പ്രസംഗത്തില്‍ നേതാജിയെ അനുസ്മരിക്കണം; പ്രധാനമന്ത്രിക്ക് കത്തെഴുതി കുടുംബം

പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ നേതാജി സുഭാഷ് ചന്ദ്ര ബോസിനെ അനുസ്മരിക്കണമെന്ന അഭ്യര്‍ഥനയുമായി അദ്ദേഹത്തിന്‍റെ കുടുംബം. ഇതിനായി പ്രധാനമന്ത്രിക്ക് കത്തെഴുതിയതായി നേതാജിയുടെ സഹോദര പൗത്രനായ ചന്ദ്രകുമാര്‍ ബോസ് മനോരമ ന്യൂസിനോട് പറഞ്ഞു. ഇന്ത്യയുടെ ധീരപുത്രന്‍റെ ഒാര്‍മകളില്‍ ജ്വലിച്ച് നില്‍ക്കുകയാണ് കൊല്‍ക്കത്തയിലെ വീട്. 

എല്‍ഗിന്‍ റോഡിലാണ് പ്രൗഢമായ നേതാജി ഭവനം. ഈ പടികള്‍ ഇറങ്ങിയാണ് 44ാം വയസില്‍ നേതാജി പോയത്. പിന്നെ മടങ്ങിയെത്തിയിട്ടില്ല. ജയിലില്‍ തുടങ്ങിയ നിരാഹാര സത്യാഗ്രഹം ജീവനെടുക്കും എന്ന അവസ്ഥയിലെത്തിയപ്പോള്‍ ഈ വീട്ടിലെ തടവിലേയ്ക്ക് മാറ്റി. ഒരു പുല്‍ക്കൊടി അനങ്ങിയാല്‍ ബ്രിട്ടീഷ് പൊലീസ് അറിയും. മുഹമ്മദ് സിയാ ഉദ്ദീന്‍ എന്നപേരില്‍ വേഷപ്രച്ഛന്നനായി നേതാജി മരുമകന്‍ ശിശിര്‍ കുമാര്‍ ബോസിനൊപ്പം രക്ഷപ്പെട്ടു. ഹൗറ പാലം കടന്നു. ഡല്‍ഹി–കല്‍ക്കട്ട മെയില്‍ കയറി മറഞ്ഞു. നേതാജി രക്ഷപ്പെടാന്‍ ഉപയോഗിച്ച് കാര്‍ ഇപ്പോഴും മുറ്റത്തുണ്ട്. 

മുകള്‍ നിലയിലാണ് നേതാജിയുടെ മുറി. അദ്ദേഹം ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ അതുപോലെ സൂക്ഷിച്ചിരിക്കുന്നു.