ബിജെപി വിട്ട മന്ത്രിമാർക്കും എംഎൽഎമാർക്കും വൻവരവേൽപ്പ്; കൈപിടിച്ച് അഖിലേഷ്

yogi-sp-up
SHARE

ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് മന്ത്രിസഭയിൽനിന്നു രാജിവച്ച സ്വാമി പ്രസാദ് മൗര്യ, ധരം സിങ് സയ്‌നി എന്നിവർ സമാജ്‌വാദി പാർട്ടിയിൽ ചേർന്നു. പാർട്ടി അധ്യക്ഷനായ അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് മുൻ ബിജെപി മന്ത്രിമാർ എസ്‌പി അംഗത്വം സ്വീകരിച്ചത്. രാജിവച്ച ബിജെപി എംഎൽഎമാരായ റോഷൻലാൻ വർമ, ബ്രിജേഷ് പ്രജാപതി, മുകേഷ് വർമ, വിനയ് ശാക്യ, ഭഗവതി സാഗർ എന്നിവരും സമാജ്‌വാദി അംഗത്വം സ്വീകരിച്ചു.

‘ഇന്നു ബിജെപിയുടെ അന്ത്യത്തിനായി കാഹളം മുഴങ്ങിക്കഴിഞ്ഞു. ബിജെപി രാജ്യത്തെയും സംസ്ഥാനത്തെയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്, അവരുടെ കണ്ണിൽ പൊടിയിടുകയും ജനങ്ങളെ ചൂഷണം ചെയ്യുകയും ചെയ്തു. ഇനി അത് അനുവദിക്കരുത്. ഉത്തർപ്രദേശിനെ ചൂഷണത്തിൽനിന്ന് മോചിപ്പിക്കണം.’– എസ്പി അംഗത്വം സ്വീകരിച്ചുകൊണ്ടുള്ള ചടങ്ങിൽ സ്വാമി പ്രസാദ് മൗര്യ പറഞ്ഞു.

ചൊവ്വാഴ്ചയാണ്, ഒബിസി വിഭാഗത്തിൽനിന്നുള്ള സ്വാമി പ്രസാദ് മൗര്യ രാജി പ്രഖ്യാപിച്ചത്. മൂന്നു ദിവസത്തിനിടെ, മൂന്നു മന്ത്രിമാരടക്കം ഒൻപത് ബിജെപി എംഎൽഎമാരാണ് യുപിയിൽ രാജിവച്ചത്. സ്വാമി പ്രസാദ് മൗര്യയ്ക്കു കൂറുപ്രഖ്യാപിച്ചായിരുന്നു മിക്കവരുടെയും രാജി. ധരം സിങ് സയ്നി ഇന്നലെയാണ് രാജിവച്ചത്. ദാരാ സിങ് ചൗഹാനാണ് രാജിവച്ച മറ്റൊരു മന്ത്രി.

MORE IN INDIA
SHOW MORE