ദ്രൗപദി മുര്‍മുവിന് സെഡ് പ്ലസ് സുരക്ഷ; ക്ഷേത്രത്തില്‍ നിലം തൂത്തുവാരി; വിഡിയോ

എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപതി മുർമുവിന് സിആർപിഎഫ് കമാൻഡോകളുടെ ‘സെഡ് പ്ലസ്’ സുരക്ഷ അനുവദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് തീരുമാനം. കേന്ദ്ര സർക്കാർ നൽകുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ സുരക്ഷാ പരിരക്ഷയാണ് ‘സെഡ് പ്ലസ്’.

അതിനിടെ, ദ്രൗപതി മുർമു ഒഡിഷയിലെ മയുർഭഞ്ച് ജില്ലയിലെ റൈരംഗ്പുരിലെ ശിവക്ഷേത്രത്തിന്റെ നിലം തൂത്തുവാരുന്നതിന്റെ വിഡിയോ പുറത്തുവന്നു. ബുധനാഴ്ച ക്ഷേത്രത്തിലെത്തിയ ദ്രൗപതി, പ്രാർഥിക്കുന്നതിന് മുൻപ് നിലം തൂത്തുവാരുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റു മുതിർന്ന നേതാക്കളും ഉൾപ്പെട്ട ബിജെപി പാർലമെന്ററി ബോർഡ് യോഗത്തിന് ശേഷം തിങ്കളാഴ്ച രാത്രി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ജാർഖണ്ഡ് ഗവർണറായി സേവനമനുഷ്ഠിച്ച ദ്രൗപതി മുർമുവിനെ (64) രാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ഒഡിഷയിൽ നിന്നുള്ള ഗോത്രവർഗ നേതാവാണ് ദ്രൗപദി.