'വാഹനാപകടങ്ങൾക്കു കാരണം നല്ല റോഡുകൾ': ബിജെപി എംഎല്‍എ

MLA-Narayan-Patel
SHARE

നല്ല റോഡുകൾ വാഹനാപകടങ്ങൾ വർധിപ്പിക്കുന്നുവെന്ന് ബിജെപി എംഎൽഎ.മധ്യപ്രദേശിലെ ബിജെപി എംഎൽഎ ആയ നാരായൺ പട്ടേൽ ആണ് ഇത്തരം വിചിത്രമായ പ്രസ്താവന നടത്തിയത്. നല്ല റോഡുകൾ അതിവേഗ ട്രാഫിക്കിലേക്ക് നയിക്കുന്നുവെന്നും ഇത്  വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യതകൾ ഉയർത്തുവെന്നുമാണ് എംഎൽഎയുടെ പ്രസ്താവന.

മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിലെ മന്ധാതയിൽ നിന്നുള്ള എംഎൽഎ യാണ് നാരായൺ പട്ടേൽ.സംസ്ഥാനത്ത് വർധിച്ചു വരുന്ന റോഡപക‍ടങ്ങളെക്കുറിച്ച് വിശദീകരിക്കവെയായിരുന്നു എംഎൽഎയുടെ പ്രതികരണം. 

'എന്റെ മണ്ഡലത്തിൽ റോഡപകടങ്ങൾ വർധിച്ചു വരികയാണ്. റോഡുകൾ മികച്ചതായതുകൊണ്ടു തന്നെ വാഹനങ്ങളുടെ വേഗതയും വർധിക്കുന്നു. അതിനാൽ  വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യതയും വർധിക്കുന്നു.തനിക്കത് അനുഭവമുണ്ട്. ചില ഡ്രൈവർമാർ  മദ്യപിച്ച് വാഹനമോടിക്കുന്നതും റോഡപകടങ്ങളിലേക്ക് നയിക്കുന്നു'. അദ്ദേഹം പറഞ്ഞു.

മോശം റോഡുകൾ റോഡപകടങ്ങള്‍ കുറയ്ക്കുന്നുവെന്ന് കരുതുന്നുണ്ടോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായായിരുന്നു എംഎൽഎയുടെ വിശദീകരണം. സംസ്ഥാനത്തെ റോഡുകളുടെ മോശം അവസ്ഥയും ഉയർന്നു വരുന്ന റോഡപകടങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു ചോദ്യം. സംസ്ഥാനത്തെ ഖണ്ഡ്വ ജില്ലയിൽ മാത്രം ഈ വർഷം നാലു വലിയ റോഡപകടങ്ങളാണ് നടന്നത്്.  

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംങ് ചൗഹാനും മധ്യപ്രദേശിലെ റോഡുകൾ യു.എസിലെ റോഡുകളേക്കാൾ മെച്ചപ്പെട്ടതാണെന്ന അവകാശ വാദവുമായി നേരത്തെ രംഗത്തു വന്നിരുന്നു. 2017 ൽ യു.എസ് സന്ദർശനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.2018 ലെ ഒരു പൊതു പരിപാടിയിലും അദ്ദേഹം അതേ അവകാശ വാദം ആവർത്തിച്ചിരുന്നു.

BJP MLA Blames Good Roads For Rise In Accidents.

MORE IN INDIA
SHOW MORE