ബ്രിട്ടീഷുകാരുടെ ഭാഗ്യദിനം; ഇന്ത്യക്കാരുടെ ‘മോശം ദിവസം’; എന്തുകൊണ്ട് ഓഗസ്റ്റ് 15?

Nehru
SHARE

ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയട്ട് 75 വര്‍ഷം പൂര്‍ത്തിയാകുന്നു. ഏതാണ്ട് ഒരു നൂറ്റാണ്ടുകാലം നീണ്ടുനിന്ന സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ക്കൊടുവിലാണ് നമ്മുടെ നാട്ടിലെ പൗരന്മാര്‍ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വാസിച്ച് തുടങ്ങുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനമായി ഓഗസ്റ്റ് 15 തന്നെ തിരഞ്ഞെടുത്തതിന് വിവിധ കാരണങ്ങള്‍ ഉണ്ട്. 

ജനുവരി ഇരുപതിയാറോ അതോ ഓഗസ്റ്റ് പതിനഞ്ചോ..?

1930 ജനുവരിയിലെ അവസാന ഞായറാഴ്ച സ്വാതന്ത്രദിനമായി ആഘോഷിക്കാനുള്ള പ്രമേയം പാസാക്കപ്പെട്ടത് കോണ്‍ഗ്രസിന്റെ വാര്‍ഷിക സമ്മേളനം നടന്ന ലാഹോറില്‍ വച്ചാണ്. ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് പൂര്‍ണ സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ട് പൂര്‍ണ സ്വരാജ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ഈ യോഗത്തിലാണ് ജവഹര്‍ലാല്‍ നെഹ്റുവിനെ കോണ്‍ഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുത്തതും. 1930ന് ശേഷം എല്ലാ വര്‍ഷവും കോണ്‍ഗ്രസ് മനോഭാവുമുള്ള ഇന്ത്യക്കാര്‍ ജനുവരി 26 സ്വാതന്ത്ര്യദിനമായി ആഘോഷിച്ചിരുന്നു. ‘1930 ജനുവരി 26 സ്വാതന്ത്ര്യദിനം വന്നെത്തി. എല്ലായിടത്തും ഗൗരവത്തോടെ സത്യപ്രതി‍‍‍‍‍ജ്ഞയെടുക്കുന്ന ജനങ്ങളുടെ വമ്പിച്ച യോഗങ്ങള്‍. പ്രസംഗങ്ങളോ ഉദ്ബോധനങ്ങളോ ഇല്ല. എന്തോ വലിയൊരു സംഭവമായി ഞങ്ങള്‍ക്കത് അനുഭവപ്പെട്ടു.’ എന്ന് നെഹ്റു ആത്മകഥയില്‍  അനുസ്മരിക്കുന്നുണ്ട്. എന്നാല്‍ മറ്റൊരു രാജ്യത്തിന്റെ കൈകള്‍ ഇന്ത്യയ്ക്ക് മേല്‍ ഇല്ലെന്ന് പ്രഖ്യാപിച്ച് രാജ്യം റിപ്പബ്ലിക്കാകാന്‍ തിരഞ്ഞെ‌ുത്തത് 1950 ജനുവരി 26ാണ്. ഇതോടെ ഔദ്യോഗികമായി പരമാധികാരമുള്ള രാജ്യമായി മാറി ഇന്ത്യ. 

ബ്രിട്ടീഷുകാരുടെ ഭാഗ്യദിനം

സ്വാതന്ത്ര്യസമരങ്ങളും, രണ്ടാംലോക യുദ്ധവും ബ്രിട്ടനെ തളര്‍ത്തിയിരുന്നു. 1947 ജൂലൈ നാലാം തീയതിയാണ് ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ബില്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെടുന്നത്. തേര്‍ഡ് ജൂണ്‍ പ്ലാന്‍ എന്നും മൗണ്ട് ബാറ്റണ്‍ പ്ലാന്‍ എന്നും അറിയപ്പെട്ടിരുന്ന പദ്ധതിയുടെ സാക്ഷാത്കാരമായിരുന്നു ഈ നിയമം. അതുപ്രകാരം ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ ഇന്ത്യയെന്നും പാക്കിസ്ഥാനെന്നും രണ്ടായി വിഭജിച്ചു. 1948 ജൂണ്‍ 30നുള്ളില്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് അന്നത്തെ വൈസ്റോയ് മൗണ്ട് ബാറ്റണെ ചുമതലപ്പെടുത്തി. എന്നാല്‍ അദ്ദേഹം ഒരു വര്‍ഷം മുമ്പുതന്നെ അധികാരം കൈമാറി, തിരികെ ബ്രിട്ടനിലേക്ക് മടങ്ങുകയാണുണ്ടായത്. അതായത് മൗണ്ട് ബാറ്റണ്‍ പ്രഭുവാണ് ഇന്ത്യയുടെ സ്വാതന്ത്ര്യദിനമായി 1947 ഓഗസ്റ്റ് 15 തിരഞ്ഞെടുത്തത്.

