ചൈനയുടെ ‘ചാരൻ’ ലങ്കൻ തീരത്തേക്ക്; സകല സിഗ്നലുകളും ചോര്‍ത്തും; ഇന്ത്യയ്ക്ക് ആശങ്ക

yuan-wang-5
SHARE

ഇന്ത്യയുടെ കടുത്ത എതിര്‍പ്പിനെ തള്ളി ചൈനയുടെ ചാരനീരീക്ഷണ കപ്പല്‍ യുവാന്‍ വാങ് –5 കൊളംബോ തീരത്തേക്ക് അതിവേഗം അടുക്കുന്നു.യാത്ര നീട്ടിവെയ്ക്കണമെന്ന ശ്രീലങ്കയുടെ അഭ്യര്‍ഥന തള്ളിയാണു ചൈനീസ് ചാരന്റെ വരവ്. നിലവില്‍ ഇന്തോനേഷ്യന്‍ തീരത്തോടു ചേര്‍ന്നു സഞ്ചരിക്കുന്ന കപ്പല്‍ വ്യാഴാഴ്ച രാവിലെ 9.30 ഓടെ ഹംബന്‍തോട്ട തുറമുഖത്തേക്ക് എത്തിയേക്കും. അതേസമയം കപ്പല്‍ ഹംബന്‍തോട്ട തുറമുഖത്ത് നങ്കൂരമിട്ടുവെന്ന റിപ്പോര്‍ട്ടുകളും പുറത്തവരുന്നുണ്ട്.

ചാരക്കപ്പല്‍ യുവാന്‍ വാങ്ക്–5 ഇന്ധനം നിറയ്ക്കാനായി ചൈനീസ് കമ്പനിയുടെ നിയന്ത്രണത്തിലുള്ള ഹംബന്‍തോട്ട തുറമുഖത്തു കഴിഞ്ഞ തിങ്കളാഴ്ച എത്തുമെന്നായിരുന്നു ശ്രീലങ്കന്‍ പ്രതിരോധ മന്ത്രാലായം അറിയിച്ചിരുന്നത്. രഹസ്യങ്ങള്‍ ചോരുമെന്ന ആശങ്കയില്‍ ഇന്ത്യ ലങ്കയ്ക്കുമേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തി. തുടര്‍ന്നു കപ്പലിന്റെ യാത്ര നീട്ടിവയ്ക്കാന്‍ ചൈനയോടു ശ്രീലങ്ക അഭ്യര്‍ഥിച്ചു. ഈ അഭ്യര്‍ഥന തള്ളിയാണു കപ്പല്‍ അതിവേഗം ഹംബന്‍തോട്ട തുറമുഖത്തേക്ക് അടുത്തുകൊണ്ടിരിക്കുന്നത്. നിലവില്‍ കപ്പല്‍ ഇന്തോേനഷ്യയ്ക്കു സമീപം വടക്കോട്ടു നീങ്ങിക്കൊണ്ടിരിക്കുകയാണ്. രാജ്യാന്തര മാരിടൈം ട്രാക്കിങ് വെബ്സൈറ്റുകളും ഇക്കാര്യം സ്ഥിരീകരിക്കുന്നു. 

ശ്രീലങ്കയുമായുള്ള നയതന്ത്ര ബന്ധത്തില്‍ മൂന്നാമതൊരു കക്ഷി ഇടപെടുന്നതു ഒഴിവാക്കണമെന്ന് കഴിഞ്ഞ ദിവസം ഇന്ത്യയുടെ പേരു പരാമര്‍ശിക്കാതെ ചൈന ആവശ്യപ്പെട്ടിരുന്നു. കൂടാതെ ചൈനീസ് അംബാസിഡറും ശ്രീലങ്കന്‍ പ്രസിഡന്റും അടച്ചിട്ട മുറിയില്‍ കൂടിക്കാഴ്ചയും നടത്തി. പിറകയാണു കപ്പല്‍ ഹംബന്‍തോട്ടയിലെത്തുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഇ‌ന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയിലെ നിരീക്ഷണത്തിനാണെന്നാണു കപ്പലിന്റെ വരവെന്നാണു ഇന്ത്യയുടെ ആശങ്ക. 700 കിലോമീറ്റര്‍ ആകാശദൂരത്തുള്ള സകല സിഗ്നലുകളും ചോര്‍ത്താന്‍ കഴിയുമെന്നതിനാല്‍ കല്‍പാക്കം, കൂടങ്കുളം ആണവ നിലയങ്ങളും ശ്രീഹരിക്കോട്ടയിലെ ഉപഗ്രഹ വിക്ഷേപണ കേന്ദ്രവും കപ്പലിന്റെ ചാര വലയത്തിനുള്ളിലാവും. 

അതേസമയം സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ലങ്കയ്ക്ക് ചൈനീസ് ആവശ്യം തള്ളാന്‍ നിലവില്‍ കഴിയില്ല. വിദേശ വായ്പയില്ലാതെ മുന്നോട്ടുപോകാന്‍ കഴിയാത്ത രാജ്യത്തിന് വന്‍തുകയുടെ വായ്പ വാഗ്ദാനം നിലവില്‍ ചൈനയുടെ ഭാഗത്തുനിന്നുണ്ട്. രാജ്യാന്തര നാണയനിധിയുമായുള്ള ചര്‍ച്ചകള്‍ക്ക് ഇടനില നില്‍ക്കുകയല്ലാതെ നേരിട്ടു ‌വന്‍തുക വായ്പ നല്‍കാന്‍ ഇന്ത്യ തയാറായിട്ടില്ല. ഇതും ശ്രീലങ്കയെ ഇന്ത്യന്‍ സമ്മര്‍ദ്ദത്തിനു കീഴടങ്ങുന്നതില്‍ നിന്നു തടയുന്നു.

MORE IN INDIA
SHOW MORE