ജഹാംഗീര്‍പുരി സംഘര്‍ഷം; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

ഡൽഹി ജഹാംഗീർപുരി സംഘർഷത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ഫൊറൻസിക് സംഘം സംഭവസ്ഥലം സന്ദർശിച്ചു. 23 പേർ പിടിയിലായി. എൻഐഎ അന്വേഷണം ആവശ്യപ്പെട്ടും കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടും സുപ്രീംകോടതിയിൽ പൊതുതാൽപര്യഹർജികൾ സമർപ്പിക്കപ്പെട്ടു. സംഘർഷത്തിന്റെ പേരിൽ ബിജെപി- എഎപി പോര് രൂക്ഷമായി.

ഹനുമാൻജയന്തി ആഘോഷത്തിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത രണ്ടുപേർ പിടിയിലായിട്ടുണ്ട്. മുഖ്യസൂത്രധാരൻ അൻസാറിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റിലായവരുടെ ഫോൺ കോൾ വിശദാംശങ്ങൾ പരിശോധിക്കുന്നുണ്ട്. സംഘർഷത്തിനിടെ കൈയ്ക്ക് വെടിയേറ്റ് പരുക്കേറ്റ എസ്ഐ മേധലാൽ മീണയെ ഡൽഹി പൊലീസ് മേധാവി രാകേഷ് അസ്താന സന്ദർശിച്ചു. സംഘർഷത്തിന് പിന്നിൽ റോഹിഗ്യകളും ബംഗ്ലദേശി അഭയാർഥികളുമാണെന്നും കുറ്റക്കാരെ ആംആദ്മി പാർട്ടി സംരക്ഷിക്കുകയാണെന്നും ബിജെപി കുറ്റപ്പെടുത്തി.

ബിജെപിയാണ് സംഘർഷമുണ്ടാക്കിയതെന്ന് ആം ആദ്മി പാർട്ടി തിരിച്ചടിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ കോൺഗ്രസും രംഗത്തെത്തി. പ്രധാനമന്ത്രി മൗനം വെടിയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ് പട്രോളിങ് നടത്തി. സംഘർഷത്തിൽ ഐഎസ് ബന്ധം ആരോപിച്ചാണ് എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ഹർജി സമർപിക്കപ്പെട്ടിട്ടുള്ളത്. നിലവിലെ പൊലീസ് അന്വേഷണം ഏകപക്ഷീയമാണെന്നും സുപ്രീംകോടതി ഇടപെടണമെന്നും അഭ്യർഥിച്ച് ചീഫ്ജസ്റ്റിസിന് കത്ത് ലഭിച്ചു.