FILES-INDIA-PAKISTAN-60 YRS-INDEPENDENCE-NEHRU
കോണ്‍സ്റ്റിറ്റ്യൂവന്റ് അസംബ്ലളിയില്‍ നെഹ്റു സംസാരിക്കുന്നു

'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' എന്ന പുസ്തകത്തില്‍ മൗണ്ട് ബാറ്റണെ തന്നെ ഉദ്ധരിച്ചു കൊണ്ട് വിശദീകരിക്കുന്നത് ഇങ്ങനെയാണ്, ‘എന്തുകൊണ്ട്  ഓഗസ്റ്റ് 15 എന്ന് ചോദിച്ചാല്‍ ആ ദിവസം ജാപ്പനീസ് പട രണ്ടാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടന് മുന്നില്‍ തോല്‍വി സമ്മതിച്ചതിന്റെ രണ്ടാം വാര്‍ഷികമാണ്. അത് ബ്രിട്ടനെ സംബന്ധിച്ചിടത്തോളം ഒരു വിശേഷദിനമാണ്’. 1945 ഓഗസ്റ്റ് 15 നാണ് ജാപ്പനീസ് ചക്രവര്‍ത്തിയായ ഹിറോഹിതോ ഒരു റേഡിയോ സന്ദേശത്തിലൂടെ സഖ്യ സേനയ്ക്ക് മുന്നില്‍ ജപ്പാന്‍ കീഴടങ്ങുന്നതായി പ്രഖ്യാപിക്കുന്നത്. അങ്ങനെ ബ്രി‌ട്ടീഷുകാരുടെ ഭാഗ്യദിനം ഇന്ത്യക്കാരുടെ സ്വാതന്ത്രദിനമായി.

അര്‍ധരാത്രിക്ക് തൊട്ടുമുന്‍പ് ഔപചാരിക ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. അതിനും കാരണം ഉണ്ട്. ഓഗസ്റ്റ് 15 നല്ല ദിവസമല്ലെന്ന് ജ്യോതിഷികള്‍ വിധിച്ചുവത്രെ. 14ാം തീയതി തന്നെ ചടങ്ങുകള്‍ തുടങ്ങാന്‍ തിരുമാനമായി. അങ്ങനെ കോണ്‍സ്റ്റിറ്റ്യൂവന്റ് അസംബ്ലളിയുടെ പ്രത്യേക സമ്മേളനത്തോടെ രാജ്യം സ്വാതന്ത്രത്തിലേക്ക് കടന്നു. രാത്രി 11 മണിക്ക് നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഇന്ത്യയിലെ സ്ത്രീകള്‍ക്ക് വേണ്ടി ദേശീയപതാക സമര്‍പ്പിച്ചതോടെ ആഘോഷങ്ങള്‍ അവസാനിച്ചു.

INDIA-60YRS-INDEPENDENCE
മൗണ്ട് ബാറ്റണ്‍ പ്രഭു, ജവഹര്‍ലാല്‍ നെഹ്റു

ഇന്ത്യയും പാക്കിസ്ഥാനും ഒരുമിച്ചാണ് സ്വതന്ത്രമായത്. പാക്കിസ്ഥാന്‍ ആദ്യമിറക്കിയ സ്റ്റാമ്പില്‍ സ്വാതന്ത്ര്യ ദിനം ഓഗസ്റ്റ് 15 എന്നാണ് സൂചിപ്പിച്ചത്. എന്നാല്‍ 1948 മുതലാണ് തീയതി മാറ്റിയതും ഓഗസ്റ്റ് 14ന് പാക്കിസ്ഥാന്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ തുടങ്ങിയത്. പാക്കിസ്ഥാനുള്ള അധികാര കൈമാറ്റ ചടങ്ങ് നടന്നത് 1947 ഓഗസ്റ്റ് 14ന് കറാച്ചിയില്‍ വച്ചാണ്. ആ വര്‍ഷം ഓഗസ്റ്റ്  14നായിരുന്നു ഇസ്‍ലാമിക കലണ്ടറിലെ റമദാന്‍ 27. മുസ്‍ലിംകള്‍ക്ക് ഏറെ പ്രാധാന്യമുള്ള ദിനമാണ് റമദാന്‍ 27. ഇക്കാര്യം കൂടി പരിഗണിച്ചാണ് പാക്കിസ്ഥാന്‍ ഭരണകൂടം അവരുടെ സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 14ലേക്ക് പിന്നീട് മാറ്റിയത്.

1947 ഓഗസ്റ്റ് 15 ന് അധികാരം കൈമാറി ബ്രിട്ടന്‍ ഇന്ത്യയില്‍ നിന്ന് പിന്‍വാങ്ങിയതോടെ അവസാനമായത് 1757 -ലെ പ്ലാസി യുദ്ധത്തോടെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയില്‍ തുടക്കമിട്ട കൊളോണിയലിസ്റ്റ് അധിനിവേശങ്ങള്‍ക്ക് കൂടിയാണ്.

അവലംബം: ഇന്ത്യ ഗാന്ധിക്ക് ശേഷം, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍

MORE IN BREAKING NEWS
SHOW MORE