സ്കൂളുകൾ തുറന്ന് പഞ്ചാബ് സർക്കാർ; 10,11,12 ക്ലാസുകൾ തുടങ്ങി; മാതൃക

കോവിഡ് പ്രതിസന്ധിയോടെ അടച്ചിട്ട സ്കൂളുകളുടെ പ്രവർത്തനം ആരംഭിച്ച് പഞ്ചാബ്. 10,11,12 ക്ലാസുകളാണ് ആദ്യ ഘട്ടത്തിൽ ആരംഭിച്ചിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ മേഖലകളിലെയും സ്കൂളുകളും തുറക്കാനുള്ള അനുമതി സർക്കാർ നൽകിയിരുന്നു. കർശനമായി കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് പ്രവർത്തനം. കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെയാണ് സ്കൂളുകൾ അടച്ചത്.

രണ്ട് ഡോസ് വാക്‌സിനെടുത്ത അധ്യാപകർക്കും ജീവനക്കാർക്കും മാത്രമാണ് സ്‌കൂളുകളില്‍ ഹാജരാകാന്‍ സർക്കാർ അനുവാദം നൽകുന്നത്. സാമൂഹിക അകലം പാലിച്ചാണ് കുട്ടികളെ ക്ലാസിൽ ഇരുത്തുന്നത്. ഒരുപാട് നാളുകൾക്ക് ശേഷം അധ്യാപകരെയും കൂട്ടുകാരെയും നേരിട്ട് കണ്ടതിന്റെ സന്തോഷം വിദ്യാർഥികളും പങ്കുവയ്ക്കുന്നു. മാസ്ക്, സാനിട്ടെസർ, തെര്‍മല്‍ സ്‌കാനിങ് എന്നിവ എല്ലാ സ്കൂളുകളിലും ഒരുക്കിയിട്ടുണ്ട്.  ഇതിനൊപ്പം ഓൺലൈൻ ക്ലാസുകളും സജീവമായി നടക്കുന്നുണ്ട്.