പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ്; ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്

punjablist
SHARE

പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്‌. മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി സിറ്റിംഗ് മണ്ഡലമായ ചംകൗർ സാഹിബിലും പിസിസി അധ്യക്ഷൻ നവ്ജോത് സിങ് സിദ്ദു അമൃത്സർ ഈസ്റ്റിലും ജനവിധി തേടും.

5 നിയമസഭ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്‌ ഭരണത്തിൽ ഉള്ള ഏക സംസ്ഥാനമായ പഞ്ചാബിൽ 86 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്. സംവരണ മണ്ഡലവും സ്വന്തം തട്ടകവുമായ ചംകൗർ സാഹിബിൽ തന്നെയാണ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി പോരാട്ടത്തിനിറങ്ങുന്നത്. മുഖ്യമന്ത്രി സ്ഥാനാർഥി ആരാണെന്നതിൽ തർക്കം തുടരുന്നതിനിടെ പിസിസി അധ്യക്ഷൻ നവ്ജോത് സിങ് സിദ്ദു സിറ്റിംഗ് മണ്ഡലമായ അമൃത്സർ ഈസ്റ്റിൽ നിന്ന് തന്നെ ജനവിധി തേടും. മുൻ പിസിസി അധ്യക്ഷനും മുതിർന്ന നേതാവുമായ സുനിൽ ജാഖർ ഇത്തവണ മത്സരിക്കുന്നില്ല. ഉപമുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ സുഖ്ജീന്ദർ രൺധാവ, ധേര ബാബ നാനാക്ക് സീറ്റിൽ മത്സരിക്കും. നടൻ സോനു സൂദിന്റെ സഹോദരി മാൾവിക സൂദും പട്ടികയിലുണ്ട്.

മോഗയിൽ നിന്നാകും മാൾവിക ജനവിധി തേടുക. ഗായകൻ സിദ്ദു മൂസേവാല മാൻസയിൽ മത്സരിക്കും. അതേസമയം പാർട്ടി വിട്ട മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ സിറ്റിംഗ് മണ്ഡലമായ പട്യാല അർബനിൽ കോൺഗ്രസ്‌ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തിൽ ഒരു പടി മുന്നിലാണ് ആംആദ്മി പാർട്ടി

MORE IN INDIA
SHOW MORE