‘ഞാനിവിടെ നിരാശനാണ്’; ബിജെപിയിൽ നിന്നും തിരിച്ചൊഴുക്ക്; ബംഗാളിൽ ഘർ വാപസി?

mamtha-tmc-bjp-bengal
SHARE

ബംഗാളിൽ ബിജെപിയിലേക്കു ചേക്കേറിയതിൽ ഖേദപ്രകടനവുമായി മുൻ തൃണമൂൽ കോൺഗ്രസ് എംഎൽഎ. ദീപേന്ദു ബിശ്വാസ്, സോണാലി ഗുഹ, തുടങ്ങിയ നേതാക്കൾക്കു പിന്നാലെ മുൻ ഉത്തർപാര എംഎൽഎ പ്രബിർ ഘോഷാലാണു ബിജെപിയിലെ അസംതൃപ്തിക്കെതിരെ തുറന്നടിച്ചത്. ‘കഴിഞ്ഞ ദിവസം അമ്മ മരിച്ചപ്പോൾ തൃണമൂൽ എംപി കല്യാൺ ബന്ധോപാദ്ധ്യായ്, എംഎൽഎ കാഞ്ചൻ മുല്ലിക് എന്നിവർ വിളിച്ചു. മുഖ്യമന്ത്രി മമതാ ബാനർജി അനുശോചന സന്ദേശം അയച്ചു. അതേസമയം ബിജെപിയുടെ പ്രാദേശിക നേതാക്കൾ മാത്രമാണ് അനുശോചനം അറിയിച്ചത്. അവഗണനയിൽ നിരാശയുണ്ട്–’ ബിശ്വാസ് പറഞ്ഞു.

ഏറ്റവും അനിവാര്യമായ സമയത്ത് കുടുംബത്തിനു സഹായഹസ്തവുമായെത്തിയ മമതാ ബാനർജിക്കു ബിജെപി ദേശീയ വൈസ് പ്രസിഡന്റ് മുകുൾ റോയിയുടെ മകൻ ശുഭ്രാങ്സു റോയിയും സമൂഹമാധ്യമത്തിലൂടെ കടപ്പാട് അറിയിച്ചു. ഇതോടെ ബംഗാളിൽ കൂടുതൽ രാഷ്ട്രീയ നീക്കങ്ങൾ ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായി.

‘ആളുകളെ വിഭജിച്ചുകൊണ്ടുള്ള രാഷ്ട്രീയത്തെ ബംഗാൾ സ്വീകരിക്കില്ല. ഇക്കാര്യം എനിക്കു മനസ്സിലായി. രാഷ്ട്രീയത്തിൽ എന്തും സാധ്യമാണ്–’ ശുഭ്രാങ്സു കഴിഞ്ഞ ദിവസം പറഞ്ഞു. ശുഭ്രാങ്സുവിന്റെ അമ്മ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മുകുൾ റോയിയും കോവിഡ് പോസിറ്റീവാണ്. മമതയുടെ അനന്തരവനും തൃണമൂൽ എംപിയുമായ അഭിഷേക് ബാനർജി ഇവരെ ആശുപത്രിയിൽ സന്ദർശിച്ചത് ബിജെപി ക്യാംപിനെ ആശങ്കയിലാഴ്ത്തിയിരുന്നു. മമതയുടെ വിശ്വസ്തനായിരുന്ന മുകുൾ റോയി പാർട്ടിയിലേക്കു മടങ്ങയേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

എന്നാൽ അഭിഷേക് ബാനർജിയുടെ സന്ദർശനത്തിൽ അസ്വാഭാവികത ഇല്ലെന്നും നിർണായക സമയത്തു പാർട്ടി വിട്ടു ബിജെപിയിലേക്കു പോയവരെ തിരികെ കൊണ്ടുവരേണ്ടതില്ലെന്നുമുള്ള നിലപാടിലാണു തൃണമൂൽ നേതാക്കൾ. പാർട്ടിയിലേക്കു മടങ്ങിവരാൻ (ഘർ വാപസി) ആഗ്രഹം പ്രകടിപ്പിച്ചവരുടെ കാര്യത്തിൽ സ്വീകരിക്കുന്ന നിലപാടിനെക്കുറിച്ച് തൃണമൂൽ കോൺഗ്രസ് മൗനം തുടരുകയാണ്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം മമതാ ബാനർജിയുടേതായിരിക്കുമെന്നും തൃണമൂൽ നേതാക്കൾ പറഞ്ഞു.

MORE IN INDIA
SHOW MORE
Loading...
Loading...