മുറിയിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ കുരങ്ങുകൾ വാട്ടർടാങ്കിൽ എറിഞ്ഞു കൊന്നു

യുപിയിലെ ബാഗ്പത്തിൽ നിന്നും കുരങ്ങുശല്യവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന സംഭവം. ബാഗ്പത്തിലെ വീടിന്റെ രണ്ടാം നിലയിലുള്ള മുറിയിൽ ഉറങ്ങിക്കിടന്ന കേശവ് കുമാറെന്ന രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ പ്രദേശത്തുള്ള ചില കുരങ്ങുകൾ വാട്ടർ ടാങ്കിൽ എറിഞ്ഞു. വെള്ളത്തിൽ ശ്വാസം കിട്ടാതെ കുഞ്ഞ് മരിക്കുകയും ചെയ്തു. മുത്തശ്ശിക്കൊപ്പമാണ് ടെറസിനോടു ചേർന്നുള്ള റൂമിൽ രാത്രി കുഞ്ഞ് ഉറങ്ങിക്കിടന്നത്. മുറിയുടെ വാതിൽ അടച്ചിരുന്നില്ല. ഇതിലൂടെയാണു കുരങ്ങൻമാർ പ്രവേശിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കുട്ടിയെ കുരങ്ങൻമാർ തട്ടിയെടുത്ത വിവരം മുത്തശ്ശി അറി‍ഞ്ഞിരുന്നില്ല. കുറച്ചു മണിക്കൂറുകൾക്കു ശേഷം കുഞ്ഞിന്റെ മൃതശരീരം വാട്ടർ ടാങ്കിൽ പൊങ്ങിക്കിടക്കുന്നതായാണു കണ്ടത്.

ബാഗ്പതിലെ ദമ്പതികളായ പ്രി‍ൻസിന്റെയും കോമളിന്റെയും മകനാണ് കേശവ് കുമാർ. മുൻപും കുരങ്ങൻമാർ തങ്ങളുടെ ഏക മകനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയിരുന്നെന്ന് ഇവർ പറയുന്നു. ഇതു കണ്ടോടി വന്ന ബന്ധുക്കളാണ് അന്നു കുട്ടിയെ രക്ഷിച്ചത്. ഇരുട്ടിന്റെ മറപറ്റി വീണ്ടും തങ്ങളുടെ മകനെ അന്വേഷിച്ചു കുരങ്ങൻമാർ വരുമെന്നു തങ്ങൾ പ്രതീക്ഷിച്ചിരുന്നില്ലെന്നു കോമൾ പറയുന്നു. പൊലീസ് സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. കുരങ്ങൻമാർ കുട്ടിയുമായി ഒരു ടെറസിൽ നിന്നു മറ്റൊന്നിലേക്കു ചാടുന വിഡിയോ ദൃശ്യങ്ങൾ ഇവർക്ക് കിട്ടി. കൈക്കുഞ്ഞിന്റെ മരണം ബാഗ്പത്തിലെ ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. പ്രദേശത്ത് പല തവണയായി കുരങ്ങൻമാരുടെ ശല്യം കലശലാണെന്ന് ഇവർ പറയുന്നു. ഇക്കാര്യം നേരത്തെ തന്നെ തദ്ദേശ ഭരണകൂടങ്ങളോട് പരാതിപ്പെട്ടിരുന്നെന്നും ആളുകൾ പറയുന്നു.

കഴിഞ്ഞ വർഷം ഡിസംബറിൽ, കുരങ്ങിൻ കുട്ടിയെ നായ്ക്കൾ കടിച്ചുകൊന്നതിൽ രോഷാകുലരായി കുരങ്ങുകൾ നായ്ക്കൾക്കെതിരെ മഹാരാഷ്ട്രയിൽ അഴിച്ചുവിട്ട കൂട്ടക്കൊലയുടെ വാർത്ത രാജ്യാന്തര പ്രശസ്തി നേടിയിരുന്നു.മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലുള്ള മജൽഗാവ്, ലാവൂൽ എന്നീ ഗ്രാമങ്ങളിലാണ് ഇതു നടന്നത്. നായ്ക്കളെ മരത്തിന്റെയും ഉയരമുള്ള കെട്ടിടങ്ങളുടെ മുകളിലേക്കും വലിച്ചു കയറ്റി താഴേക്ക് എറിഞ്ഞുകൊന്നാണു കുരങ്ങുകൾ കൂട്ടക്കൊല നടപ്പാക്കിയത്.250 നായ്ക്കളോളം കൊല്ലപ്പെട്ടെന്നായിരുന്നു അന്നത്തെ കണക്ക്. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും പ്രചരിച്ചു. കലിയടങ്ങാത്ത കുരങ്ങുകൾ ഗ്രാമീണരെയും ആക്രമിക്കാൻ തുടങ്ങിയതായും അന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. ജന്തുശാസ്ത്രജ്ഞൻമാർക്കിടയിൽ ഈ സംഭവം വലിയ ശ്രദ്ധ നേടുകയും അവരിൽ ചിലർ കുരങ്ങുകൾ എന്തുകൊണ്ടാകാം ഇങ്ങനെ ചെയ്തതെന്നു പഠിക്കാൻ ശ്രമിക്കുകയും ചെയ്തു.