‘ഡി.കെ ‌കൊണ്ടുവരും കര്‍ണാടക’; രാഹുലിന്റെ വിശ്വാസം; ബിജെപി വീഴുമോ?

kannada-congress
SHARE

കോൺഗ്രസ് ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങളും കോൺഗ്രസിൽ നിന്ന് ബിജെപി പിടിച്ചെടുത്ത രണ്ട് സംസ്ഥാനങ്ങളും ഉൾപ്പെടെ ഈ വർഷം തിരഞ്ഞെടുപ്പിലേക്ക് പോകുന്നത്. മോദിയെ വീണ്ടും വാഴിക്കാനുള്ള ശ്രമങ്ങളിലാണ് ബിജെപി. കോണ്‍ഗ്രസാകട്ടെ, രാഹുലിന്റെ യാത്ര കൊണ്ടുവന്ന ഊര്‍ജം വോട്ടാക്കാനുള്ള  പെടാപ്പാടുകളിലും. 2024ലെ വലിയ പരീക്ഷയുടെ പരീക്ഷണ ട്രാക്കുമാകുന്നു ഈ തിരഞ്ഞെടുപ്പുകള്‍. പോര് നടക്കുന്ന സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഇപ്പോഴേ മനസ്സിൽ ഭരണം ഉറപ്പിക്കുന്ന സംസ്ഥാനമാണ് കർണാടക. മോദിയും അമിത് ഷായും രാഹുലും പ്രിയങ്കയും ഇപ്പോഴേ കന്നട മണ്ണിൽ കളം വരച്ചുകഴിഞ്ഞു. അടവുകൾ പതിനെട്ടും കോൺഗ്രസ് പയറ്റുമ്പോഴും അണികളിലും നേതാക്കളിലും പാർട്ടിയിലും ഒരുപോലെ ഉയരുന്ന ചോദ്യമുണ്ട്.  ഡി.കെ.ശിവകുമാറും സിദ്ധരാമയ്യയും മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി തമ്മിൽ തല്ലുമോ? പടിക്കൽ കലം ഉടയ്ക്കുമോ?

കോൺഗ്രസിനും രാഹുലിനും ചുറ്റും കവചമായി ദൊഡ്ഡലഹള്ളി കെമ്പഗൗഡ ശിവകുമാർ എന്ന ഡി.കെ നിറയാൻ തുടങ്ങിയിട്ട് പതിറ്റാണ്ടാകുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തും കോൺഗ്രസിന് പ്രതിസന്ധി വന്നാൽ രക്ഷകനായി മുന്നിൽ ഡി.കെ അവതരിക്കും. കർണാടക കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് ഇരുന്ന് ആദ്യമായി തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുമ്പോൾ ഭരണത്തിൽ കുറഞ്ഞൊന്നും ഡി.കെ ശിവകുമാർ സമ്മാനിക്കില്ല എന്ന ആത്മവിശ്വാസം രാഹുലിനുണ്ട്.  7 തവണ എംഎൽഎ, സിദ്ധരാമയ്യ, കുമാരസ്വാമി, എസ്.എം.കൃഷ്ണ, എസ്.ബംഗാരപ്പ സർക്കാരുകളില്‍ മന്ത്രി. ഊർജം, ജലവിഭവം, നഗരവികസനം, ആഭ്യന്തരം, മെഡിക്കൽ വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്ത തഴക്കം. എല്ലാമുണ്ട് ഡി.കെയ്ക്ക്.  2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വലിയ ഒറ്റക്കക്ഷിയായെങ്കിലും സഖ്യധാരണയിലൂടെ അധികാരത്തിലേറിയ കോൺഗ്രസ്- ദൾ സർക്കാരിനെ ഒന്നരവർഷത്തിലേറെ പിടിച്ചു നിർത്തിയതും ശിവകുമാറിന്റെ മിടുക്കായിരുന്നു. പലപ്പോഴും ഓപ്പറേഷൻ താമരയിലൂടെ അധികാരം പിടിച്ചെടുക്കാൻ ബിജെപി നടത്തിയ ശ്രമങ്ങൾ ആദ്യമൊക്കെ ശിവകുമാർ മുന്നിൽ നിന്നു വെട്ടിനിരത്തിയിരുന്നു. ഇതെല്ലാം െകാണ്ടുതന്നെ ഇനി ആ മുഖ്യമന്ത്രി കസേരയ്ക്കും അദ്ദേഹം പരമയോഗ്യൻ.

