ത്രിവർണ പതാക ജീവിതമാക്കിയ ഗ്രാമം; ഇത് ബെങ്കേരിയുടെ കഥ

bengeri
SHARE

ത്രിവർണ പതാക നമ്മുടെ അഭിമാനമാണ്. ഇതേ ത്രിവർണ പതാക ജീവിതമാക്കിയ ഒരു ഗ്രാമത്തിന്റെ കഥയാണ് ഇനി. കർണാടക ഹുബ്ബള്ളിയിൽ പതാക നിർമിക്കുന്ന ഗ്രാമത്തിന്റെ കഥ. ബെങ്കേരിയുടെ കഥ. കർണാടകയിലെ ഹുബ്ബള്ളി നഗരത്തോട് ചേർന്ന് കിടക്കുന്ന കൊച്ചു ഗ്രാമം. എന്നാൽ ബെങ്കേരി അറിയപ്പെടുന്നത്  ദേശീയപതാക നിർമിക്കുന്ന ഗ്രാമം എന്ന പേരിലാണ്. 

രാജ്യത്ത് ഔദ്യോഗികമായി ദേശീയപാത നിർമിക്കാൻ അനുമതിയുള്ള ഹുബ്ബള്ളി ആസ്ഥാനമായ കർണാടക ഖാദി ഗ്രാമോദ്യോഗ് സംയുക്ത സംഘിന്റെ പതാക നിർമാണ യൂണിറ്റാണ് ബെങ്കേരിയെ പ്രശസ്തമാക്കിയത്. ഹുബ്ബള്ളി, ബാഗൽകോട്ട് ജില്ലകളിലായി 125 ഗ്രാമങ്ങളിലാണ് കെകെജിഎസ്എസിന്റെ പതാക നിർമാണ യൂണിറ്റുകൾ പ്രവർത്തിക്കുന്നത്. ചർക്കയിൽ നെയ്തെടുക്കുന്ന നൂൽ ഉപയോഗിച്ചാണ് സൂക്ഷ്മമായി  ഓരോ പതാകയും ഇവിടെ നിർമിക്കുന്നത്. കെകെജിഎസ്എസിൽ നിർമിച്ച പതാകകളാണ് രാജ്യതലസ്ഥാനത്തെ രാഷ്ട്രപതി ഭവൻ, പാർലമെന്റ് മന്ദിരം, വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ മന്ദിരങ്ങൾ, രാജ്ഭവനുകൾ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ തലയെടുപ്പോടെ പാറുന്നത്.  ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ് (ബിഐഎസ്) അംഗീകാരവും കെകെജിഎസ്എസിന് ലഭിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തെ വരവേൽക്കാൻ എല്ലാ വീടുകളിലും ദേശീയപതാക ഉയർത്താനുള്ള ഹർഘർ തിരംഗ പ്രചാരണം മുന്നേറുമ്പോഴും   ഹുബ്ബള്ളിയിലെ തൊഴിലാളികൾ ആശങ്കയിലാണ്. ഖാദി തുണിയിലും സിൽക്കിലും വൂളിലും മാത്രം നിർമിക്കാൻ അനുമതിയുണ്ടായിരുന്ന ദേശീയപതാക കേന്ദ്രസർക്കാരിന്റെ നിയമ  ഭേദഗതി പ്രകാരം  പോളിസ്റ്ററിലും നിർമിച്ച് വിൽക്കാം. ഇതോടെ  പ്രതിവർഷം രണ്ടരകോടിയുടെ പതാക നിർമിക്കാനുള്ള ഓർഡർ ലഭിക്കാറുള്ള കെകെജിഎസ്എസിന്  ഇത്തവണ ഇതിന്റെ പകുതി പോലും ലഭിച്ചിട്ടില്ലെന്ന് സംഘം സെക്രട്ടറി ശിവാനന്ദ മാതാപാട്ടി പറഞ്ഞു.  സംസ്ഥാനത്തെ ഖാദി മേഖലയിൽ 90 ശതമാനവും സ്ത്രീകളാണ് ജോലി ചെയ്യുന്നത്.

MORE IN INDIA
SHOW MORE