‘അഫ്താബുമാർ ജനിക്കാതിരിക്കാൻ മോദി വീണ്ടും പ്രധാനമന്ത്രിയാകണം’: അസം മുഖ്യമന്ത്രി

മൂന്നാം തവണയും നരേന്ദ്രമോദിയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ‌. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സൂറത്തിൽ പ്രചാരണം നടത്തുകയായിരുന്നു അദ്ദേഹം. ശക്തനായ നേതാവില്ലെങ്കിൽ അഫ്താബിനെപ്പോലുള്ളവർ എല്ലാ പട്ടണങ്ങളിലും ജനിക്കുമെന്ന് ഹിമന്ദ പറഞ്ഞു. ന്യൂഡൽഹിയിൽ ലിവ്–ഇൻ പങ്കാളിയായ ശ്രദ്ധ വോൾക്കറെ കൊലപ്പെടുത്തിയ സംഭവം മുൻനിർത്തിയായിരുന്നു ഹിമന്ദയുടെ പരാമർശം.

ലൗവ് ജിഹാദ് ആണ് കൊലയ്ക്ക് പിന്നിലെന്നും ഹിമന്ദ ആരോപിച്ചു. അഫ്താബ് മുംബൈയിൽ നിന്നും ശ്രദ്ധയെ കൂട്ടിക്കൊണ്ടുവന്ന് 35 കഷണങ്ങളാക്കി ഫ്രിജിനുള്ളിൽ സൂക്ഷിച്ചു. മൃതദേഹം ഫ്രിജിലിരിക്കുമ്പോൾ തന്നെ മറ്റൊരു സ്ത്രീയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ഡേറ്റിങ് ആരംഭിച്ചു. രാജ്യത്തെ അമ്മയായി കാണുന്ന ശക്തനായ നേതാവില്ലെങ്കിൽ എല്ലാ പട്ടണങ്ങളിലും അഫ്താബുമാർ ജനിക്കും. നമുക്ക് നമ്മുടെ സമൂഹത്തെ സംരക്ഷിക്കാൻ സാധിക്കാതെ വരും. അതിനാൽ 2024ലും നരേന്ദ്ര മോദിയെ തന്നെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. 

മെഹ്റൗലിയിലാണ് യുവതിയെ ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയശേഷം 35 കഷണങ്ങളാക്കി യുവാവ് ഫ്രിജിൽ സൂക്ഷിച്ചത്. പിന്നീട് മൃതദേഹം വനത്തിൽ കൊണ്ടുതള്ളുകയായിരുന്നു. കോൾ സെന്റർ ജീവനക്കാരിയായിരുന്ന ശ്രദ്ധയാണ് (26) കൊല്ലപ്പെട്ടത്. കോൾ സെന്റർ ജീവനക്കാരനായ അഫ്താബിനെ പൊലീസ് അറസ്റ്റു ചെയ്തു.