഐഐഎമ്മില്‍ നിന്നും എംബിഎ. ഐപിഎസ് മോഹം തലയില്‍ കയറി ശ്രമിച്ചപ്പോള്‍ ആദ്യവട്ടം തന്നെ വിജയം. കര്‍ണാടക കേഡറില്‍ ഐപിഎസ് ഉദ്യോഗസ്ഥനായി കുപ്പുസ്വാമി അണ്ണാമലൈ. 2013 ൽ ഉഡുപ്പി കർക്കളയിൽ എഎസ്പിയായായി ഔദ്യോഗിക ജീവിതം തുടങ്ങി. ഉഡുപ്പിയിലും ചിക്കമഗളൂരുവിലും പിന്നീട്  ജില്ലാ പൊലീസ് മേധാവിയായുമായി. ചിക്കമംഗളൂരുവിൽ 2017ൽ നടന്ന കലാപം അടിച്ചമർത്തിയതിലൂടെ അണ്ണാമലൈ തെന്നിന്ത്യയുടെ താരമായി. ബെംഗളൂരു സൗത്ത് ഡിസിപിയായിരിക്കെ നടത്തിയ പരിഷ്കാരങ്ങളും ശ്രദ്ധ നേടി. അങ്ങനെ ഒരുവിളിപ്പേരും വീണു. സിങ്കം.. സിനിമയില്‍ ജനം കയ്യടിച്ച ഐപിഎസ് ഉദ്യോഗസ്ഥരുടെ റിയല്‍ ലൈഫ് പതിപ്പ്. അങ്ങനെ വാഴ്ത്താം ആ ഔദ്യോഗിക

ജീവിതകാലം. ഒരുത്തന് മുന്നിലും തലകുനിക്കാത്ത, കാക്കി ഊരി വച്ചാല്‍ കൃഷിപ്പണി എടുത്ത് ജീവിക്കുമെടാ എന്ന് മാസായി പറയുന്ന അണ്ണാമലൈ സാധാരണക്കാരന്റെ സൂപ്പര്‍ ഹീറോയായി വിലസിയ കാലം. എന്നാല്‍  ബെംഗളൂരു സൗത്ത് ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ആയിരിക്കെ 2019 മേയില്‍ സിങ്കം രാജിവച്ചു. ഇനിയാണ് ഇപ്പോഴത്തെ കഥ തുടങ്ങുന്നത്. ആട് വളര്‍ത്തലും കൃഷിയുമൊക്കെയായി മുന്നോട്ടുപോകുമ്പോഴാണ് മോദിയോടുള്ള ആരാധന അണ്ണമാലൈയെ ബിജെപിയാക്കുന്നത്. അണ്ണാമലൈക്ക് സാധാരണജനങ്ങള്‍ക്ക് ഇടയിലുള്ള താരപ്രഭ തിരിച്ചറിഞ്ഞ കേന്ദ്രനേതൃത്വം തമിഴ്നാട് ബിജെപി അധ്യക്ഷ പദത്തിലേക്കും അതിവേഗം പിടിച്ചിരുത്തി.

പഠിച്ച പണി പതിനെട്ടുനോക്കിയിട്ടും പെരിയോരും കാമരാജും അണ്ണാദുരൈയും ഉഴുതുമറിച്ച ദ്രാവിഡ മണ്ണില്‍ ബിജെപിയുടെ താമരവേരുകള്‍ അത്രപെട്ടെന്ന് ആഴ്ന്നിറങ്ങില്ല എന്ന തിരിച്ചറിവായിരുന്നു സിങ്കത്തെ തന്നെ അരിയിട്ട് വാഴിക്കാനുള്ള കാരണം. എന്നാല്‍ ഉന്നാലെ മുടിയാത് സിങ്കത്തമ്പി എന്ന് പോയ തിരഞ്ഞെടുപ്പുകളിലൂടെ തമിഴ് ജനത ബിജെപിയോടും അണ്ണാമലൈയോടും പലകുറി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിലും ഉപതിര‍ഞ്ഞെടുപ്പുകളിലും ബിജെപി നിറം മങ്ങി. തമിഴ്നാട്ടിൽ ബിജെപി വെറും വിഡിയോ ഓഡിയോ പാർട്ടിയായി മാറിയെന്ന പരിഹാസവും ശക്തമായി. ജയലളിതയുടെ മരണശേഷം അണ്ണാ ഡിഎംകെയെ വിഴുങ്ങി തമിഴകത്ത് തഴച്ചുവളരാനുള്ള തന്ത്രവും അത്ര വിലപ്പോയില്ല എന്ന് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നു. 75 എംഎൽഎമാരുള്ള അണ്ണാഡിഎംകെയെ മറികടന്ന് 4 എംഎൽഎമാരുള്ള ബിജെപി മുഖ്യപ്രതിപക്ഷ കക്ഷിയെന്ന തരത്തിൽ പെരുമാറാന്‍ തുടങ്ങിയത് അണ്ണാ ഡിഎംകെ നേതാക്കളെയും ചൊടിപ്പിച്ചു, വെറുപ്പിച്ചു.

