'ഒന്നിച്ചുനടക്കുമ്പോള്‍ ചുവടുകള്‍ ശക്തമാകും’; ഭാരത് ജോഡോ യാത്രയില്‍ പ്രിയങ്ക

priyankajodo-24
SHARE

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ അണിചേര്‍ന്ന് പ്രിയങ്ക ഗാന്ധി. മഹാരാഷ്ട്രയിലെ പര്യടനം പൂര്‍ത്തിയാക്കി യാത്ര മധ്യപ്രദേശിലേക്ക് കടന്നപ്പോഴാണ് പ്രിയങ്ക രാഹുലിനൊപ്പം ചേര്‍ന്നത്. ഭർത്താവ് റോബേർട്ട് വദ്ര, മകൻ റെഹാൻ എന്നിവർക്കൊപ്പമാണ് പ്രിയങ്ക എത്തിയത്. ‘ഒന്നിച്ചുനടക്കുമ്പോള്‍ ചുവടുകള്‍ ശക്തമാകു’മെന്ന് രാഹുലിന്റെയും പ്രിയങ്കയുടെയും ചിത്രം പങ്കുവച്ച് കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ദിഗ്‍വിജയ് സിങ്ങും കമല്‍നാഥും രാഹുലിനൊപ്പമുണ്ട്. 

ബോര്‍ഗാവില്‍ നിന്ന് ഖാണ്ഡ്‍വയിലേക്കാണ് ആദ്യദിവസം പദയാത്ര. ഖര്‍ഗോണിലേക്ക് പോകുംവഴി സ്വാതന്ത്ര്യസമരസേനാനിയും ആദിവാസി നേതാവുമായ താന്തിയ ഭീലിന്റെ ജന്മസ്ഥലം സന്ദര്‍ശിക്കും. ഇതിന് ബദലായി ബിജെപി ഇന്നലെ താന്തിയ ഭീലിന്റെ ജന്മസ്ഥലത്തുനിന്ന് ജന്‍ജാതീയ ഗൗരവ് യാത്ര എന്ന പേരില്‍ മാര്‍ച്ച് തുടങ്ങിയിരുന്നു. മുഖ്യമന്ത്രി ശിവ്‍രാജ് സിങ് ചൗഹാനും നാല് മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു. ഭാരത് ജോഡോ യാത്രയെ പേടിച്ചല്ല മുന്‍കൂട്ടി നിശ്ചയിച്ചതാണ് മാര്‍ച്ചെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. കന്യാകുമാരിയില്‍ നിന്നാരംഭിച്ച ഭാരത് ജോഡോ യാത്ര മധ്യപ്രദേശില്‍ നിന്ന് പാര്‍ട്ടിയില്‍ ആഭ്യന്തര കലഹം രൂക്ഷമായ രാജസ്ഥാനിലേക്കാണ് പോകുക. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ യാത്ര തടയുമെന്ന് ഗുജ്ജര്‍ സമുദായ നേതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

MORE IN INDIA
SHOW MORE