എന്നാൽ ഡി.കെ വിജയിച്ചെത്തിയാൽ മുഖ്യമന്ത്രി കസേര കാട്ടിെകാടുത്തശേഷം ‘ഇരിക്കൂ..’ എന്ന് രാഹുലിന് പെട്ടെന്ന് പറയാനും കഴിഞ്ഞെന്ന് വരില്ല. കാരണം ജനപ്രീതി െകാണ്ടും ഇതേ പാരമ്പര്യം െകാണ്ടും മുന്നിൽ നിൽക്കുന്ന ആളുതന്നെയാണ് സിദ്ധരാമയ്യയും. 2013–18 കാലത്തെ സിദ്ധരാമയ്യ സർക്കാരിന്റെ ജനോപകാര പദ്ധതികൾ എണ്ണിപ്പറയാതെ കോൺഗ്രസിന് പ്രചാരണവേദികളിൽ തിളങ്ങാനാകില്ല. രണ്ടുപേരും ഒന്നിനൊന്ന് മെച്ചം. ഈ അവസരത്തിൽ ആരെ ഉയർത്തി കാട്ടും എന്നത് കോൺഗ്രസ് നേരിടുന്ന വലിയ വെല്ലുവിളി തന്നെയാണ്. പാർട്ടി ഹൈക്കമാൻഡിന്റെ മുന്നിൽ ഇരുകൂട്ടരും കെട്ടിപ്പിടിക്കുമെങ്കിലും രണ്ട് ഗ്രൂപ്പായി തിരിഞ്ഞാണ് സംസ്ഥാനത്തെ പാർട്ടിയുടെ പ്രവർത്തനമെന്ന റിപ്പോര്‍ട്ടുകളും ശക്തമാണ്. എന്നാല്‍ രാജസ്ഥാനിലും മധ്യപ്രദേശിലും അരങ്ങേറുന്ന പോലെ പരസ്യമായ വെല്ലുവിളികൾ കർണാടകയിൽ അത്ര പ്രകടമല്ല എന്നത് ആശ്വാസമാണ് കോണ്‍ഗ്രസിന്.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര എത്തിയപ്പോൾ‍ സിദ്ധരാമയ്യയും ശിവകുമാറും എല്ലാം മറന്ന് ഒന്നിച്ചത് അണികൾക്ക് ആവേശമായിരുന്നു. ഇതിന്റെ തുടർച്ചയായി നടത്തിയ ബസ് യാത്രയും ഇരുനേതാക്കളും ഒന്നിച്ചാണു നയിക്കുന്നത്. ഈ ഐക്യം പ്രചാരണവേദികളിലും നിലനിർത്തിയാൽ പാർട്ടിക്കു പ്രതീക്ഷയ്ക്കു വകയുണ്ട്. കോൺഗ്രസിനോട് അങ്ങേയറ്റം കൂറ് പുലർത്തുന്ന രണ്ട് നേതാക്കളും പാർട്ടിയുടെ തീരുമാനം അംഗീകരിക്കും എന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ.

