'കോടികൾ മുടക്കിയിട്ടും ഗംഗാ നദി മലിനം': ബിജെപിയെ വെട്ടിലാക്കി വീണ്ടും വരുൺ ഗാന്ധി

കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വീണ്ടും ബിജെപി എംപി വരുണ്‍ ഗാന്ധി. ഗംഗാ നദിയുടെ പുനരുദ്ധാരണത്തിനും ശുചീകരണത്തിനുമായി വമ്പൻ പദ്ധതികളാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ കോടിക്കണക്കിനു രൂപ മുടക്കിയിട്ടും എന്തുകൊണ്ടാണ് ഗംഗാ നദി മലിനമാകുന്നത് എന്ന ചോദ്യമാണ് വരുൺ ഗാന്ധി ചോദിക്കുന്നത്. 

ഗജേന്ദ്ര സിംഗ് ഷെഖാവത്തിന്റെ നേതൃത്വത്തിലുള്ള ജലശക്തി മന്ത്രാലയത്തിന് കീഴിലുള്ള നമാമി ഗംഗേ പദ്ധതി 2014-15 ലാണ് സർക്കാർ ആരംഭിച്ചത്. 2015-2020 കാലയളവിൽ പദ്ധതിക്കായി സർക്കാർ 20,000 കോടി രൂപ അനുവദിച്ചിരുന്നു. പദ്ധതിയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ച ഗാന്ധി, നദിയുടെ ഇന്നത്തെ അവസ്ഥയ്ക്ക് ആരാണ് ഉത്തരവാദിയെന്നും ചോദിക്കുന്നു. 

വരുൺ ഗാന്ധി ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ; 

'ഗംഗ നമുക്ക് വെറുമൊരു നദിയല്ല, (അവൾ) നമ്മുടെ അമ്മയാണ്. കോടിക്കണക്കിന് രാജ്യക്കാരുടെ ജീവിതത്തിന്റെയും മതത്തിന്റെയും നിലനിൽപ്പിന്റെയും അടിസ്ഥാനം ഗംഗയാണ്. അതുകൊണ്ടാണ് നമാമി ഗംഗയ്ക്ക് 20,000 കോടി ബജറ്റ് അനുവദിച്ചത്. ഗംഗ ഒരു ജീവദാതാവാണ്. 11,000 കോടി രൂപ ചെലവഴിച്ചിട്ടും എന്തുകൊണ്ടാണ് ഇത് മലിനമാക്കപ്പെടുന്നത്? മലിനജലം കാരണം എങ്ങനെയാണ് മത്സ്യങ്ങൾ ചത്തു പൊങ്ങുന്നത്?  ഗംഗാ നദിയുടെ നിലവിലെ അവസ്ഥയ്ക്ക് ആരാണ് ഉത്തരവാദി?'