പെൺമക്കൾക്ക് മുന്നിൽ എനിക്ക് മാതൃകയാകണം; സ്റ്റാലിൻ മൗനം തുടരുന്നതെന്ത്?: ഖുശ്ബു

stalin-khusboo
SHARE

തനിക്കെതിരെ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയ ഡിഎംകെ നേതാവിനെ തിരുത്താതെ മൗനം തുടരുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെതിരെ വിമർശനവുമായി നടിയും ബിജെപി നേതാവുമായ ഖുശ്ബു. ഡിഎംകെ നേതാവിന്റെ അപമാനകരമായ പരാമർശങ്ങളുമായി ബന്ധപ്പെട്ട് ‌സ്റ്റാലിൻ തനിക്കൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, എന്തുകൊണ്ടാണ് അദ്ദേഹം ഇപ്പോഴും മൗനം പാലിക്കുന്നതെന്നും ഖുശ്ബു ചോദിച്ചു.‌

ഡിഎംകെ നേതാവ് സെയ്ദായ് സിദ്ദിഖ് നടത്തിയ വിവാദ പരാമർശങ്ങളുമായി ബന്ധപ്പെട്ട് ഡിഎംകെ നേതാവും എംപിയുമായ കനിമൊഴി, ഖുശ്ബുവിനോടു ഖേദം പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്റ്റാലിന്റെ മൗനത്തിനെതിരെ താരം രംഗത്തെത്തിയത്. ബിജെപി നേതാക്കളും നടിമാരുമായ ഖുശ്ബു, നമിത, ഗൗതമി, ഗായത്രി രഘുറാം എന്നിവരെ ഒരു പരിപാടിയിൽ സംസാരിക്കുമ്പോൾ സെയ്ദായി സിദ്ദിഖ് ‘ഐറ്റങ്ങൾ’ എന്നു വിശേഷിപ്പിച്ചതാണ് വിവാദമായത്.

‘തമിഴ്നാട്ടിൽ താമര വിരിയുമെന്നാണ് ഖുശ്ബു പറയുന്നത്. അമിത് ഷായുടെ തലയിൽ മുടി വളർന്നാലും തമിഴ്നാട്ടിൽ താമര വിരിയുമെന്ന് തോന്നുന്നില്ല’ – എന്നും സിദ്ദിഖ് പ്രസംഗിച്ചിരുന്നു. വിവാദ പരാമർശം നടത്തിയ ഡിഎംകെ നേതാവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നു ഖുശ്ബു വ്യക്തമാക്കി. അദ്ദേഹത്തിന്റെ പരാമർശത്തിനെതിരെ പോകാവുന്ന ഇടങ്ങളിലെല്ലാം ഞാൻ പോകും. എന്റെ വ്യക്തിത്വവും അന്തസ്സും കാത്തുസൂക്ഷിക്കുന്നതിന് അയാൾക്കെതിരെ പരാതിയും നൽകും – ഖുശ്ബു പറഞ്ഞു.

ഡിഎംകെ നേതാവിന്റെ പരാമർശങ്ങൾ തികച്ചും വ്യക്തിപരമായാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് ഖുശ്ബു ചൂണ്ടിക്കാട്ടി. ‘ഈ പരാമർശങ്ങൾ നടത്തിയതിലൂടെ അയാൾ അങ്ങേയറ്റം അധപ്പതിച്ചിരിക്കുന്നു. 22ഉം 19ഉം വയസ്സുള്ള എന്റെ പെൺമക്കൾ ഇക്കാര്യത്തിൽ എന്നെ ചോദ്യം ചെയ്യും. അവർക്കു മുന്നിൽ എനിക്ക് മാതൃകയായിരിക്കേണ്ടതുണ്ട്. പൊതുവേദിയിൽ വച്ചാണ് ഡിഎംകെ നേതാവ് എനിക്കെതിരെ ഈ അപമാന പരാമർശങ്ങൾ നടത്തിയത്.

ഖുശ്ബുവിനെ കിട്ടാൻ എളുപ്പമാണ് എന്നല്ലേ അയാൾ പറഞ്ഞത്? അയാൾ എന്നെ പരസ്യമായി വേശ്യയെന്നു വിളിച്ചു. എനിക്ക് മുഖ്യമന്ത്രിയോട് ഒറ്റക്കാര്യമേ ചോദിക്കാനുള്ളൂ. എന്റെ പാർട്ടിയിൽപ്പെട്ട ആരെങ്കിലുമാണ് ഇത്തരമൊരു പരാമർശം നടത്തിയിരുന്നതെങ്കിൽ അദ്ദേഹം ഇതുപോലെ മൗനം പാലിക്കുമായിരുന്നോ?’– ഖുശ്ബു ചോദിച്ചു.

MORE IN INDIA
SHOW MORE