അണ്ണാഡിഎംകെ ഇല്ലാതെ ഒറ്റയ്ക്കു തമിഴ്നാട്ടിൽ ജയിക്കാനാകുമെന്ന അമിത ആത്മവിശ്വാസത്തിലാണ് അണ്ണാമലൈ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സഖ്യം ഉപേക്ഷിച്ച് മൽസരിച്ചത്. പ്രതീക്ഷിച്ച നേട്ടമുണ്ടായില്ലെന്നു മാത്രമല്ല പലയിടത്തും നിലംതൊട്ടില്ല. അതേസമയം, ചെന്നൈ കോർപറേഷനിൽ ആദ്യമായി ഒരു ബിജെപി കൗൺസിലർ തിരഞ്ഞെടുക്കപ്പെട്ടത് അണ്ണാമലൈയുടെ നേട്ടമായി  ഉയർത്തിക്കാട്ടി ആശ്വാസം െകാണ്ടു. ഈറോഡ് ഈസ്റ്റിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ  മൽസരിക്കാൻ ഇറങ്ങിയെങ്കിലും ബിജെപി പിന്നീട് പിൻവാങ്ങി അണ്ണാഡിഎംകെ സ്ഥാനാർഥിയെ പിന്തുണച്ചു. അവിടെയും നിലംതൊട്ടില്ല. ഡിഎംകെ സഖ്യകക്ഷിയായ കോൺഗ്രസ് സ്ഥാനാർഥി കഴിഞ്ഞ തവണത്തേതിന്റെ 7 ഇരട്ടിയോളം ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

അങ്ങനെ അണ്ണാമലൈ  ‘വൺമാൻ ഷോ’  തന്ത്രങ്ങള്‍ അടപടലം െപാളിഞ്ഞുെകാണ്ടിരിക്കുമ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ  മുറുമുറുപ്പും തമ്മില്‍ തല്ലും െകാഴിഞ്ഞുപോക്കും തുടങ്ങി. പ്രതികരിക്കുന്നവരെ പൊലീസ് മുറയില്‍ മാസ് കാണിച്ചാണ് നേരിടുന്നതെന്നും പരസ്യമായി പറഞ്ഞ് സംസ്ഥാന നേതാക്കള്‍ അടക്കം ബിജെപി വിടുന്ന കാലം. ബിജെപിയിൽനിന്നു പുറത്തു പോയവരെ അണ്ണാഡിഎംകെ സ്വീകരിക്കാന്‍ തുടങ്ങിയതോടെ സഖ്യത്തില്‍ തന്നെ കല്ലുകടിയായി. ഇനിയുള്ള ഒരു തിരഞ്ഞെടുപ്പിലും ഒരു ദ്രാവിഡ പാർട്ടിയുമായി സഖ്യമില്ലെന്നും അത്തരത്തിലുള്ള സഖ്യം പാർട്ടിയുടെ വളർച്ചയ്ക്കു സഹായിക്കില്ലെന്നും  പരസ്യമായി അണ്ണാമലൈ പറഞ്ഞു.  ഇനി സഖ്യം തുടർന്നാൽ താൻ രാജി വയ്ക്കുമെന്നും സാധാരണ പാർട്ടി പ്രവർത്തകനായി തുടരുമെന്നും പ്രഖ്യാപിക്കാനും അദ്ദേഹം മടിച്ചില്ല. ഒരു കൂടിയാലോചനകളും ഇല്ലാതെയായിരുന്നു ഈ പ്രഖ്യാപനം എന്നത് കേന്ദ്രനേതൃത്വത്തെയും വെട്ടിലാക്കി.  ഇങ്ങനെ ആകെ കലങ്ങി മറിയുമ്പോഴാണ് ഒപിഎസ്സിനെ വെട്ടി ഇപിഎസ് അണ്ണാഡിഎംകെ കൈപ്പിടിയില്‍ ആക്കുന്നത്. ഇതോടെ തമിഴകത്ത് ബിജെപിയുടെ അവസ്ഥ എന്താകും എന്നതും ഉയരുന്ന ചോദ്യമാണ്.

