അപകീര്‍ത്തിക്കേസില്‍ ശിക്ഷ: രാഹുല്‍ അയോഗ്യത മറികടക്കുമോ?

rahulcourtfutute-23
SHARE

മോദി വിമര്‍ശനത്തിന്റെ പേരില്‍ രണ്ടുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട രാഹുല്‍ ഗാന്ധിയ്ക്ക് പാര്‍ലമെന്റംഗത്വം നഷ്ടപ്പെടുമോ? വീണ്ടും മല്‍സരിക്കുന്നതിന് അയോഗ്യത വരുമോ? ശിക്ഷയേക്കാള്‍ ഈ ചോദ്യമാണ് കോണ്‍ഗ്രസിനെ അലട്ടുന്നതും ബിജെപിയെ സന്തോഷിപ്പിക്കുന്നതും. ശിക്ഷാവിധിയുടെ അടിസ്ഥാനത്തില്‍ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കാന്‍ കഴിയുമോ? കഴിയും എന്നുതന്നെയാണ് നിയമം പറയുന്നത്.

രാഹുല്‍ ഗാന്ധി ശിക്ഷിക്കപ്പെട്ടത് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 499, 500 വകുപ്പുകളും ഉപവകുപ്പുകളും അനുസരിച്ചാണ്. ഈ വകുപ്പുകള്‍ പ്രകാരം അപകീര്‍ത്തിക്കുറ്റത്തിനുള്ള പരമാവധി ശിക്ഷ രണ്ടുവര്‍ഷം തടവാണ്. രാഹുല്‍ ഗാന്ധിക്ക് സൂറത്ത് കോടതി പരമാവധി ശിക്ഷ തന്നെ നല്‍കിയെന്നര്‍ഥം.

ജനപ്രാതിനിധ്യനിയമത്തില്‍ അയോഗ്യത ക്ഷണിച്ചുവരുത്തുന്നതും രണ്ടുവര്‍ഷത്തെ തടവുശിക്ഷയാണ്. സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നാലുവര്‍ഷം വിസ്താരവും തെളിവെടുപ്പുമെല്ലാം നടത്തി ശിക്ഷ വിധിച്ച കേസാണ്. വിധിയുടെ ശരിതെറ്റുകള്‍ മേല്‍ക്കോടതികള്‍ തീരുമാനിക്കും. പക്ഷേ അയോഗ്യതയില്‍ നിന്ന് രക്ഷപെടാനാകുമോ?

രാഹുല്‍ ഗാന്ധി അയോഗ്യനാക്കപ്പെടുമോ?

ജനപ്രാതിനിധ്യ നിയമത്തിലെ 8 മുതല്‍ 11–എ വരെയുള്ള വകുപ്പുകളാണ് ഏതൊക്കെ സാഹചര്യങ്ങളില്‍ ജനപ്രതിനിധിയെ അയോഗ്യനാക്കാം എന്ന കാര്യം പ്രതിപാദിക്കുന്നത്. ഇതില്‍ മതസ്പര്‍ധ വളര്‍ത്തലും ബലാല്‍സംഗവും മുതല്‍ ഭീകരപ്രവര്‍ത്തനം വരെ എട്ടാം വകുപ്പിന്റെ ഒന്നാം ഉപവകുപ്പില്‍ പറയുന്ന 14 കാരണങ്ങളും രാഹുല്‍ ഗാന്ധിയുടെ കാര്യത്തില്‍ ബാധകമായി വരുന്നില്ല. രണ്ടാം ഉപവകുപ്പും പ്രശ്നമില്ല. എട്ട്–എ, 9, 9–എ, 10, 10–എ എന്നീ വകുപ്പുകളില്‍പ്പറയുന്ന തിരഞ്ഞെടുപ്പ് ക്രമക്കേട്, അഴിമതി, സര്‍ക്കാര്‍ കരാറുകള്‍ എടുക്കല്‍ തുടങ്ങിയ പ്രശ്നങ്ങളും രാഹുല്‍ ഗാന്ധിയുടെ കേസുമായി ബന്ധമില്ലാത്തവയാണ്.

rahulfuture-new

എന്നാല്‍ ജനപ്രാതിനിധ്യനിയമത്തിലെ എട്ടാംവകുപ്പിന്റെ മൂന്നാം ഉപവകുപ്പ് രാഹുല്‍ ഗാന്ധിക്ക് ശരിക്കും കുരുക്കാകും. ഈ വകുപ്പനുസരിച്ച്, ഏതെങ്കിലും കുറ്റത്തിന് രണ്ടുവര്‍ഷത്തില്‍ കുറയാതെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടാല്‍ ജനപ്രതിനിധി അയോഗ്യനാക്കപ്പെടും. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന ദിവസം മുതല്‍ ആറുവര്‍ഷം വരെ അയോഗ്യത തുടരുകയും ചെയ്യും. അതായത് രണ്ടുവര്‍ഷം തടവിന് ശിക്ഷിക്കപ്പെടുന്നയാള്‍ക്ക് ശിക്ഷ പ്രാബല്യത്തില്‍ വരുന്ന ദിവസം മുതല്‍ എട്ടുവര്‍ഷം തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് അയോഗ്യത ഉണ്ടാകും.

