നാഷനല്‍ ഹെറള്‍ഡ് ഓഫിസിൽ റെയ്ഡ്; രാഷ്ട്രീയപ്രേരിതമെന്ന് കോൺഗ്രസ്

national
SHARE

നാഷനല്‍ ഹെറള്‍ഡ് പത്രത്തിന്‍റെ ഡല്‍ഹിയിലെ ഓഫിസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റി‍ന്‍റെ  റെയ്ഡ്. സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തിലുള്ള സ്വകാര്യ ട്രസ്റ്റ്, പത്രം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് നടപടി. പത്രവുമായി ബന്ധപ്പെട്ട മറ്റ് പതിനൊന്നിടങ്ങളിലും പരിശോധന നടക്കുന്നുണ്ട്.  രാവിലെ പത്ത് മണിക്ക് ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. മോദി സര്‍ക്കാരിന്‍റെ പ്രതികാര രാഷ്ട്രീയത്തെ ശക്തമായി അപലപിക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. 

നാഷണല്‍ ഹെറള്‍ഡ് പത്രം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ചോദ്യം ചെയ്ത് ദിവസങ്ങള്‍ക്കകമാണ് പത്രത്തിന്‍റെ ഡല്‍ഹി ഓഫീസിലും മാതൃകമ്പനിയായ അസോസിയേറ്റ്ഡ് ജേണല്‍സ് ലിമിറ്റഡുമായി ബന്ധപ്പെട്ട മറ്റ് 11 ഇടങ്ങളിലും ഇ.ഡി റെയ്ഡ്. കേസില്‍ രാഹുല്‍ ഗാന്ധിയെയും അമ്പത് മണിക്കൂറിലേറെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. 

റെയ്ഡിന് ശേഷം കമ്പനിയുടെ ആസ്തികള്‍ കണ്ടുകെട്ടാന്‍ സാധ്യതയുണ്ടെന്ന് ഇ.ഡി വൃത്തങ്ങള്‍ സൂചിപ്പിച്ചു. റെയ്ഡിനെതിരെ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. അന്വേഷണ ഏജന്‍സികളെ വച്ച് കോണ്‍ഗ്രസിനെ ഭയപ്പെടുത്താന്‍ നോക്കണ്ടെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു.  റെയ്ഡില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നാഷണല്‍ ഹെറള്‍ഡ് പത്രത്തിന്‍റെ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

MORE IN INDIA
SHOW MORE