ദിഗ്‍വിജയ് സിങ്ങിന്റെ കശ്മീർ പരാമർശം: വിവാദം കത്തുന്നു

Digvijay-Singh
SHARE

ജമ്മുകശ്മീരിന്‍റെ പ്രത്യേക ഭരണഘടന പദവി റദ്ദാക്കിയത് പുനപരിശോധിക്കുമെന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‍വിജയ് സിങ്ങിന്‍റെ പരാമര്‍ശത്തില്‍ വിവാദം കത്തുന്നു. പാക്കിസ്ഥാന്‍റെ ഭാഷയിലാണ് കോണ്‍ഗ്രസ് സംസാരിക്കുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി. ദിഗ്‍വിജയ് സിങ്ങിന്‍റെ പരാമര്‍ശം ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രി ഫറൂഖ് അബ്ദുല്ല സ്വാഗതം ചെയ്തു. 

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയത് പുനപരിശോധിക്കുമെന്ന് പാക്കിസ്ഥാന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഷഹ്സേബ് ജിലാനി അടക്കം പങ്കെടുത്ത ക്ലബ് ഹൗസ് ചര്‍ച്ചയിലായിരുന്നു ദിഗ്‍വിജയ് സിങ് പറഞ്ഞത്. ഭരണഘടന പദവി റദ്ദാക്കിയപ്പോള്‍ കശ്മീരില്‍ ജനാധിപത്യമുണ്ടായിരുന്നില്ലെന്നും ദിഗ്‍വിജയ് സിങ് ആരോപിച്ചു. എല്ലാവരെയും കേന്ദ്രസര്‍ക്കാര്‍ തടവിലാക്കി. ഹിന്ദു രാജാവ് ഭരിച്ച മുസ്‍ലിം ഭൂരിപക്ഷ പ്രദേശമായിരുന്ന കശ്മീരിന്‍റെ സഹവര്‍ത്തിത്വം മോദി സര്‍ക്കാര്‍ തകര്‍ത്തെന്നും ദിഗ്‍വിജയ് സിങ് അഭിപ്രായപ്പെട്ടു. പ്രസ്താവന കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി. കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും കടന്നാക്രമിച്ചു. 

കോണ്‍ഗ്രസിന്‍റെ നേതാക്കളും പാക്കിസ്ഥാനും ഒരേ തൂവല്‍പ്പക്ഷികളാണെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ശെഖാവത്ത് പ്രതികരിച്ചു. മോശം ഭരണവും, വിശ്വാസ്യതയില്ലായ്മയും കശ്മീരിനെ ഇന്ത്യയില്‍ മോചിപ്പിക്കണമെന്ന ആഗ്രഹുമാണ് ഇരുവര്‍ക്കുമുള്ളതെന്നും ശെഖാവത്ത് കൂട്ടിച്ചേര്‍ത്തു. കശ്മീര്‍ ജനതയുടെ ആഗ്രഹം തിരിച്ചറിഞ്ഞ് പ്രതികരിച്ചതിന് ദിഗ്‍വിജയ് സിങ്ങിനോട് നന്ദിയുണ്ടെന്ന് ഫറൂഖ് അബ്ദുല്ല പറഞ്ഞു. പിന്‍വലിക്കുമെന്ന് പറയുന്നതിലെയും പരിശോധിക്കുമെന്ന് പറയുമെന്നതിലെയും വ്യത്യാസം വിവരദോഷികള്‍ക്ക് അറിയില്ലെന്ന് വിവാദങ്ങള്‍ക്ക് ദിഗ്‍വിജയ് സിങ് മറുപടി നല്‍കി. 

MORE IN INDIA
SHOW MORE
Loading...
Loading...