എന്നും അതിവൈകാരികതയുടെ വിളനിലമായ തമിഴ്നാട്ടില്‍ കേന്ദ്രത്തിനൊപ്പം നില്‍ക്കണോ തമിഴിനൊപ്പം നില്‍ക്കണോ എന്നതാണ് ബിജെപി സംസ്ഥാന നേതൃത്വം നേരിടുന്ന വലിയ പ്രശ്നം. അവിടെ നിന്നാല്‍ ഇവിടെ പോകും. ഇവിടെ നിന്നാല്‍ അവിടെ പറ്റില്ല. വല്ലാത്തൊരു വിധി. ബിജെപി ഉയര്‍ത്തുന്ന ഓരോ ആരോപണങ്ങളും സ്റ്റാലിന്‍ നിമിഷങ്ങള്‍ െകാണ്ട് െപാളിച്ച് അടക്കും. തിരിച്ചുകിട്ടുന്നതിന് മറുപടി കൊടുക്കാന്‍ കഴിയാതെ വിയര്‍ത്തിരിക്കുന്ന അവസ്ഥ.

ദ്രാവിഡ രാഷ്ട്രീയം എന്നത് തമിഴിന്റെ പൊക്കില്‍ െകാടി പോലെയാണ്. അത് അങ്ങനെ തേയ്ച്ചാലും മായ്ച്ചാലും മാറില്ലെന്ന് പലകുറി വ്യക്തമായതാണ്. പക്ഷേ എത്ര തിരിച്ചിടി കിട്ടായാലും ബിജെപിക്ക് അങ്ങനെ വിട്ടുകളയില്ല എന്നതും ഉറപ്പാണ്. വടക്കെല്ലാം കയ്യില്‍ അടങ്ങിയിട്ടും കേരളവും തമിഴ്നാടും നാലയലത്ത് അടുപ്പിക്കാത്ത ബിജെപിക്ക് അതൊരു അഭിമാനപ്രശ്നം കൂടിയാണ്. ആയിരം വട്ടം തോറ്റാലും തന്ത്രങ്ങള്‍ മാറ്റി വീണ്ടും വീണ്ടും പയറ്റുകയാണ് അവര്‍. ഒരുനാള്‍ വരുമെന്ന ചിന്തയില്‍.

ഹിന്ദി തെരിയാത് പോടാ ക്യാംപെയിന്‍, നീറ്റ് വിരുദ്ധ സമരം, ഗവർണറുമായുള്ള തുറന്ന പോര്, കൊങ്കുനാട് രൂപീകരിച്ച് തമിഴ്നാടിനെ വിഭജിക്കാനുള്ള നീക്കം നടക്കുന്നുവെന്ന പ്രചാരണം... അങ്ങനെ കേന്ദ്രത്തിനെതിരെ സ്റ്റാലിന്‍ മുന്നോട്ടുവച്ച ഓരോ അടിയും മിണ്ടാതെ കൊള്ളുക എന്നത് മാത്രമായിരുന്നു തമിഴനാട്ടില്‍ ബിജെപി നേതൃത്വത്തിന് സാധിച്ചത്. തമിഴന്റെ ആ ദ്രാവിഡ ജീനിനൊപ്പം നിന്നാല്‍ കേന്ദ്രത്തെ തള്ളി പറയണം. കേന്ദ്രത്തെ തള്ളി പറഞ്ഞ് തമിഴ് വികാരത്തിനൊപ്പം നില്‍ക്കാനും കഴിയില്ല. അങ്ങനെ പെടാപാട് പെടുകയാണ് അണ്ണാമലൈ. ഇനി ഈ മുള്‍കിരീടം അഴിച്ചുവയ്ക്കാനുള്ള പണിയാണോ പാര്‍ട്ടിയെ തന്നെ വെറുപ്പിക്കുന്ന ഇപ്പോഴത്തെ ഈ പ്രസ്താവനകളും വണ്‍മാന്‍ ഷോയും എന്ന് സംശയിക്കുന്നവരുമുണ്ട്. സിങ്കം സിങ്കളായി തന്നെ വന്ന് വാഴാം എന്നത് സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ക്ലച്ച് പിടിക്കുന്ന ഒന്നല്ല എന്നത് കൂടി വ്യക്തമാക്കുന്നുണ്ട് ഈ സിങ്കക്കഥ.  ഏത് സിങ്കരാജാവിന്റെയും സട െകാഴിക്കാന്‍ പോകുന്ന കരുത്ത് ജനത്തിന് ഇപ്പോഴമുണ്ടെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ് കുപ്പസാമി അണ്ണാമലൈയുടെ ഈ വിധി.സിങ്കം വാഴുമോ വീഴുമോ എന്നറിയാന്‍ ഇനി ഏതായാലും കാലം അധികമൊന്നും വേണ്ട. കാത്തിരിക്കാം.

MORE IN INDIA
SHOW MORE