ഇന്ത്യയിലെ കോവിഡ് മരണങ്ങൾ 49 ലക്ഷം വരെ; ഞെട്ടിക്കുന്ന കണക്കുമായി റിപ്പോർട്ട്

ഇന്ത്യയിൽ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 49 ലക്ഷം വരെ ആയിരിക്കാമെന്നു പുതിയ പഠനം. ഔദ്യോഗിക കണക്കുകളേക്കാൾ ലക്ഷക്കണക്കിനധികം ആളുകള്‍ മരിച്ചിരിക്കാമെന്നാണു തെളിവുകൾ നിരത്തി പഠനത്തിൽ അവകാശപ്പെടുന്നത്. വാഷിങ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഗ്ലോബല്‍ ഡെവലപ്മെന്റ്, ഇന്ത്യയുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യനുമായി ചേര്‍ന്നു തയാറാക്കിയ റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്.

2021 ജൂൺ മുതലുള്ള വിവിധ കാരണങ്ങളാൽ മരണപ്പെടുന്നവരെയെല്ലാം ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക കണക്കുകൾ‌ പ്രകാരം ഇന്ത്യയിൽ ഇതുവരെ 4,14,000 പേർ കോവിഡ് ബാധിച്ചു മരിച്ചിട്ടുണ്ട്. കോവിഡ് മരണങ്ങളുടെ എണ്ണത്തിൽ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. യുഎസും ബ്രസീലുമാണ് ഇക്കാര്യത്തിൽ മുന്നിൽ. കഴിഞ്ഞ ഏപ്രിൽ, മേയ് മാസങ്ങളിലാണ് രാജ്യത്ത് കോവിഡ് വ്യാപകമായി പടർന്നു പിടിച്ചതും ആരോഗ്യ സംവിധാനങ്ങളെല്ലാം പ്രതിസന്ധിയിലായതും.

മേയ് മാസത്തിൽ മാത്രം രാജ്യത്ത് മരിച്ചത് 1,70,000 പേരാണെന്നാണ് ഔദ്യോഗിക കണക്ക്. ദശലക്ഷക്കണക്കിന് ആളുകൾ മരിച്ചിട്ടുണ്ടാകാമെന്നതു വ്യക്തമാണെന്നു റിപ്പോർട്ടിൽ പറയുന്നു. മരിച്ചവരുടെ എണ്ണത്തിലെ ബാഹുല്യം 34 ലക്ഷത്തിനും 49 ലക്ഷത്തിനും ഇടയിലാകാമെന്നാണു റിപ്പോർട്ട് കണക്കുകൂട്ടുന്നത്. ഇന്ത്യയിലെ മരണനിരക്ക് സംബന്ധിച്ച് മൂന്ന് വ്യത്യസ്ത തരത്തിലുള്ള ഡേറ്റയാണ് പഠനത്തിന് ഉപയോഗിച്ചിരിക്കുന്നത്. കോവിഡ് വ്യാപിക്കുന്നതിന് മുൻപ് രാജ്യത്തെ മരണനിരക്കുമായി താരതമ്യം ചെയ്താണ് കോവിഡ് മരണങ്ങൾ തിട്ടപ്പെടുത്തിയത്.