രാജ്യാന്തര സർവീസുകൾ ഉടൻ സാധാരണ നിലയിലേക്ക്; നടപടി ഊർജിതമാക്കി ഇന്ത്യ

air-india-tata
SHARE

രാജ്യാന്തര വിമാനസര്‍വീസുകള്‍ പൂര്‍ണമായും സാധാരണനിലയിലാക്കാന്‍ ഒരുങ്ങി ഇന്ത്യ. ടൂറിസം മേഖലയുടെ ആവശ്യം പരിഗണിച്ച് വ്യോമയാനമന്ത്രാലയം ചര്‍ച്ചകള്‍ ആരംഭിച്ചു. വാക്സിനേഷന്‍ മെച്ചപ്പെട്ട രീതിയില്‍ മുന്നോട്ടുപോകുന്നത് നടപടികള്‍ക്ക് ഉൗര്‍ജം പകരുന്നു. എന്നാല്‍ യൂറോപ്പിലെ കോവിഡ് സാഹചര്യം ആശങ്കയാണ്. 

കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് രാജ്യാന്തര വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ചത്. എയര്‍ ബബിള്‍ കരാറുകളുടെ ഭാഗമായി ചില രാജ്യങ്ങളിലേയ്ക്ക് നിയന്ത്രണങ്ങളോടെ സര്‍വീസ് ഘട്ടംഘട്ടമായി പിന്നീട് പുനരാരംഭിച്ചു. അടുത്തമാസത്തിനകം തന്നെ സര്‍വീസ് സാധാരണ നിലയിലാക്കാനാണ് വ്യോമയാനമന്ത്രാലയത്തിന്‍റെ നീക്കം. 

ആഭ്യന്തര, വിദേശകാര്യ, ആരോഗ്യമന്ത്രാലയങ്ങളുമായി വ്യോമയാനമന്ത്രാലയം ആശയവിനിമയം ആരംഭിച്ചു. അര്‍ഹരായവരില്‍ 40 ശതമാനത്തിലധികം പേര്‍ രണ്ട് ഡോസ് വാക്സീനും സ്വീകരിച്ചത് ആത്മവിശ്വാസം നല്‍കുന്നു. നടപടികളില്‍ പുരോഗതിയുണ്ടെന്ന് വ്യോമയാന സെക്രട്ടറി രാജീവ് ബന്‍സല്‍ വ്യക്തമാക്കി. വ്യോമയാന, വിനോദസഞ്ചാര മേഖലകളിലുള്ളവര്‍ വിമാനസര്‍വീസുകള്‍ സാധാരണ നിലയിലാക്കണമെന്ന സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്. കോവിഡ് മൂലം വന്‍ നഷ്ടമാണ് നേരിടേണ്ടിവന്നത്. യൂറോപ്പില്‍ കോവിഡ് വീണ്ടും പിടിമുറുക്കുന്നത് ആശങ്കയാകുന്നുണ്ട്. ടൂറിസ്റ്റ് വീസ അനുവദിക്കുന്നത് ആഭ്യന്തരമന്ത്രാലയം പുനരാരംഭിച്ചിരുന്നു. സാധാരണ നിലയിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്താലും സര്‍വീസുകള്‍ പൂര്‍ണതോതില്‍ പുനരാരംഭിക്കാന്‍ സമയമെടുക്കുമെന്നാണ് വിമാനകമ്പനികള്‍ വ്യക്തമാക്കുന്നത്.  

MORE IN INDIA
SHOW MORE