പഞ്ചനക്ഷത്ര ഹോട്ടലിൽ വന്‍ മോഷണം; രണ്ട് കോടിയുടെ വജ്രാഭരണങ്ങൾ കവർന്നു

ചിത്രം; ഗൂഗിൾ

ആഡംബര വിവാഹത്തിനായി പഞ്ചനക്ഷത്ര ഹോട്ടലിൽ സൂക്ഷിച്ച വിലയേറിയ ആഭരണങ്ങളും പണവും അജ്ഞാതർ കവർന്നതായി പരാതി. ജയ്പൂരിലെ  ക്ലാർക്സ് അമേർ എന്ന പഞ്ചനക്ഷത്ര ഹോട്ടലിലാണ് സംഭവം. രണ്ട് കോടിരൂപ വിലമതിക്കുന്ന വജ്രാഭരണങ്ങളും പണവുമാണ് മോഷ്ടിക്കപ്പെട്ടത്. മുംബൈ വ്യവസായിയായ രാഹുൽ ഭാട്യയുടെ മകളുടെ വിവാഹത്തിനെത്തിച്ചതായിരുന്നു ആഭരണങ്ങളും പണവും.

ഹോട്ടലിന്റെ ഏഴാം നിലയിലാണ് രാഹുൽ ഭാട്യയും കുടുംബവും കഴിഞ്ഞിരുന്നത്. മുറിയിൽ സൂക്ഷിച്ച വജ്രാഭരണങ്ങളും 95000 രൂപയുമാണ് നഷ്ടപ്പെട്ടത്. സംഭവം നടക്കുമ്പോൾ കുടുംബാംഗങ്ങൾ ഹോട്ടലിലെ പുൽമൈതാനത്ത് വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുകയായിരുന്നു. ഹോട്ടൽ അധികൃതരുടെ അറിവോടെയല്ലാതെ മോഷണം നടക്കുകയില്ലെന്ന് പൊലീസിൽ നൽകിയ പരാതിയിൽ രാഹുൽ ഭാട്യ പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. ഹോട്ടൽ ജീവനക്കാരെ ചോദ്യം ചെയ്തു. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.