'ദന്തഡോക്ടർക്ക് വേഗം ജോലി കിട്ടും'; ജീവനാംശത്തിന് അർഹതയില്ലെന്ന് കോടതി; വിചിത്ര വിധി

ഭർത്താവിൽ നിന്ന് ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച യുവതിക്ക് വിചിത്രവിധിയുമായി മുംബൈ കോടതി. പരാതിക്കാരി ദന്ത ഡോക്ടറാണെന്നും അങ്ങനെ ഒരാൾക്ക് മുംബൈ നഗരത്തിൽ ജോലി ലഭിക്കാൻ പ്രയാസമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജീവനാംശം കോടതി നിഷേധിച്ചത്. രാജസ്ഥാൻ മുൻ എംഎൽഎയുടെ മകനെ വിവാഹം ചെയ്തിരുന്ന യുവതിയാണ് പരാതിക്കാരി. തനിക്കും രണ്ട് മക്കൾക്കും ഭർത്താവ് ജീവനാംശം നൽകുന്നില്ലെന്നും കോടതി ഇടപെട്ട് തീരുമാനം ഉണ്ടാക്കണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം.

ഭർതൃഗൃഹത്തിലെ പീഡനത്തെ തുടർന്നാണ് മക്കളുമായി മുംബൈയിലെ സ്വന്തം വീട്ടിലേക്ക് തിരികെ പോന്നതെന്ന് യുവതി പറയുന്നു. എന്നാൽ രണ്ടാമത്തെ കുട്ടിയെ പ്രസവിച്ചതിന് പിന്നാലെ യുവതി സ്വന്തം വീട്ടിലേക്ക് മക്കളുമായി പൊയ്ക്കളയുകയായിരുന്നുവെന്നാണ് ഭർത്താവിന്റെ വാദം. 40000 രൂപ വീട്ട് വാടക ഉൾപ്പടെ ഒരുലക്ഷത്തിപതിനായിരത്തി എണ്ണൂറ് രൂപയാണ് യുവതി മാസച്ചിലവിലേക്ക് ആവശ്യപ്പെട്ടത്. ഭർത്താവിന് രണ്ട് ലക്ഷം രൂപ സ്ഥിര വരുമാനം പ്രതിമാസം ലഭിക്കുന്നതിനാൽ ഇത് നൽകുന്നതിന് ബുദ്ധിമുട്ടില്ലെന്നും സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബമാണെന്നും യുവതി ചൂണ്ടിക്കാട്ടിയിരുന്നു. 

എന്നാൽ ഭാര്യ സ്വന്തമായി നല്ല ജോലിയുള്ള ആളാണെന്നും മക്കളുടെ ഉടമസ്ഥാവകാശം നൽകിയാൽ അവരെ നോക്കാമെന്നുമായിരുന്നു ഭർത്താവിന്റെ നിലപാട്. യുവതി അവകാശപ്പെട്ടത് പോലെ മാസം സ്ഥിരമായി രണ്ട് ലക്ഷം രൂപ വരുമാനം ഇല്ലെന്നും ഇയാൾ കോടതിയെ ബോധിപ്പിച്ചു.

യുവതിക്ക് രാജസ്ഥാനിൽ നിൽക്കാൻ താൽപര്യമില്ലെന്നും മുംബൈയിൽ കഴിയാനാണ് ആഗ്രഹമെന്നും വിലയിരുത്തിയ കോടതി യുവതിയുടെ പ്രൊഫഷണൽ വിദ്യാഭ്യാസ യോഗ്യതയും മറ്റ് സാഹചര്യങ്ങളും കാരണം ജീവനാംശത്തിന്റെ ആവശ്യമില്ലെന്നും മുംബൈ പോലൊരു മെട്രോപൊളീറ്റൻ നഗരത്തിൽ വളരെ വേഗത്തിൽ നല്ല ശമ്പളമുള്ള ജോലി ലഭിക്കുമെന്നും വിധിക്കുകയായിരുന്നു. എന്നാൽ മക്കളുടെ ചിലവിലേക്ക് പതിനായിരം രൂപ വീതം ഭർത്താവ് നൽകണമെന്നും വിധിച്ചു.