‘രാഹുൽ, നിങ്ങള്‍ പ്രധാനമന്ത്രി ആകും’; ആശംസിച്ച് ലിംഗായത്ത് മഠാധിപതി

rahul-karnataka
SHARE

രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി ആകുമെന്ന് ആശംസിച്ച് ലിംഗായത്ത് മഠാധിപതി. കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രാഹുൽ ഇപ്പോൾ കർണാടക സന്ദർശനത്തിലാണ്. ചിത്രദുർഗയിലെ ശ്രീ മുരുഗരാജേന്ദ്ര മഠത്തിൽ എത്തിയപ്പോഴാണ് ഹവേരി ഹൊസമഠം സ്വാമി രാഹുലിന് ആശംസ നേർന്നത്. രാഹുൽ പ്രധാനമന്ത്രി ആകും എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. എന്നാൽ പിന്നീട് അത് അദ്ദേഹം അനുഗ്രഹിച്ച് പറഞ്ഞതാണെന്ന് അധികൃതർ വിശദീകരിച്ചു. 

കർണാടകയിൽ ജനസംഖ്യയുടെ 17 ശതമാനവും ലിംഗായത്ത് വിഭാഗക്കാരാണ്. തിരഞ്ഞെടുപ്പിൽ ഏറെ സ്വാധീനമുള്ള ലിംഗായത്ത് വിഭാഗക്കാർ നിലവിൽ പിന്തുണ നൽകുന്നത് ബിജെപിക്കാണ്. ലിംഗായത്ത് സമുദായത്തിൽനിന്നുള്ള ബി.എസ്. യഡിയൂരപ്പയ്ക്ക് വലിയ പിന്തുണയാണ് ഇക്കാലങ്ങളിൽ സമുദായം നൽകി പോന്നത്. എന്നാൽ നിലവിലെ കർണാടക ബിജെപിയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കോൺഗ്രസിന് അനുകൂലമാക്കാനുള്ള ശ്രമത്തിലാണ് രാഹുലും കോൺഗ്രസും. 

അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഭരണം തിരിച്ചുപിടിക്കാനുള്ള തയാറെടുപ്പിലാണ് കോൺഗ്രസ്. ഡി.കെ ശിവകുമാറിന്റെ പാർട്ടി നേതൃത്വവും സിദ്ധരാമയ്യയുടെ ജനകീയതും ചേരുമ്പോൾ ഭരണം പിടിക്കാമെന്നാണ് കണക്കുകൂട്ടൽ. ജയിച്ചാൽ ആരാകും മുഖ്യമന്ത്രി എന്ന ചോദ്യം ഇപ്പോഴും ഉത്തരമില്ലാതെ തുടരുകയാണ്.

MORE IN INDIA
SHOW MORE