ചരിത്രത്തിന്റെ ശേഷിപ്പായി ഇന്ത്യ ഗേറ്റ്; സൈനികരുടെ ഓർമപുതുക്കലിന്റെ സ്മാരകം

india-gate
SHARE

ചരിത്രം കൂടുതല്‍ പറയാനുള്ളത് ബ്രിട്ടിഷ് ഭരണകാലത്താണെങ്കിലും രാജ്യതലസ്ഥാനത്തെ ഏറ്റവും മനോഹരമായ നിര്‍മിതിയാണ് ഇന്ത്യ ഗേറ്റ്. ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടിഷ് സൈന്യത്തോടൊപ്പം പോരാടി മരിച്ചവരുടെ സ്മാരകമായാണ് ഇന്ത്യ ഗേറ്റ് നിര്‍മിച്ചത്. 

ഇന്ത്യയെ കച്ചവടക്കണ്ണോടെ നോക്കി പിന്നീട് ആധിപത്യം സ്ഥാപിച്ച ബ്രിട്ടനുവേണ്ടി, അവരുടെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ജീവന്‍ ബലികൊടുക്കേണ്ടി വന്ന ഇന്ത്യന്‍ സൈനികരുടെ ഓര്‍മയാണ് ഇന്ത്യാ ഗേറ്റ്. ഒന്നാം ലോകമഹായുദ്ധകാലത്ത് മെസപ്പൊട്ടോമിയയില്‍ കൊല്ലപ്പെട്ട ബ്രിട്ടിഷ് ഇന്ത്യന്‍ സൈനികരുടെ സ്മരണയ്ക്കായാണ് ഇന്ത്യ ഗേറ്റ് സ്ഥാപിച്ചത്. ഓട്ടോമന്‍ തുര്‍ക്കിയുടെ കീഴിലായിരുന്ന ഇറാഖില്‍നിന്ന് ജര്‍മന്‍ പിന്തുണയില്‍ ബ്രിട്ടന്‍ നേരിട്ടത് കടുത്ത ഭീഷണി. എന്നാല്‍ ഇന്ത്യന്‍ സൈന്യം ഈ യുദ്ധത്തില്‍ ബ്രിട്ടന്‍റെ കമാന്‍ഡിന് കീഴില്‍ പോരാടി. ന്യൂ ഡല്‍ഹി നഗരം പണിയാന്‍ തുടങ്ങിയപ്പോഴാണ് ഒന്നാം ലോക മഹായുദ്ധം ആരംഭിക്കുന്നത്. പിന്നീട് നിര്‍മാണം നിര്‍ത്തിവച്ചു. പോരാട്ടത്തിന് ശേഷമുള്ള കണക്കെടുപ്പില്‍ ബ്രിട്ടന്‍ തിരിച്ചറിഞ്ഞു, മെസപ്പൊട്ടോമിയന്‍ യുദ്ധത്തില്‍ പോരാടി വീണത് ആയിരക്കണക്കിന് ഇന്ത്യക്കാരാണെന്ന്. ഇവര്‍ക്കായി ഉചിതമായ ഒരു സ്മാരകം വേണമെന്ന് ആവശ്യത്തിനൊടുവിലാണ് ഇന്ത്യ ഗേറ്റ് പണിയുന്നത്. 1921ല്‍ നിര്‍മാണത്തിന് തുടക്കമായി. രൂപകല്‍പ്പന എഡ്വിന്‍ ല്യൂട്ടന്‍റേത്. 10 വര്‍ഷത്തിന് ശേഷം 1931ല്‍ ഇര്‍വിന്‍ പ്രഭു 42 മീറ്റര്‍ ഉയരമുള്ള ഇന്ത്യ ഗേറ്റ് ഉദ്ഘാടനം ചെയ്തു. 

ജോര്‍ജ് അഞ്ചാമന്‍ രാജാവിന്‍റെ ഒരു പ്രതിമ ഇന്ത്യ ഗേറ്റിന് മുന്‍പിലുണ്ടായിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷം ഇത് എടുത്തുമാറ്റി. ഇന്ത്യാ ഗേറ്റും അതിന് താഴെ 1971ല്‍ സ്ഥാപിക്കപ്പെട്ട അമര്‍ജവാന്‍ ജ്യോതിയും വീരമൃത്യു വരിച്ച മുഴുവന്‍ സൈനികരുടെയും യുദ്ധസ്മാരകമായി പിന്നീട് മാറി. പിന്നീട് ദേശീയ യുദ്ധസ്മാരകം സ്ഥാപിക്കപ്പെടതോടെ അമര്‍ജവാന്‍ ജ്യോതി ഇന്ത്യ ഗേറ്റില്‍നിന്ന് എടുത്തുമാറ്റി. ഇതോടെ ഇന്ത്യ ഗേറ്റിന്‍റെ പ്രധാന്യം കുറഞ്ഞുവെന്ന വാദം പല കോണുകളില്‍നിന്നും ഉയര്‍ന്നു. ദേശീയ സ്മാരകം കേവലമൊരു സ്മാരകമായെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. എങ്കിലും യുദ്ധവെറിയന്‍മാരായ കൊളോണിയല്‍ ഭരണക്കാരുടെ കീഴില്‍ അവരോടൊപ്പം ആയുധമെടുത്ത് പോരാടിയ ഇന്ത്യക്കാരുടെ ജ്വലിക്കുന്ന ഓര്‍മയായി ഇന്ത്യ ഗേറ്റ് തലയുയര്‍ത്തി തന്നെ നില്‍ക്കുന്നു.  

MORE IN INDIA
SHOW MORE