പിന്നെയും ഇന്ത്യൻ കൗമാരത്തോട് തോറ്റ് കാൾസൻ; 16കാരൻ ഗുകേഷ് താരം

ഇന്ത്യയുടെ കൗമാരതാരത്തോട് വീണ്ടും തോൽവി ഏറ്റുവാങ്ങി ലോക ചെസ് ചാംപ്യൻ മാഗ്നസ് കാൾസൻ. പതിനാറുകാരൻ ഡി.ഗുകേഷിനോടാണ് കാൾസന്റെ പുതിയ തോൽവി. ഇതോടെ കാൾസനെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡും ഗുകേഷ് സ്വന്തമാക്കി. രമേശ് ബാബു പ്രഗ്നാനന്ദയുടെ റെക്കോർഡാണ് ഗുകേഷ് മറികടന്നത്.

എയിം ചെസ് റാപ്പിഡ് ഓൺലൈൻ  ടൂർണമെന്‍റിൽ ഒൻപതാം റൗണ്ടിലാണ് കാൾസനെ ഇന്ത്യയുടെ ഈ പതിനാറുകാരൻ തോൽപ്പിച്ചത്. ഇതോടെ മൂന്ന് ഇന്ത്യൻ താരങ്ങളോടാണ് കാൾസൻ ഇതുവരെ തോറ്റിരിക്കുന്നത്. കഴിഞ്ഞ ദിവസം 19കാരനായ അർജുൻ എരിഗിയാസിയോടും കാൾസൻ തോറ്റിരുന്നു.