കൊലപാതകം മറ്റൊരു സൗഹൃദത്തെ ചൊല്ലി; ശ്രദ്ധ കൊലക്കേസിൽ കുറ്റപത്രമായി

Shraddha-murder
SHARE

രാജ്യത്തെ നടുക്കിയ ശ്രദ്ധ വാക്കർ കൊലപാതകത്തിൽ 6,629 പേജുള്ള കുറ്റപത്രം സമർപ്പിച്ച് ഡൽഹി പൊലീസ്. ശ്രദ്ധയ്ക്ക് മറ്റൊരു സുഹൃത്തുമായുള്ള ബന്ധമാണ് അഫ്താബിനെ പ്രകോപിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ കാണുന്നതിനായി ഗുരുഗ്രാമിലേക്ക് ശ്രദ്ധ പോയിരുന്നു. ഇതേ ചൊല്ലി രൂക്ഷമായ വാക്കേറ്റമുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. 

കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പൊലീസ് അഫ്താബിനെതിരെ ചുമത്തിയിരിക്കുന്നത്. ഫോണിലെ സന്ദേശങ്ങളും കോൾ റെക്കോർഡുകളും  അഫ്താബ് മുൻപേ നശിപ്പിച്ചിരുന്നുവെന്നും ഡൽഹി പൊലീസ് പറയുന്നു. ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം പതിനേഴ് കഷ്ണങ്ങളാക്കി അഫ്താബ് വെട്ടിനുറുക്കിയെന്നും പലയിടങ്ങളിലായാണ് മൃതദേഹാവശിഷ്ടങ്ങൾ ഉപേക്ഷിച്ചതെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇരുവരുടെയും സുഹൃത്തുക്കളും കുടുംബാംഗങ്ങളും അയൽക്കാരും സഹപ്രവർത്തകരുമുൾപ്പടെ 180 പേരുടെ സാക്ഷിമൊഴികളാണ് കുറ്റപത്രത്തിലുള്ളത്. ഇതിന് പുറമേ മുൻസ്ഥാപന മേധാവിക്കും സുഹൃത്തുക്കൾക്കും ശ്രദ്ധ അയച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകളും, അഫ്താബിന്റെ ഉപദ്രവത്തെ കുറിച്ച് പറയുന്ന സന്ദേശങ്ങളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

കൊലപാതകത്തിന് ആഴ്ചകൾക്ക് ശേഷം ഗുരുഗ്രാമിലെ സ്വകാര്യ സ്ഥാപനത്തിൽ അഫ്താബ് ജോലിക്ക് ചേർന്നിരുന്നു. അഫ്താബിൽ അസ്വാഭാവികമായ പെരുമാറ്റം ഒന്നും കണ്ടിട്ടില്ലെന്നാണ് ഒപ്പമുണ്ടായിരുന്നവർ നൽകിയ മൊഴി. മൃതദേഹാവശിഷ്ടങ്ങൾ അഫ്താബ് ഉപേക്ഷിച്ചതിന് ദൃക്സാക്ഷികൾ ഇല്ലെങ്കിലും സാഹചര്യ തെളിവുകൾ, ശാസ്ത്രീയ തെളിവുകൾ, സാക്ഷിമൊഴികൾ, ഡിജിറ്റൽ തെളിവുകൾ എന്നിവയാണ് പൊലീസ് സമർപ്പിച്ചിട്ടുള്ളത്. 

2022 മെയ് 18 ന് ഉച്ചയോടെയാകും കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. മകളെ കാണാനില്ലെന്ന ശ്രദ്ധയുടെ പിതാവിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ നവംബർ 12 ന് അഫ്താബിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി ഏഴുവരെ അഫ്താബിന്റെ കസ്റ്റ‍ഡി നീട്ടി കോടതി ഉത്തരവായിട്ടുണ്ട്. ഫെബ്രുവരി ഏഴിന് കേസ് കോടതി വീണ്ടും പരിഗണിക്കും. 

Delhi Police filed a 6,629-page chargesheet Shraddha Walkar murder case

MORE IN INDIA
SHOW MORE