മാപ്പ് ചോദിച്ച് ഇൻഡിഗോ എയർലൈൻസ്; കർശന നടപടിയെന്ന് വ്യോമയാനമന്ത്രി

indigo
SHARE

റാഞ്ചി വിമാനത്താവളത്തിൽ നിന്ന് ഭിന്നശേഷിയുള്ള കുട്ടിക്ക് യാത്ര നിഷേധിച്ചതിൽ  മാപ്പ് ചോദിച്ച് ഇൻഡിഗോ എയർലൈൻസ് . ഇത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നതിൽ ഉചിതമായ തീരുമാനമെടുക്കുമെന്ന് സി ഇ ഒ അറിയിച്ചു. ഇൻഡിഗോക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വ്യോമയാനമന്ത്രി ജോതിരാദിത്യ സിന്ധ്യ പ്രതികരിച്ചു. വിഷയത്തിൽ ഡിജിസിഎ റിപ്പോർട്ട് തേടിയിട്ടുണ്ട്.

മെയ് 7 നാണ്  റാഞ്ചി വിമാനത്താവളത്തിൽ ഇൻഡിഗോ എയർലൈൻസ് ഭിന്നശേഷിയുള്ള കുട്ടിക്ക് യാത്ര  നിഷേധിച്ചത്. കുട്ടി പരിഭ്രാന്തിയിലായതിനാൽ വിമാന യാത്ര അനുവദിക്കാനാകില്ലെന്നും മറ്റ് യാത്രക്കാരുടെ സുരക്ഷ പ്രധാനമാണെന്നുമായിരുന്നു ഇൻഡിഗോയുടെ നിലപാട്. സഹയാത്രിക മനീഷ ഗുപ്തയാണ് ഫേസ് ബുക്ക് പോസ്റ്റിലൂടെ വിവരം പുറം ലോകത്തെ അറിയിച്ചത്. പ്രത്യേക പരിഗണന നൽകേണ്ട ഭിന്നശേഷിയുള്ള കുട്ടിക്ക് യാത്രാനുമതി നിഷേധിച്ചതിൽ ശക്തമായ പ്രതിഷേധം ഉയർന്നതോടെയാണ് ഇൻഡിഗോ മാപ്പപേക്ഷിച്ചത്.  ഇത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നതിനായി ഉചിതമായ തീരുമാനമെടുക്കും.  കുട്ടിക്ക് ഒരു ഇലക്ട്രിക് വീൽ ചെയർ സമ്മാനമായി നൽകാൻ തീരുമാനിച്ചതായും ഇൻഡിഗോ സി ഇ ഒ അറിയിച്ചു. എന്നാൽ ഇൻഡിഗോയുടെ ക്രൂരമായ നടപടിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വ്യോമയാനമന്ത്രി ജോതിരാദിത്യ സിന്ധ്യ പ്രതികരിച്ചു. ഉടൻ തന്നെ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിസിഎ ഇൻഡിഗോയോട് നിർദേശിച്ചു

MORE IN INDIA
SHOW MORE