കാലാവസ്ഥ മോശം; രണ്ടു തവണ മുന്നറിയിപ്പ് നൽകി; റോഡ് യാത്രയ്ക്കൊരുങ്ങി

കാലാവസ്ഥ മോശമായതിനാൽ യാത്ര വേണ്ടെന്നുവയ്ക്കണമെന്ന് ജനറൽ റാവത്തിനു നിർദേശമുണ്ടായിരുന്നതായി സൂചന. രാവിലെ 10നും 10.30നും രണ്ടു തവണ അദ്ദേഹത്തെ ഇക്കാര്യം അറിയിച്ചു. റോഡ് മാർഗം വെല്ലിങ്ടണിലേക്ക് പോകുന്നതിനുള്ള സന്നാഹങ്ങളും ഒരുക്കിയിരുന്നതായി സേനാ വൃത്തങ്ങൾ പറഞ്ഞു. യാത്രയുമായി മുന്നോട്ടു പോകാനുള്ള നിർദേശം റാവത്ത് തന്നെ നൽകുകയായിരുന്നോ എന്നു വ്യക്തമല്ല.

റോഡിൽനിന്ന് ഒരു കിലോമീറ്റർ ഉയരെ

ഊട്ടി കൂനൂരിന് അടുത്ത് കാട്ടേരി ഹോട്ടികൾചർ പാർക്കിനു സമീപം നഞ്ചപ്പസത്രത്തിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. റോഡിൽ നിന്ന് പടിക്കെട്ടുകളും ചെരിവും കടന്ന് മലമുകളിലേക്ക് ഒരു കിലോമീറ്ററോളം കയറിപ്പോകണം. ഇവിടെ ലക്ഷംവീടു കോളനി പോലെ സർക്കാർ നിർ‌മിച്ച 60 വീടുകളുണ്ട്. അവസാന വീട് ശങ്കർ എന്നയാളുടേതാണ്. കോളനിക്കു മുന്നിലെ വനഭാഗത്തെ കൊക്കയിൽ മരങ്ങൾക്കു മുകളിലാണ് ഹെലികോപ്റ്റർ കത്തിവീണത്. ശങ്കറിന്റെ വീടിനു മുകളിൽ കോപ്റ്ററിന്റെ ഒരു ചിറകിന്റെ കഷണം കത്തിവീണു. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.