കുറുബ സമുദായ നേതാവു കൂടിയായ സിദ്ധരാമയ്യ ഇക്കുറി കോലാറിൽ നിന്നാണു മത്സരിക്കുമെന്ന് സ്വയം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ തവണ രണ്ട് മണ്ഡലങ്ങളിൽ നിന്നും മൽസരിച്ച സിദ്ധരാമയ്യ അന്ന് ഒരിടത്ത് തോറ്റു. 2018ലെ തിരഞ്ഞെടുപ്പിൽ ബദാമി, ചാമുണ്ഡേശ്വരി മണ്ഡലങ്ങളിൽ നിന്നാണ് സിദ്ധരാമയ്യ മത്സരിച്ചത്. ബദാമിയിൽ ബിജെപി സ്ഥാനാർഥിയോട് വിജയിച്ചപ്പോൾ ചാമുണ്ഡേശ്വരിയിൽ ജെ‍ഡിഎസ് സ്ഥാനാർഥിയോടു തോറ്റു.  ഇക്കുറി ഒരാൾക്ക് ഒരു മണ്ഡലമെന്നതിൽ ശിവകുമാർ ഉറച്ചുനിൽക്കുകയാണ്. തന്നെക്കുറിച്ച് പുതുതായി പുറത്തിറക്കുന്ന പുസ്തകത്തിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ബിജെപി പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് സിദ്ധരാമയ്യ രംഗത്തെത്തിയത് ഈയിടെയാണ്. സിദ്ധരാമയ്യയെ കുറിച്ചുള്ള ഉപന്യാസങ്ങളുടെ ശേഖരമായ ‘സിദ്ധു നിജകനസുഗലു’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഇതോടെ കോടതി തടഞ്ഞു. ഏതായാലും സിദ്ധരാമയ്യയും ഡി.കെയും കച്ചമുറുക്കി മുന്നോട്ടുതന്നെയാണ്. രാജ്യമെങ്ങും നടന്ന് കോൺഗ്രസിനെ മടക്കികൊണ്ടുവരാൻ രാഹുൽ മരം കോച്ചുന്ന തണുപ്പിലും  ശ്രമിക്കുമ്പോൾ, അത് കാണാതെ ഡികെയും സിദ്ധരാമയ്യയും പരസ്യമായി തമ്മിൽ തല്ലുമെന്ന് കോൺഗ്രസ് കരുതുന്നില്ല. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരാളെ ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പിന നേരിടാൻ കോൺഗ്രസ് ഒരുങ്ങുമോ എന്നും കാത്തിരുന്ന് തന്നെ കാണണം.

കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ വീട്ടമ്മമാർക്കു പ്രതിമാസം 2000 രൂപ വീതം സഹായം നൽകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിവർഷം 24,000 രൂപ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ടു നിക്ഷേപിക്കുമെന്നും നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംഘടിപ്പിച്ച സ്ത്രീ ശാക്തീകരണ കൺവൻഷനിലാണ് വ്യക്തമാക്കിയത്. ‘ഗൃഹലക്ഷ്മി പദ്ധതി’ പ്രകാരം സംസ്ഥാനത്തെ 1.5 കോടി വീട്ടമ്മമാർക്കു ഗുണം ലഭിക്കുമെന്നും പാചകവാതകം ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലവർധന നേരിടാൻ ഇത് സഹായിക്കുമെന്നും പ്രിയങ്ക പറഞ്ഞു. ഏറെ നിർണായകമായ സ്ത്രീ വേട്ടുകൾ ഉറപ്പിക്കാൻ പ്രിയങ്കയെ ആദ്യം തന്നെ കളത്തിലിറക്കുകയാണ് കോൺഗ്രസ്.

