വരൻ മുങ്ങി; വാതിലടച്ച് വീട്ടുകാർ; വിവാഹ വസ്ത്രത്തില്‍ പ്രതിഷേധിച്ച് മുറ്റത്ത് വധു

വിവാഹ ദിവസം മുങ്ങിയ വരന്റെ വീടിന് മുന്നിൽ പ്രതിഷേധവുമായി വധു. 25 കാരിയായ യുവതി തന്റെ വിവാഹ വസ്ത്രത്തിലാണ് പ്രതിഷേധിക്കുന്നത്, ഒഡീഷയിലെ ബെർഹാംപൂരിലെ ബ്രഹ്മ നഗറിലുള്ള വരന്റെ വീടിന് മുന്നിലാണ് ഇവർ പ്രതിഷേധവുമായി ഇരിക്കുന്നത്. തിങ്കളാഴ്ചയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. അന്നുമുതൽ വധു വരന്റെ വീടിന് മുന്നിൽ പ്രതിഷേധത്തിലാണ്.

താനും കുടുംബാംഗങ്ങളും അതിഥികളും തിങ്കളാഴ്ച വിവാഹ വേദിയിൽ വരനെ കാത്തിരിക്കുകയായിരുന്നുവെന്ന് വിരമിച്ച പോലീസ് ഉദ്യോഗസ്ഥന്റെ മകളായ വധു പറഞ്ഞു. വരൻ എത്താതായതോടെ യുവതി മറ്റുള്ളവരോടൊപ്പം അയാളുടെ വീട്ടിൽ കയറാൻ ശ്രമിച്ചു. എന്നാൽ യുവാവിന്റെ മാതാപിതാക്കൾ വധുവിനെ വീട്ടിൽ കയറ്റിയില്ല. തുടർന്ന് സാമൂഹിക പ്രവർത്തകയായ പ്രമീള ത്രിപാഠിയോടൊപ്പം യുവതി പ്രതിഷേധവുമായി രംഗത്ത് എത്തുകയായിരുന്നു.

പ്രശ്‌നം പരിഹരിക്കുന്നത് വരെ ധർണ തുടരുമെന്ന് യുവതിയുടെ നിലപാട്..വരന്റെ മാതാപിതാക്കളുടെ അറിവില്ലാതെ 2020 സെപ്റ്റംബർ 7 ന് തങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്തതായി യുവതി അവകാശപ്പെട്ടു. ഡോക്ടറായ വരൻ മാതാപിതാക്കളെ സമ്മതിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ യുവതിയെ സ്വീകരിക്കാൻ തയ്യാറായില്ല. ഭർതൃവീട്ടുകാർ തന്നെ പീഡിപ്പിച്ചതായി പോലീസ് സ്‌റ്റേഷനിൽ എഫ്‌ഐആർ ഫയൽ ചെയ്‌തിട്ടുള്ളതായും യുവതി ആരോപിച്ചു. ഇരു വീട്ടുകാരും ചർച്ച നടത്തി ഹിന്ദു ആചാരപ്രകാരം വിവാഹം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും വരൻ മുങ്ങുകയായിരുന്നു. യുവതിയെ കോടതിയിലേക്ക് വിളിപ്പിച്ചതായും അവർ ഹാജരാകാതിരുന്നതായും റിപ്പോർട്ടുകളുണ്ട്.

MORE IN INDIA