ഈറോഡ് ഈസ്റ്റ് ഉപതിരഞ്ഞെടുപ്പ്; അണ്ണാഡിഎംകെയുടെ പേരില്‍ രണ്ടുസ്ഥാനാര്‍ഥികള്‍

tamilnadu
SHARE

തമിഴ്നാട്ടില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഈറോഡ് ഈസ്റ്റ് നിയമസഭാ മണ്ഡലത്തില്‍ അണ്ണാഡിഎംകെയുടെ പേരില്‍ രണ്ടുസ്ഥാനാര്‍ഥികളുണ്ടാകുമെന്ന് ഉറപ്പായി.  സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നു ഒ.പനീര്‍സെല്‍വും എടപ്പാടി പളനിസാമി വിഭാഗവും പ്രഖ്യാപിച്ചു. അണ്ണാഡി.എം.കെയുമായുള്ള മുന്നണി ബന്ധം ഉപേക്ഷിച്ച് ഒറ്റയ്ക്ക് മത്സരത്തിനിറങ്ങാന്‍ ബി.ജെ.പിയിലും ചര്‍ച്ചകള്‍ തകൃതിയാണ്. കോണ്‍ഗ്രസ് എം.എല്‍.എയായിരുന്ന തിരുമകന്‍ ഇവേര മരിച്ചതിനെ തുടര്‍ന്നാണ് ഈറോഡ് ഈസ്റ്റില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തവണ അണ്ണാ ഡി.എം.കെ നേതൃത്വം നല്‍കുന്ന എന്‍.ഡി.എയില്‍ തമിഴ് മാനില കോണ്‍ഗ്രസായിരുന്നു മത്സരിച്ചത്. എന്നാല്‍ ഇത്തവണ സീറ്റ് വല്യേട്ടനായ അണ്ണാഡി.എംകെ ഏറ്റെടുത്തു. 

ഒ.പനീര്‍സെല്‍വത്തെ പാര്‍ട്ടി കോര്‍ഡിനേറ്റര്‍ സ്ഥാനത്തു നിന്നു നീക്കിയതു തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. കമ്മിഷന്‍ രേഖകളില്‍ ഇപ്പോഴും.ഒ.പി.എസ്. കോര്‍ഡിനേറ്ററും ഇ.പി.എസ്. ഡെപ്യൂട്ടി കോര്‍ഡിനേറ്ററുമാണ്. ഈസാധ്യതയാണു ഒ.പി.എസ്. മുതലെടുക്കുന്നത്. ഒറ്റയ്ക്ക് മത്സരിക്കുമെന്നും വേണ്ടിവന്നാല്‍ ബി.ജെ.പിയെ പിന്തുണയ്ക്കാന്‍ തയാറാണന്നും ഒ.പി.എസ്. പ്രഖ്യാപിച്ചു.

ഒ.പി.എസുമായി ഒരു സഹകരണവുമില്ലെന്ന നിലപാട് ആവര്‍ത്തിച്ച എടപ്പാടി പളനിസാമി വിഭാഗം ഒദ്യോഗിക ചിഹ്നമായ രണ്ടിലയ്ക്കായുള്ള നീക്കങ്ങളിലാണ്. ഒറ്റയ്ക്ക് മത്സരിക്കാനുള്ള ആലോചന ബി.ജെ.പിയിലും ശക്തമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്‍പായി അണ്ണാഡി.എം.കെ. സഖ്യം വിട്ടേക്കുമെന്നാണു ബി.ജെ.പി. ദേശീയ നേതൃത്വം കണക്ക് കൂട്ടുന്നത്. ഡി.എം.കെ സഖ്യത്തില്‍ കോണ്‍ഗ്രസ് തന്നെയാണു മത്സരിക്കുന്നത്. മരിച്ച ഇവേരയുടെ മകന്‍ സ്ഥാനാര്‍ഥിയാകം. ഇക്കാര്യം ഹൈക്കമാന്‍ഡ് അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കും. ഡി.എം.കെയും കോണ്‍ഗ്രസും വീടുകയറി പ്രചാരണം തുടങ്ങിയിട്ടുണ്ട്

MORE IN INDIA
SHOW MORE