ബംഗാളിൽ മുൻകൈ നേടി തൃണമൂൽ; പക്ഷെ, മമത 8106 വോട്ടിനു പിന്നിൽ

ശക്തമായ തിരഞ്ഞെടുപ്പ് പോരാട്ടത്തിനു വേദിയായ ബംഗാളിൽ ആകെയുള്ള 294 സീറ്റുകളിൽ 250ൽ അധികം സീറ്റുകളിലെ ഫലസൂചനകൾ പുറത്തുവരുമ്പോൾ ഭരണകക്ഷിയായ ത‌ൃണമൂൽ കോൺഗ്രസിന് നേരിയ മുൻതൂക്കം. വോട്ടെണ്ണലിന്റെ ആരംഭം മുതൽ ഒപ്പത്തിനൊപ്പമുള്ള ബിജെപിയെ പിന്നിലാക്കി തൃണമൂൽ നേരിയ മുൻതൂക്കം നേടി. 284 സീറ്റുകളിലെ ഫലസൂചനകളിൽ 151 സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് മുന്നിലാണ്. ബിജെപിക്ക് 127 സീറ്റുകളിൽ ലീഡുണ്ട്. നാലിടത്ത് കോൺഗ്രസ് – ഇടത് സഖ്യവും മുന്നിലാണ്. അതേസമയം, ബംഗാളിലെ നന്ദിഗ്രാമിൽ രണ്ടു റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ മമത ബാനർജി പിന്നിലാണ്. ബിജെപിയിലേക്ക് ചേക്കേറിയ മമതയുടെ പഴയ വിശ്വസ്തൻ കൂടിയായ സുവേന്ദു അധികാരി ഇവിടെ 4997 വോട്ടിനു മുന്നിൽ.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ നേതൃത്വത്തിൽ ബിജെപിയും, മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസും നേർക്കുനേർ പോരടിച്ച തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. അതുകൊണ്ടുതന്നെ ഫലം ഇരു കൂട്ടർക്കും ഒരുപോലെ നിർണായകം. ഇവർക്കൊപ്പം പരാമവധി സീറ്റു സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെ ഇടതു പാർട്ടികളും കോൺഗ്രസും ഉൾപ്പെടുന്ന സഖ്യവുമുണ്ട്. ആകെ 294 സീറ്റുകളുള്ള ബംഗാൾ നിയമസഭയിലേക്ക് എട്ടു ഘട്ടങ്ങളിലാണ് വോട്ടെടുപ്പു നടന്നത്. ഏപ്രിൽ 29നായിരുന്നു അവസാന ഘട്ട വോട്ടെടുപ്പ്. അധികാരത്തിൽ ഹാട്രിക് ലക്ഷ്യമിട്ടാണ് മമതാ ബാനർജിയും തൃണമൂൽ കോൺഗ്രസും ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ആകെയുള്ള 294 സീറ്റുകളിൽ 200ൽ അധികം സീറ്റുകൾ നേടി വൻ അട്ടിമറിയാണ് ബിജെപി ലക്ഷ്യമിടുന്നത്.