‘വിമര്‍ശനങ്ങളോട് കേന്ദ്രസര്‍ക്കാരിന്റെ സമീപനം മനസ്സിലായി’: തുറന്നെതിര്‍ത്ത് എ.എ.റഹീം

rahim modi
SHARE

ഗുജറാത്ത് വംശഹത്യയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാമർശിച്ചു പുറത്തിറക്കിയ ബിബിസി ഡോക്യുമെന്ററിക്കെതിരായി കോന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ സമീപനത്തെ വിമര്‍ശിച്ച് എ.എ.റഹീം എം.പി. വിമര്‍ശനങ്ങളോട് കേന്ദ്രസര്‍ക്കാരിന്റെ രീതി തുറന്നുകാട്ടുന്നതാണ് ഡോക്യുമെന്ററിയോടുള്ള എതിര്‍പ്പെന്ന് എ എ റഹീം ഫേസ്ബുക്കില്‍ കുറിച്ചു

‘‘ ഗുജറാത്ത് വംശഹത്യയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാമർശിച്ചു പുറത്തിറക്കിയ ബിബിസി ഡോക്യുമെന്ററി പരമ്പരയെ "പ്രചാരവേല" എന്ന് വിശേഷിപ്പിച്ച് ഇന്ത്യാ ഗവൺമെന്റ് കഴിഞ്ഞ ദിവസം അപലപിച്ചു,ഇന്ത്യയിൽ അത് നിരോധിക്കുകയും ചെയ്തു.യുകെയുടെ ആഭ്യന്തര റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ളതാണു  ഈ ഡോക്യുമെന്ററി എന്നതാണ് പ്രസക്തം.ഇന്ത്യ: മോഡി ക്വസ്റ്റ്യന്‍ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി, "ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തെ മുസ്ലീം ന്യൂനപക്ഷങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ" പരിശോധിക്കുന്നു, കൂടാതെ 2002 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഗുജറാത്തിൽ നടന്ന  വംശഹത്യയിൽ  അന്ന് ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന മോദിക്ക് നേരിട്ടുള്ള പങ്കുണ്ടെന്ന് ഈ ഡോക്യുമെന്ററി പ്രതിപാദിക്കുന്നു.

രാജ്യത്തിനകത്തും പുറത്തുനിന്നും ഉയരുന്ന വിയോജിപ്പുകളോട് കേന്ദ്രസർക്കാർ പെരുമാറുന്ന രീതി ഒരിക്കൽ കൂടി തുറന്നുകാട്ടുന്നതാണ് ഡോക്കുമെന്ററിക്ക്  വിലക്കേർപ്പെടുത്തിയ തീരുമാനം. പാരീസ് ആസ്ഥാനമായുള്ള റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് (ആർഎസ്എഫ്) എന്ന നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ തയ്യാറാക്കിയ പ്രസ് ഫ്രീഡം ഇൻഡക്‌സ് 2022 പ്രകാരം 180 രാജ്യങ്ങളിൽ 150-ാം സ്ഥാനത്താണ് ഇന്ത്യ!!. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ പത്രസ്വാതന്ത്ര്യത്തിൽ സ്ഥിരമായ ഇടിവ് ഈ സൂചിക സൂചിപ്പിക്കുന്നു. അഭിപ്രായസ്വാതന്ത്ര്യം നൽകാനോ വിമർശനങ്ങളെ ജനാധിപത്യ രീതിയിൽ നേരിടാനോ സംഘപരിവാറും അതിന്റെ ഏജന്റുമാരും തയ്യാറല്ലെന്ന വസ്തുത ഒരിക്കൽ കൂടി അടിവരയിടുന്നതാണ് ബിബിസി ഡോക്യുമെന്ററിക്കെതിരായ സർക്കാരിന്റെ നടപടി. ഗുജറാത്ത് സംഭവത്തിൽ  നരേന്ദ്രമോദിയുടെ പങ്കാളിത്തം ആദ്യമായി പുറത്ത് വരുന്നതല്ല. കാലാകാലങ്ങളിൽ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും,എഴുത്തുകാരും കലാകാരന്മാരും രാഷ്ട്രീയ നേതാക്കളും,ആക്ടിവിസ്റ്റുകളും  ഇത് തുറന്നുകാട്ടിയിട്ടുണ്ട്. ഇവരെയെല്ലാം കേന്ദ്ര സർക്കാർ ഏജൻസികൾ  വേട്ടയാടുകയായിരുന്നു. ഇപ്പോൾ ബിബിസി ഡോക്കുമെന്ററിയും.’’ എന്നാണ് എ എ റഹീം കുറിച്ചത്.  

സോഷ്യല്‍ മീഡിയയില്‍  റഹീമിന്റെ പ്രതികരണത്തോട് അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെപ്പേര്‍ പ്രതികരിക്കുന്നുണ്ട്.

MORE IN INDIA
SHOW MORE