പുലിപ്പേടി: കാടിളക്കാൻ ജാർഖണ്ഡ്; ഉറക്കം കെടുത്തുന്നത് 4 കുട്ടികളെ കൊന്ന നരഭോജി

leopard-pic
SHARE

കടുവയുടെ ആക്രമണത്തിനു മുന്നിൽ കേരളം പകച്ചുനിൽക്കുമ്പോൾ, ജാർഖണ്ഡ‍ിൽ നരഭോജിയായ പുള്ളിപ്പുലിയെ പിടികൂടാൻ വനംവകുപ്പ് വൻ സന്നാഹമൊരുക്കുന്നു. 12 വയസ്സിൽ താഴെയുള്ള 4 കുട്ടികളെ കൊന്ന പുലിയെ പിടിക്കാൻ മധ്യപ്രദേശിലെ സഞ്ജയ്–ദുബ്‍രി കടുവ സങ്കേതത്തിൽ (എസ്ടിഡിആർ) നിന്നുള്ള വിദഗ്ധരെയാണ് എത്തിക്കുന്നത്. അടുത്തിടെ ഇതേസംഘം നരഭോജികളായ 3 പുലികളെ പിടിച്ചിരുന്നു. 

പുലിയെ നിരീക്ഷിക്കാൻ വനംവകുപ്പിന്റെ 60 അംഗ സംഘത്തിനു പുറമേ ഹൈദരാബാദിൽനിന്നുള്ള വിദഗ്ധൻ നവാബ് സഫത്ത് അലി ഖാന്റെ സംഘവും രംഗത്തുണ്ട്. കാട്ടിൽ 50 ക്യാമറകൾ സ്ഥാപിച്ചുകഴിഞ്ഞു. കൂടാതെ ക്യാമറ ഘടിപ്പിച്ച ഡ്രോണുകൾ വനത്തിനു മുകളിൽ ചുറ്റിത്തിരിയുന്നു. 4 കൂടുകളും പലയിടത്തായി ഒരുക്കിയിട്ടുണ്ട്. പുലിയുടെ ആവാസമേഖല കണ്ടെത്തിയിട്ടുണ്ടെങ്കിലും അതു കൂടിനരികിലേക്കു വരാൻ കൂട്ടാക്കാത്തതിനാലാണ് കാടിളക്കാൻ പ്രത്യേക സംഘത്തെ വിളിച്ചുവരുത്താൻ തീരുമാനിച്ചത്. 

രാംകന്ദ, റാങ്ക, ഭണ്ഡാരിയ ജില്ലകളിലെ 50 ൽ ഏറെ ഗ്രാമങ്ങൾ പുലി ഭീതിയിലാണ്. രാത്രി പുറത്തിറങ്ങിരുതെന്ന് ഗ്രാമീണർക്കു കർശന നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബർ 10ന് ലത്തേഹാർ ജില്ലയിലെ ചിപ്പദോഹറിൽ 12 വയസ്സുള്ള ബാലികയുടെ മേൽ ചാടിവീണ് കൊലപ്പെടുത്തിയായിരുന്നു നരഭോജിയുടെ തുടക്കം. ഡിസംബർ 28 ന് ഇതേ ജില്ലയിലെ കുശ്വാഹയിൽ 12 വയസ്സുള്ള ആൺകുട്ടിയെ കൊലചെയ്തതാണ് ഒടുവിലത്തെ സംഭവം. നിരന്തരം പട്രോളിങ് നടത്തുന്നതിനാൽ അതിനുശേഷം മനുഷ്യനുനേരെ ആക്രമണം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും വളർത്തുമൃഗങ്ങളെ കൊല്ലുന്നതായി ഒട്ടേറെ പരാതികൾ ലഭിച്ചെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. 

പുലിയെ വെടിവച്ചുകൊല്ലാനാണ് ഉത്തരവെങ്കിലും എല്ലാ സാധ്യതകളും പരിശോധിച്ചശേഷമേ അതുണ്ടാകൂ എന്ന് പലാമുവിലെ വനം വകുപ്പ് ഓഫിസർ കുമാർ അശുതോഷ് പറഞ്ഞു.

MORE IN INDIA
SHOW MORE