‘25 കോടി ചോദിച്ചു, 18 കോടിക്ക് തീർപ്പാക്കി’; കുടുക്കാനുള്ള നീക്കമെന്ന് സമീർ വാങ്കഡെ

aryan-samir-new
SHARE

ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിക്കേസ് ഒത്തുതീർപ്പാക്കാൻ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) പണം ആവശ്യപ്പെട്ടെന്ന ആരോപണം നിഷേധിച്ച് ഉദ്യോഗസ്ഥർ. ഉന്നത ഉദ്യോഗസ്ഥനും ഇടനിലക്കാരനും 25 കോടി രൂപ ഷാറുഖിൽനിന്ന് ആവശ്യപ്പെട്ടെന്നാണ് സാക്ഷിയുടെ വെളിപ്പെടുത്തൽ. 25 കോടി ചോദിച്ചെങ്കിലും 18 നു തീർപ്പാക്കാമെന്നും 8 കോടി എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്ക്ക് ഉള്ളതാണെന്നും ഒത്തുതീർപ്പിനു മുൻകൈ എടുത്ത പ്രധാന സാക്ഷി കെ.പി.ഗോസാവി ഫോണിൽ പറയുന്നതു കേട്ടു എന്നാണു മറ്റൊരു സാക്ഷിയായ പ്രഭാകർ സയിലിന്റെ വെളിപ്പെടുത്തൽ.

ഗോസാവിയുടെ സുഹൃത്തായ സാം ഡിസൂസയിൽനിന്നും 38 ലക്ഷം രൂപ കൈപ്പറ്റിയത് താനാണെന്നും പ്രഭാകർ വെളിപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥർ ഒന്നും എഴുതാത്ത വെള്ളക്കടലാസിൽ ഒപ്പിട്ടുവാങ്ങിച്ചെന്നും പ്രഭാകർ പറഞ്ഞു. 

നിയമ നടപടികളെ തകിടം മറിക്കാനും തന്നെ കുടുക്കാനുമാണ് നീക്കം നടക്കുന്നതെന്നാരോപിച്ച് എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ മുംബൈ പൊലീസ് മേധാവിക്ക് കത്തയച്ചു. ഏജൻസിയെ അപകീർത്തിപ്പെടുത്താനാണ് പ്രഭാകറിന്റെ മൊഴിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അതേ സമയം, പ്രഭാകറിന്റെ വെളിപ്പെടുത്തൽ വന്നതോടെ അഭിഭാഷകനായ ജയന്ത് വസിഷ്ഠ്, ആര്യൻ ഖാനെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ആരോപിച്ച് കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചു. 

ബിജെപിയുടെ പാവയാണ് സമീർ വാങ്കഡെയെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് ആരോപിച്ചിരുന്നു. ഏതാനും വർഷങ്ങൾക്കുള്ളിൽ വാങ്കഡെയുടെ ജോലി നഷ്ടമാകുമെന്നും കള്ളക്കേസ് ചുമത്തിയതിന് തങ്ങളുടെ പക്കൽ തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

MORE IN INDIA
SHOW MORE
Loading...
Loading...