രക്ഷപെടാന്‍ മൂന്നാം നിലയില്‍ നിന്ന് ചാടി ആളുകള്‍; ഞെട്ടി വിറച്ച് മുണ്ട്ക

mundkafire-14
SHARE

അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തില്‍ നടുങ്ങിയിരിക്കുകയാണ് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മുണ്ട്ക. തീപിടിച്ച മൂന്ന് നിലക്കെട്ടിടത്തില്‍ നിന്ന് പ്രാണരക്ഷാര്‍ഥം ചാടുന്നവരുടെ ദൃശ്യങ്ങള്‍ ആരെയും ഉലച്ച് കളയും. മെട്രോ സ്റ്റേഷന് സമീപത്തെ നാല് നിലക്കെട്ടിടത്തില്‍ വൈകിട്ട് നാലേമുക്കാലോടെയാണ് തീപിടിത്തം ഉണ്ടായത്. ഒരു യുവതി മരിച്ചുവെന്ന ആ വാര്‍ത്തയില്‍ നിന്ന് മരണസംഖ്യ 27 ലേക്ക് ഉയര്‍ന്നത് മണിക്കൂറുകളുടെ വ്യത്യാസത്തിലാണ്. രാജ്യം ഞെട്ടി. അപകടത്തിനു പിന്നാലെ 10 ഫയർ എൻജിനുകൾ സ്ഥലത്തെത്തിയതായി ഡൽഹി ഫയർ സർവീസസ് മേധാവി അതുൽ ഗാർഗ് പറയുന്നു. തീ നിയ‌ന്ത്രണ വിധേയമാക്കാൻ സാധിക്കാതെ വന്നതോടെ 14 വാഹനങ്ങൾ കൂടിയെത്തി. ശേഷം 6 വാഹനങ്ങൾ കൂടി സ്ഥലത്തെത്തി. 30 അഗ്നിശമന വാഹനങ്ങൾ ചേർന്നാണു തീ അണയ്ക്കാനുള്ള ശ്രമം നടത്തിയത്.

ഒന്നാം നിലയിൽ നിന്നു മുകൾ നിലയിലേക്കു തീ പടർന്നതോടെ ശക്തമായ പുകയും രൂപപ്പെട്ടു. ഒന്ന്, രണ്ട് നിലയിൽ നിന്നാണു 20 മൃതദേഹങ്ങൾ കണ്ടെത്തിയതെന്നു ഫയർ സർവീസസ് മേധാവി അതുൽ ഗാർഗ് പറഞ്ഞു. രാത്രി വൈകിയാണു മൂന്നാം നി‌ലയിലേക്കു കടക്കാൻ തന്നെ രക്ഷാപ്രവർത്തകർക്കു സാധിച്ചത്. പതിവ് ദിവസമായിരുന്നതിനാലും ഓഫിസ് സമയം അവസാനിക്കാൻ സമയമുണ്ടായിരുന്നതിനാലും എല്ലാ നിലയിലും ഏറെ ആളുകളുണ്ടായിരുന്നു. കനത്ത പുകയിൽ പലർക്കും പുറത്തേക്കു പോകാൻ സാധിച്ചില്ലെന്നാണു വിലയിരുത്തൽ. ദേശീയ ദുരന്തനിവാരണ സേനയുള്‍പ്പടെ രക്ഷാദൗത്യത്തിന് എത്തിച്ചേര്‍ന്നിരുന്നു. 

ഷോര്‍ട്ട്സര്‍ക്യൂട്ടാണോ അപകടമുണ്ടാക്കിയതെന്ന് അന്വേഷിച്ച് വരികയാണെന്ന് അധികൃതര്‍ പറയുന്നു. സിസിടിവി, വൈഫൈ റൗട്ടർ എന്നിവ നിർമിക്കുന്ന കൊഫെ ഇംപെക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലാണ് അഗ്നിബാധ ആദ്യം ഉണ്ടായത്. വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 

MORE IN INDIA
SHOW MORE