പഞ്ചനക്ഷത്ര ഹോട്ടലിൽ 23 ലക്ഷം രൂപയുടെ ബിൽ നൽകാതെ മുങ്ങിയയാൾ പിടിയിൽ

 യുഎഇ സ്വദേശിയും അബുദാബി രാജകുടുംബത്തിലെ ജീവനക്കാരനുമെന്നു പറഞ്ഞ് ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ മുറിയെടുത്ത് 23.46 ലക്ഷം രൂപയുടെ ബിൽ അടയ്ക്കാതെ മുങ്ങിയയാൾ അറസ്റ്റിൽ.

കർണാടകയിലെ ദക്ഷിണ കന്നഡ സ്വദേശിയായ മഹമ്മദ് ഷെരീഫ് (41) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വർഷം വ്യാജ ബിസിനസ് കാർഡ് ഹാജരാക്കി ലീല പാലസ് ഹോട്ടലിൽ മൂന്ന് മാസത്തോളമാണ് ഇയാൾ താമസിച്ചത്. വിലപിടിപ്പുള്ള സാധനങ്ങളുമായാണ് ഇയാൾ മുങ്ങിയത്. ഹോട്ടൽ മാനേജർ അനുപം ദാസ് ഗുപ്തയുടെ പരാതിയിൽ ജനുവരി 14ന് സരോജിനി നഗർ പൊലീസ് കേസെടുക്കുകയായിരുന്നു. 

2022 ഓഗസ്റ്റ് ഒന്നു മുതൽ നവംബർ 20 വരെയാണ് ഷെരീഫ് പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചത്. താൻ യുഎഇയിലാണ് ജോലി ചെയ്യുന്നതെന്നും അബുദാബി രാജകുടുംബാംഗമായ ഷെയ്ഖ് ഫലാഹ് ബിൻ സായിദ് അൽ നഹ്യാന്റെ ഓഫിസിലാണ് ജോലി ചെയ്തിരുന്നതെന്നുമാണ് ഷെരീഫ് ഹോട്ടൽ അധികൃതരോട് പറഞ്ഞത്. ബിസിനസ് കാർഡും യുഎഇയിൽ സ്ഥിരതാമസമാക്കിയതിന്റെ കാർഡും മറ്റു രേഖകളും അയാൾ ഹാജരാക്കിയിരുന്നു. 

നവംബർ 20ന് 20 ലക്ഷം രൂപയുടെ ചെക്ക് നൽകിയെങ്കിലും അക്കൗണ്ടിൽ മതിയായ പണമില്ലാത്തതിനാൽ ചെക്ക് മടങ്ങി. അന്വേഷണത്തിൽ ഷെരീഫ് ഹോട്ടലിൽ നൽകിയ രേഖകൾ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.