ക്രെഡിറ്റ് സ്വന്തമാക്കാൻ കേരളത്തിലെയടക്കം നേതാക്കൾ ശ്രമിക്കുന്നു: മന്ത്രി

കേന്ദ്രസര്‍ക്കാര്‍ ഇന്ധന നികുതി കുറച്ചതിന്‍റെ ക്രെഡിറ്റ് സ്വന്തമാക്കാന്‍ കേരളത്തിലെ അടക്കം നേതാക്കള്‍ ശ്രമിക്കുന്നതായി പെട്രോളിയം മന്ത്രിയുടെ വിമര്‍ശനം. നികുതി കുറച്ചിട്ടും പെട്രോള്‍ വിലയില്‍ പ്രതീക്ഷിച്ച കുറവുണ്ടാകാത്തത് എണ്ണക്കമ്പനികള്‍ വില കൂട്ടിയതിനാലാണെന്ന് സംസ്ഥാന ധനമന്ത്രി ആരോപിച്ചു. നികുതി കുറച്ചതിന്‍റെ ബാധ്യത നേരിടാന്‍ കൂടുതല്‍ വായ്പയെടുക്കുന്നത് കേന്ദ്രസര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്. എണ്ണവില ഉയരുന്നത് തുടര്‍ന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഒരിക്കല്‍ കൂടി നികുതി കുറച്ചേക്കും.

കേന്ദ്രസര്‍ക്കാര്‍ നികുതി കുറച്ചതിന് ആനുപാതികമായാണ് സംസ്ഥാനങ്ങളില്‍ ഇന്ധന വില കുറഞ്ഞതാണെന്നും എന്നാല്‍ വിലകുറച്ചതിന്‍റെ ക്രെഡിറ്റ് സ്വന്തമാക്കാന്‍ കേരളത്തിലെയും മഹാരാഷ്ട്രയിലെയും രാജസ്ഥാനിലെയും മുതിര്‍ന്ന നേതാക്കള്‍ ശ്രമിക്കുന്നുവെന്നും പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി വിമര്‍ശിച്ചു. ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതില്‍ പ്രതിബദ്ധതയുണ്ടെങ്കില്‍ വാറ്റ് കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാകണമെന്നും പെട്രോളിയം മന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ നികുതി ഇളവ് പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ എണ്ണകമ്പനികള്‍ വില കൂട്ടിയതായി സംസ്ഥാനധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.

നിലവിലെ നികുതി ഇളവുകള്‍ മൂലമുണ്ടാകുന്ന ബാധ്യത നേരിടാന്‍ ഒരു ലക്ഷം കോടി രൂപ വിപണിയില്‍ നിന്ന് അധിക വായ്പയെടുക്കുന്നത് കേന്ദ്രസര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷം റെക്കോര്‍ഡ് തുകയായ 14.31 ലക്ഷം കോടി രൂപ കടമെടുക്കാനുള്ള നിര്‍ദേശം ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. മൂലധനച്ചെലവ് വെട്ടിക്കുറയ്ക്കില്ല. ധനക്കമ്മി നേരിയ തോതില്‍ ഉയരാന്‍ ഇടയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. നിലവിലെ നടപടികള്‍ പണപ്പെരുപ്പം 40 ബേസിസ് പോയിന്‍റ് എങ്കിലും കുറയാന്‍ വഴിവയ്ക്കുമെന്നും വിലയിരുത്തലുണ്ട്.