'അത് ചരിത്രകാരൻമാർക്ക് വിട്ടേക്കൂ'; താജ് മഹലിലെ 22 മുറികൾ തുറക്കില്ല; ഹർജി തള്ളി

taj-mahal-hc
SHARE

പ്രണയത്തിന്റെ നിത്യ സ്മാരകമായ താജ്മഹലിനെ ചൊല്ലി ഉയർന്ന വിവാദ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി. താജ് മഹലിലെ അടച്ചിട്ട 22 മുറികൾ തുറക്കണമെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവായ രജനീഷ് സിങ് നൽകിയ ഹർജിയാണ് തള്ളിയത്. 

ചില ചരിത്രകാരൻമാരും ഹിന്ദു സംഘടനകളും പറയുന്നതനുസരിച്ച് താജ്മഹൽ ശിവക്ഷേത്രമായിരുന്നുവെന്നും അത് സ്ഥിരീകരിക്കുന്നതിനായി പ്രത്യേക കമ്മിറ്റി കോടതി ഇടപെട്ട് രൂപീകരിക്കണമെന്നും അടച്ചിട്ട മുറികളിൽ പുരാവസ്തു വകുപ്പിന്റെ മേൽനോട്ടത്തിൽ പരിശോധന നടത്തണമെന്നുമാണ് ഹർജിക്കാരൻ ആവശ്യപ്പെട്ടത്. 

എന്നാൽ മുറി തുറന്ന് വിവരം അറിയുകയെന്നത് അറിയാനുള്ള അവകാശത്തിന്റെ പരിധിയിൽ വരില്ലെന്നും ഹർജിക്കാരന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് ഹർജിക്കാരന്റെ പ്രതികരണം. ബിജെപിയുടെ അയോധ്യ യൂണിറ്റ് മീഡിയ ഇൻ ചാർജ് കൂടിയാണ് ഹർജിക്കാരൻ.

MORE IN INDIA
SHOW MORE