കഴിഞ്ഞ തവണ 104 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കോൺഗ്രസും ജെഡിഎസ്സും കൂടി സർക്കാരുണ്ടാക്കി ബിജെപിയെ ഞെട്ടിച്ചു. രണ്ടര ദിവസത്തെ ഭരണം അവസാനിപ്പിച്ച് യെഡിയൂരപ്പ തോൽവി സമ്മതിച്ച് പടിയിറങ്ങി. പിന്നീട് എച്ച്.ഡി കുമാരസ്വാമി മുഖ്യമന്ത്രിയും ജി. പരമേശ്വര ഉപമുഖ്യമന്ത്രിയുമായി സർക്കാർ വന്നെങ്കിലും ഏച്ചുകെട്ടിയതെല്ലാം മുഴച്ചുതന്നെ നിന്നു. ഇരു പാർട്ടികളുടേയും 15 എംഎൽഎമാര്‍ മറുകണ്ടം ചാടിയതോടെ സഖ്യസർക്കാർ വീണു.  യെഡിയൂരപ്പ വീണ്ടും മുഖ്യമന്ത്രി. മറുകണ്ടം ചാടിയ 15 പേരിൽ 12 പേരും വിജയിച്ചതോടെ ബിജെപി ഭരണം സുരക്ഷിതമാക്കി. എന്നിട്ടും  2021–ൽ പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശത്തിന് വഴങ്ങി യഡിയൂരപ്പ രാജിവച്ചു. ഭൂരിപക്ഷമായ ലിംഗായത് സമുദായക്കാരൻ ബാസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി. ബൊമ്മെയ്ക്കെതിരെയും പാർട്ടിക്കുള്ളിൽ കലഹങ്ങൾ നടക്കുന്നുണ്ട്. അഴിമതി ആരോപണങ്ങൾ, അശ്ലീല സിഡി വിവാദം,  ഹിന്ദുത്വ കാർഡ് പരീക്ഷണങ്ങൾ.. അങ്ങനെ അടിക്കും തിരിച്ചടിക്കുമുള്ള വകകൾ കഴിഞ്ഞ ബിജെപി ഭരണത്തിന് കീഴെ ധാരാളമുണ്ട്. ഒപ്പം പാർട്ടിക്കുള്ളിൽ തന്നെയുള്ള ചേരിപ്പോരും. എങ്കിലും  ഓപ്പറേഷൻ താമരയുടെ സഹായമില്ലാതെ ഇക്കുറിയെങ്കിലും വ്യക്തമായ ഭൂരിപക്ഷ‌ത്തോടെ സർക്കാർ രൂപീകരിക്കുകയാണ് ബിജെപി ലക്ഷ്യം.

ബിജെപിയിലെ പാളയത്തില്‍ പടയിലും സംസ്ഥാനത്ത് കോണ്‍ഗ്രസ് കണ്ണുവയ്ക്കുന്നു.  കർണാടകയിൽ നിന്നും ബിജെപിയെ താഴെയിറക്കിയാൽ കോൺഗ്രസ് മുക്തഭാരതം സ്വപ്നം കാണുന്ന ബിജെപിക്ക്, ‘ബിജെപി മുക്ത ദക്ഷിണേന്ത്യ’ സമ്മാനിക്കാൻ രാഹുലിന് കഴിയും. രാജ്യത്ത് എംഎൽഎമാരുടെ ‘കുതിരക്കച്ചവട’ത്തിനും ‘റിസോർട്ട് രാഷ്ട്രീയ’ത്തിനും തുടക്കം കുറിച്ച സംസ്ഥാനം കൂടിയാണ് കർണാടകം. ആ ചീത്തപ്പേര് മായ്ക്കുന്ന ജനവിധിയാണ് ജനാധിപത്യ ഇന്ത്യ ആഗ്രഹിക്കുന്നത്. ബിജെപി നേതൃത്വം പലമട്ടില്‍ വേട്ടയാടുന്ന ഡി.കെയുടെ മനസ്സിലെ കരുനീക്കങ്ങളില്‍ തന്നെയാണ് കോണ്‍ഗ്രസ് പ്രതീക്ഷ. മതവും ജാതിയും ആ സമവാക്യങ്ങളും മാറിമറിയുന്ന കന്നഡ നാട് എന്ത് കരുതി വയ്ക്കുമെന്ന് കാത്തിരുന്ന തന്നെ കാണണം,  

MORE IN INDIA
SHOW MORE