കർണാടക നെഹ്റുവിനെ മറന്നു; രാജ്യമെങ്ങും പരസ്യം നൽകി രാജസ്ഥാന്റെ മറുപടി

rajasthan-bjp-congress
SHARE

സ്വാതന്ത്ര്യ ജൂബിലിയോട് അനുബന്ധിച്ച് കർണാടക സർക്കാർ പുറത്തിറക്കിയ പരസ്യത്തിൽ ജവാഹർലാൽ നെഹ്റുവിനെ ഒഴിവാക്കിയതിനെച്ചൊല്ലി വിവാദം ശക്തമാകുമ്പോൾ മറുപടി നൽകി രാജസ്ഥാൻ. രാജ്യത്തെ പ്രമുഖ പത്രങ്ങളിൽ ഒന്നാം പേജ് പരസ്യം നൽകിയാണ് കർണാടകയ്ക്ക് രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ തിരിച്ചടി നൽകിയത്. ദേശീയ പതാക ഏന്തി നിൽക്കുന്ന നെഹ്റുവിന്റെ ചിത്രം വച്ചാണ് രാജസ്ഥാൻ സർക്കാർ പരസ്യം നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി അശോക്‌ ഗെഹ്‌ലോട്ടിന്റേയും രാജസ്ഥാൻ കോൺഗ്രസിന്റേയും ഈ തീരുമാനത്തെ തുണച്ച് കോൺഗ്രസ് നേതാക്കളും രംഗത്തെത്തി.

‘കർണ്ണാടകത്തിന്റെ സംഘി നെറികേടിന് രാജസ്ഥാന്റെ മറുപടി. ഇത് ഇന്ത്യയുടെ മറുപടി കൂടിയാണ്. കാരണം, നെഹ്രു ഇന്ത്യയുടെ ഹൃദയത്തിലാണ്. അല്ല, നെഹ്രു തന്നെയാണ് ഇന്ത്യയുടെ ഹൃദയം. ആധുനിക ഇന്ത്യയുടെ, ജനാധിപത്യ ഇന്ത്യയുടെ, മതേതര ഇന്ത്യയുടെ, ലിബറൽ ഇന്ത്യയുടെ, ശാസ്ത്രീയ ഇന്ത്യയുടെ, പുരോഗമന ഇന്ത്യയുടെ ഹൃദയത്തിലാണ് ആ പനിനീർപ്പൂവ്. ഇന്ത്യ എന്ന ആശയത്തിന്റെ യഥാർത്ഥ ശിൽപ്പികൾക്ക് പ്രണാമം.’ വി.ടി ബൽറാം കുറിച്ചു.  നെഹ്‌റുവിനെ മറന്ന് പോകുന്നത്‌ ജനാധിപത്യവും സ്വാതന്ത്ര്യവും രാജ്യം നേടിയ പുരോഗതിയും മറന്ന് പോകുന്നതിനു തുല്യമാണെന്നും അങ്ങനെ ആസൂത്രിത മറവിക്ക്‌ നെഹ്‌റുവിനെ വിട്ട്‌ കൊടുക്കാൻ ഞങ്ങൾ തയ്യാറല്ലെന്ന് ടി.സിദ്ദിഖ് എംഎൽഎയും കുറിച്ചു. 

സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ അംബേദ്കറെ അവസാന നിരയിൽ മാത്രം അവതരിപ്പിച്ച പരസ്യത്തിൽ സവർക്കറുടെ ചിത്രവും കർണാടക ഉൾപ്പെടുത്തിയിരുന്നു. ഇന്ത്യ–പാക്കിസ്ഥാൻ വിഭജനത്തിന് കാരണക്കാരനായതുകൊണ്ടാണ് നെഹ്റുവിനെ ഉൾപ്പെടുത്താതിരുന്നതെന്ന് ബിജെപി സംസ്ഥാന വക്താവ് രവികുമാർ ന്യായീകരിച്ചു. ഝാൻസി റാണി, ഗാന്ധിജി, സവർക്കർ, വല്ലഭ് ഭായ് പട്ടേൽ എന്നിവർ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയതിനാൽ ഉൾപ്പെടുത്തിയെന്നും പറഞ്ഞു.

MORE IN INDIA
SHOW MORE