പെൺഭ്രൂണഹത്യയ്ക്ക് ശേഷം 7 ജഡങ്ങൾ മാലിന്യക്കുപ്പയിൽ ഉപേക്ഷിച്ചു; അന്വേഷണം

Foetus-25
SHARE

കര്‍ണാടകയിലെ ബെളഗാവിയില്‍ പെണ്‍ഭ്രൂണഹത്യക്കുശേഷം ജഡങ്ങള്‍ റോഡരികിലെ മാലിന്യകുപ്പയില്‍ തള്ളി. പ്ലാസ്റ്റിക് ബോട്ടിലുകളിലാക്കിയ ഏഴു ഭ്രൂണങ്ങളാണു കണ്ടെത്തിയത്. പെണ്‍ഭ്രൂണഹത്യയാണെന്നു സ്ഥിരീകരിച്ചതോടെ  വിശദമായ അന്വേഷണത്തിനു കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടു.

ബെളഗാവി ജില്ലയിലെ  മൂഡലാഗി ടൗണില്‍ നിന്നാണു ഞെട്ടിപ്പിക്കുന്ന ഈദൃശ്യങ്ങള്‍. സമീപത്ത ആശുപത്രികളില്‍ നിന്നുള്ള മാലിന്യത്തോടൊപ്പമാണു മനുഷ്യഭ്രൂണങ്ങളും അലക്ഷ്യമായി ഉപേക്ഷിച്ചത്. പ്ലാസ്റ്റിക്ക് കുപ്പികളിലാക്കിയ നിലയില്‍ 7 ഭ്രൂണങ്ങളാണു കണ്ടെത്തിയത്. മൂഡലാഗി ടൗണിലെ ബസ് സ്റ്റോപ്പിനോടു ചേര്‍ന്നുള്ള ഭാഗത്ത് ഇന്നലെ വൈകിട്ടോടെയാണ് കുപ്പികള്‍ യാത്രക്കാര്‍ കണ്ടത്. ഉടന്‍ പൊലീസിലും ആരോഗ്യവകുപ്പിലും വിവരമറിയിച്ചു. അഞ്ചുമാസം പ്രായമായ ഭ്രൂണങ്ങളില്‍ ലിംഗനിര്‍ണയം നടത്തിയതായി കണ്ടെത്തിയെന്ന് സ്ഥലം സന്ദര്‍ശിച്ച ഡി.എം.ഒ വ്യക്തമാക്കി.ഭ്രൂണങ്ങള്‍ പിന്നീട് സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി. വിശദമായ പരിശോധനയ്ക്കായി ഇവ ജില്ലാ സയന്‍സ് സെന്ററിലേക്കു മാറ്റും.

പെണ്‍ഭ്രൂണഹത്യയാണ് നടന്നതെന്നു സ്ഥിരീകരിച്ചതോടെയാണു സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. സ്കാനിങ് സെന്ററുകളും സ്വകാര്യ ആശുപത്രികളും കേന്ദ്രീകരിച്ചാണ് അന്വേഷണം. ആരോഗ്യവകുപ്പിന് പുറമെ മൂഡലാഗി പഞ്ചായത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

MORE IN INDIA
SHOW MORE