നേരത്തേ ജനപ്രാതിനിധ്യ നിയമത്തിന്റെ എട്ടാംവകുപ്പിന്റെ നാലാം ഉപവകുപ്പനുസരിച്ച് കോടതി ശിക്ഷ വിധിച്ച് മൂന്നുമാസം കഴിഞ്ഞുമാത്രമേ അയോഗ്യത പ്രാബല്യത്തില്‍ വന്നിരുന്നുള്ളു. ഈ കാലയളവിനുള്ളില്‍ അപ്പീല്‍ നല്‍കിയാല്‍ അതിന്മേല്‍ തീര്‍പ്പുണ്ടാകുംവരെ അയോഗ്യത ഒഴിവാകുമായിരുന്നു. എന്നാല്‍ 2013ല്‍ സുപ്രീംകോടതി ഈ വകുപ്പ് അസാധുവാക്കിയതോടെ ആ വഴി അടഞ്ഞു. രാഹുല്‍ ഗാന്ധിക്ക് അപ്പീല്‍ നല്‍കാന്‍ സിജെഎം കോടതി 30 ദിവസത്തെ സാവകാശം നല്‍കിയിട്ടുണ്ടെങ്കിലും കുറ്റക്കാരനായി കണ്ടെത്തിയ വിധി നിലനില്‍ക്കുകയാണ്. അത് സ്റ്റേ ചെയ്യാത്തിടത്തോളം എപ്പോള്‍ വേണമെങ്കിലും അയോഗ്യത പ്രഖ്യാപിക്കാം.

ഈ അവസ്ഥ സൃഷ്ടിച്ചതില്‍ രാഹുല്‍ ഗാന്ധിക്കും നേരിട്ട് പങ്കുണ്ട് എന്നതാണ് കൗതുകകരമായ ഒരു വസ്തുത. 2013 ജൂലൈ പത്തിന് ലിലി തോമസ് വെഴ്സസ് യൂണിയന്‍ ഓഫ് ഇന്ത്യ എന്ന കേസിലാണ് സുപ്രീംകോടതി അപ്പീല്‍ നല്‍കാനുള്ള സാവകാശം റദ്ദാക്കിയത്. ഇത് പുനസ്ഥാപിക്കാന്‍ അന്നത്തെ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. ശക്തനായ നേതാവെന്ന് സ്വയം തെളിയിക്കാനുള്ള വ്യഗ്രതയില്‍ രാഹുല്‍ ഗാന്ധി പരസ്യമായി ഈ ഓര്‍‍ഡിനന്‍സ് കീറിയെറിഞ്ഞു. കംപ്ലീറ്റ് നോണ്‍സെന്‍സ് എന്നാണ് രാഹുല്‍ അന്ന് അതേപ്പറ്റി പറഞ്ഞത്. ഇതോടെ സമ്മര്‍ദത്തിലായ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് തന്നെ പിന്‍വലിച്ചു. ഒരു പതിറ്റാണ്ടിനിപ്പുറം ആ നടപടി രാഹുലിനെത്തന്നെ കുരുക്കിലാക്കുകയാണ്.

courtrahul-23

ലോക്സഭാ സെക്രട്ടറിയേറ്റാണ് ഇനിയുള്ള നടപടികള്‍ തീരുമാനിക്കേണ്ടത്. രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ചുകൊണ്ടുള്ള സൂറത്ത് കോടതിയുടെ ഉത്തരവ് ലോക്സഭാ സ്പീക്കറുടെ ഓഫിസില്‍ ലഭിച്ചശേഷമേ നടപടികള്‍ ആരംഭിക്കൂ. അയോഗ്യത പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടായാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉപതിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കും തുടക്കമിട്ടേക്കാം. കേസിന്റെ രാഷ്ട്രീയലക്ഷ്യങ്ങള്‍ ഇതിനകം വ്യക്തമായിക്കഴിഞ്ഞ സാഹചര്യത്തില്‍ തുടര്‍നടപടികള്‍ക്ക് ഭരണപക്ഷം എത്രസമയം കാത്തിരിക്കും എന്നുമാത്രമേ നോക്കേണ്ടതുള്ളു. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ കേസില്‍ വിധി സ്റ്റേ ചെയ്തിട്ടും അയോഗ്യത മാറ്റിക്കൊടുത്തിട്ടില്ല എന്നറിയുമ്പോള്‍ കോണ്‍ഗ്രസിന് നെഞ്ചിടിപ്പുണ്ടാകുക സ്വാഭാവികം മാത്രം.

Will Rahul overcome disqualification?

MORE IN INDIA
SHOW MORE