കർണാടകയിലെ ഹുബ്ബള്ളി റെയിൽവേ സ്റ്റേഷൻ ഗിന്നസ് വേൾഡ് റെക്കോർഡിലേക്ക്

hubbali station
SHARE

ലോകത്തിലെ ഏറ്റവും നീളം കൂടിയ പ്ലാറ്റ്ഫോം എന്ന നേട്ടവുമായി കർണാടകയിലെ ഹുബ്ബള്ളി റെയിൽവേ സ്റ്റേഷൻ ഗിന്നസ് ബുക്കിലേക്ക്. ഉത്തർപ്രദേശിലെ ഗോരഖ്പൂർ റെയിൽവേ സ്റ്റേഷന്റെ 1,366 മീറ്ററെന്ന റെക്കോർഡാണ് ഹുബ്ബള്ളി സ്റ്റേഷൻ മറികടന്നത്.  ജനുവരി 12 ന് പ്ലാറ്റ്‌ഫോമിന്റെ നീളം പരിശോധിച്ചതായി ഗിന്നസ് വേൾഡ് റെക്കോർഡ്സ് അറിയിച്ചു. 

20.1 കോടി രൂപ ചെലവിൽ നിർമ്മിച്ച ഹുബ്ബള്ളിയിലെ പുതിയ പ്ലാറ്റ്‌ഫോം കർണാടകയിലെ ഒരു പ്രധാന റെയിൽവേ ജംക്‌ഷനായ സ്റ്റേഷനിലെ തിരക്ക് കുറയ്ക്കാനും യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുത്താനും സഹായിക്കും. കർണ്ണാടകയിലെ പ്രധാന ജംക്‌ഷൻ ആയി കണക്കാക്കപ്പെടുന്ന ഹുബ്ബള്ളി സ്റ്റേഷൻ വ്യാപാര-വാണിജ്യത്തിന്റെയും ഒരു പ്രധാന കേന്ദ്രമാണ്. ഇത് ബെംഗളുരു (ദാവൻഗരെ സൈഡ്), ഹൊസപേട്ട (ഗഡാഗ് സൈഡ്), വാസ്‌കോ-ഡ-ഗാമ/ബെലഗാവി (ലോണ്ട സൈഡ്) എന്നിവിടങ്ങളിലേക്കുള്ള റെയിൽവേ ലൈനുകളെ ബന്ധിപ്പിക്കുന്നു. നവീകരിച്ച ഹുബ്ബള്ളി പ്ലാറ്റ്‌ഫോം ഇരുഭാഗത്തുനിന്നും ട്രെയിനുകൾ കടന്നുപോകാൻ പര്യാപ്തമാണ്. പ്രധാന നിർമാണത്തിനു പുറമെ സ്റ്റേഷനിലേക്കുള്ള മൂന്നാമത്തെ പ്രവേശന കവാടത്തിന്റെയും നിർമാണം പൂർത്തിയായി. നേരത്തെ സ്റ്റേഷനിൽ രണ്ട് എൻട്രി, എക്സിറ്റ് ഗേറ്റുകൾ ഉണ്ടായിരുന്നു. 

‍ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം ഞായറാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്.  ഹുബ്ബള്ളി-ദാദർ എക്‌സ്‌പ്രസ്, ബെലഗാവി-സെക്കന്ദരാബാദ് ജംഗ്ഷൻ എക്‌സ്‌പ്രസ് എന്നീ രണ്ട് ട്രെയിനുകളും ഹുബ്ബള്ളി പ്ലാറ്റ്‌ഫോമിൽ നിന്ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തിരുന്നു.

MORE IN INDIA
SHOW MORE