ഇടവഴികൾ അടച്ചു; ഇനി 12 റോഡുകൾ മാത്രം; വീണ്ടും നിയന്ത്രണങ്ങളുമായി ദക്ഷിണ കന്നഡ

karnatakawb
SHARE

കാസർകോട് നിന്ന് ദക്ഷിണ കന്നഡ ജില്ലയിലേക്ക് ആളുകൾ പ്രവേശിക്കുന്നതിന് പലവിധ നിയന്ത്രണങ്ങളുമായി വീണ്ടും ജില്ലാഭരണകൂടം. കാസർകോട്ടേയ്ക്കുള്ള  12 റോഡ് ഒഴികെ ബാക്കിയെല്ലാം അടച്ചു. മംഗളൂരു സർവകലാശാലയുടെ ബിരുദ പരീക്ഷകൾ നിർത്തിവച്ചു. കാസർകോടിനോട് ചേർന്നുകിടക്കുന്ന എല്ലാ മദ്യവിൽപ്പന ശാലകളും അടച്ചു .തലപ്പാടിയടക്കം 12 അംഗീകൃത റോഡുകളിലൂടെ മാത്രമാണ് ഇനിമുതൽ കർണാടകയിലേക്ക് പ്രവേശിക്കാനാവുക.

എന്നാൽ കർണാടക ഹൈക്കോടതി വിധിയെയും കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശങ്ങളെയും കാറ്റിൽപ്പറത്തിയാണ് പല ഇടറോഡുകളും ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം ഇന്നലെ ഉച്ചയ്ക്ക് മണ്ണിട്ടടച്ചത്. പിന്നീട്,, ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ഇന്നലെ രാത്രിയോടെ തന്നെ മണ്ണ് മാറ്റി പകരം ബാരിക്കേഡ് വച്ച് അതിർത്തിയടച്ചു. 

പക്ഷേ ചില ഊടുവഴികൾ മണ്ണിട്ടടച്ചത് അതേപടി തന്നെ തുടരുകയാണ്. മംഗളൂരു സർവകലാശാല ബിരുദ പരീക്ഷകൾ മാറ്റിവച്ചതോടെ  നൂറുകണക്കിന് മലയാളി വിദ്യാർഥികൾക്ക് ഇനി അതിർത്തി കടക്കേണ്ട. തിങ്കളും ചൊവ്വയുമായി ഇതിനകം രണ്ട് പരീക്ഷകളാണ് നടന്നത്. കാസർകോട് നിന്ന് ആളുകൾ മദ്യം വാങ്ങാനെത്തുന്നത് തടയാൻ കേരള അതിർത്തിയിലെ 29 മദ്യവിൽപ്പന ശാലകൾ ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം അടച്ചു. മദ്യവിൽപ്പന ശാലകളും ബാറുകളും കള്ളുഷാപ്പുകളുമടക്കമാണ് അനിശ്ചിതകാലത്തേക്ക് അടച്ചത്. അതിനിടെ തലപ്പാടി അതിർത്തിയിൽ ഇന്ന് സ്ഥിതി ശാന്തമാണ്. രണ്ടുദിവസമായി കർശന പരിശോധനയുള്ളതിനാൽ  യാത്രക്കാരുടെ എണ്ണം കുറവാണ്.

MORE IN INDIA
SHOW MORE
Loading...
Loading...