ക്രമസമാധാനം തകർക്കാൻ ശ്രമം; എഎപി ഗുജറാത്ത് അധ്യക്ഷനെതിരെ പൊലിസ് നടപടി

ആം ആദ്മി പാർട്ടി ഗുജറാത്ത് അധ്യക്ഷൻ ഗോപാൽ ഇത്താലിയയെ ഡൽഹി പൊലീസ് കസ്റ്റഡിൽ എടുത്ത് വിട്ടയച്ചു. ദേശീയ വനിതാ കമ്മീഷൻ ഓഫീസിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നു എന്ന് വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ  അറിയിച്ചതിനെ തുടർന്നാണ് പൊലീസ് നടപടി. കസ്റ്റഡിയിലെടുത്ത് മൂന്ന് മണിക്കൂറിന് ശേഷമാണ് വിട്ടയച്ചത്

പ്രധാനമന്ത്രിയെ അപകീർത്തി പെടുത്തിയുള്ള വീഡിയോ പങ്കു വക്കുകയും സ്ത്രീകളെ അപമാനിക്കുന്ന പദപ്രയോഗം നടത്തുകയും ചെയ്തതിൽ നേരിട്ട് ഹാജരാനാവശ്യപ്പെട്ട് ദേശീയ വനിത കമ്മീഷൻ ആം ആദ്മി പാർട്ടി ഗുജറാത്ത് അധ്യക്ഷൻ ഗോപാൽ ഇത്താലിയക്ക്  നോട്ടീസ് നൽകിയിരുന്നു. ഇതു പ്രകാരമാണ് ഗോപാൽ ഇത്താലിയ ദേശീയ വനിത കമ്മീഷൻ ഓഫീസിലെത്തിയത്. ഇതിനിടെ ജയിലിലടക്കുമെന്ന് അധ്യക്ഷ രേഖ ശർമ്മ ഭീഷണി പെടുത്തിയെന്ന് ഗോപാൽ ഇത്താലിയ ആരോപിച്ചു. ആരോപണത്തിന് പിന്നാലെ ഗോപാൽ ഇത്താലിയയെ പിന്തുണക്കുന്ന വർ അതിക്രമിച്ച് ഓഫിസിലേക്ക് കയറി ഭീഷണിപെടുത്തി എന്നും അതിനാൽ പൊലിസിനോട് ഉചിതമായ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടെന്നും അധ്യക്ഷ രേഖ ശർമ്മ പറഞ്ഞു. തുടർന്നാണ്  വനിത കമ്മീഷൻ ഓഫീസിൽ നിന്ന് ഗോപാൽ ഇത്താലിയയെ പൊലീസ്

കസ്റ്റഡിയിൽ എടുത്തത്.

വനിത കമ്മീഷനെ വച്ച് ബിജെപി രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്നും ഗുജറാത്ത് ജനം മറുപടി നൽകുമെന്നും ആം ആദ്മി പാർട്ടി പ്രതികരിച്ചു.  ആം ആദ്മി പാർട്ടി നേതാക്കൾ എന്തെന്ന് ഓരോ ദിവസവും വ്യക്തമാവുകയാണെന്നായിരുന്നു ബിജെപിയുടെ മറുപടി