‘ഇനി ദിനവും 8 പൈസ, 3 പൈസ ഡോസുകളായി വികസിക്കും’; കണക്കുമായി രാഹുൽ

കേന്ദ്രസർക്കാർ ഇന്ധനവിലയിൽ എക്സൈസ് തീരുവ കുറച്ച് കുറവു വരുത്തിയതിൽ പരിഹാസവുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ഇനി പെട്രോൾ വിലയിൽ ദിവസവും 0.8 രൂപയും ഡീസലിൽ 0.3 രൂപയും വർധിപ്പിച്ച് ‘വികസനം’ കൊണ്ടുവരുമെന്നാണ് രാഹുൽ പരിഹസിച്ചത്. ട്വിറ്ററിലൂടെയായിരുന്നു വിമർശനം.

രാഹുലിന്റെ ട്വീറ്റ് ഇങ്ങനെ:

പെട്രോൾ വില:

മേയ് 1, 2020 – 69.5 രൂപ

മാർച്ച് 1, 2022 – 95.4 രൂപ

മേയ് 1, 2022 – 105.4 രൂപ

മേയ് 22, 2022 – 96.7 രൂപ

ഇനി പെട്രോൾ വിലയിൽ ദിവസവും 0.8 രൂപയും ഡീസലിൽ 0.3 രൂപയും വർധിപ്പിച്ച് ‘വികസനം’ കൊണ്ടുവരും. ജനങ്ങളെ പറ്റിക്കുന്നത് സർക്കാർ അവസാനിപ്പിക്കണം. റെക്കോർഡ് വിലക്കയറ്റത്തിൽനിന്ന് ശരിക്കുമൊരു ആശ്വാസം ജനങ്ങൾ അർഹിക്കുന്നുണ്ട്. 

കേന്ദ്രസർക്കാർ തീരുമാനത്തെ പരിഹസിച്ച് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ രംഗത്തു വന്നിരുന്നു. കഴിഞ്ഞ നവംബറിൽ കേന്ദ്രം നികുതി കുറച്ചപ്പോൾ കേരളം, ആന്ധ്ര പ്രദേശ്, തമിഴ്നാട്, ബംഗാൾ എന്നീ സംസ്ഥാനങ്ങൾ നികുതി കുറയ്ക്കാൻ തയാറായിരുന്നില്ല. സംസ്ഥാനങ്ങളും സഹകരിച്ചാൽ മാത്രമെ വിലക്കയറ്റം നിയന്ത്രിക്കാനാവൂ എന്നാണ് കേന്ദ്ര നിലപാട്. കഴി‍ഞ്ഞ 8 വർഷത്തെ ഏറ്റവും ഉയർന്ന വിലക്കയറ്റമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ മാസം ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം 7.79% ആയി.

മോദി സർക്കാർ 2014ൽ അധികാരത്തിൽ വരുമ്പോൾ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയും മാത്രമായിരുന്നു കേന്ദ്ര നികുതി. ഇളവിനുശേഷവും പെട്രോളിന്റെ കേന്ദ്രനികുതി രണ്ടിരട്ടിയാണ്; ഡീസലിന്റേത് നാലിരട്ടിയും.